പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വന്നതിന് പിന്നാലെ സന്തോഷം അറിയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയറിയിക്കുന്നുവെന്ന് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം മാത്രം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു – രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.

വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി.

രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി തല്‍ക്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.