ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി മലയാളിയായ അഡ്വ. റോസാരിയോ ടോം തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ അക്കാദമിക് പാരമ്പര്യമുള്ള സർവകലാശാലയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയാണ് റോസാരിയോ. 16,000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ ഈ നേട്ടം മലയാളി സമൂഹത്തിലും വിദ്യാർത്ഥി രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന റോസാരിയോ, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. തുടർന്ന് യുകെയിലെ പഠനകാലത്തും അക്കാദമിക രംഗത്തും വിദ്യാർത്ഥി നേതൃത്വത്തിലും മുന്നേറിയ അദ്ദേഹം എംബിഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുകയും ചെയ്തിരുന്നു.

റോസാരിയോയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. സ്വതന്ത്ര ചിന്തയും രാഷ്ട്രീയ ബോധവുമുള്ള യുവാക്കളെ വളർത്തിയെടുക്കുന്നതിന്റെ ഉദാഹരണമാണ് റോസാരിയോയുടെ വിജയമെന്ന് അദ്ദേഹം കുറിച്ചു. വ്യക്തിപരമായി അടുത്തറിയുന്ന ഒരാളായ റോസാരിയോയുടെ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ആശംസ അറിയിച്ചു.