ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയല്‍ മെയില്‍ വര്‍ദ്ധിപ്പിച്ചു. ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2പെന്‍സ് മുതല്‍ 3 പെന്‍സ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തപാല്‍ സേവനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക് വര്‍ദ്ധനവെന്ന് റോയല്‍ മെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളെ വലിയ രൂപത്തില്‍ ബാധിക്കാത്ത വിധത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്നും റോയല്‍ മെയില്‍ പറഞ്ഞു. പുതുക്കിയ സ്റ്റാമ്പ് നിരക്കുകള്‍ മാര്‍ച്ച് 26ഓടെ നിലവില്‍ വരും.

യുറോപ്പിലെ മറ്റേതു തപാല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാമ്പുകളേക്കാളും റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ക്കാണ് മൂല്യം കൂടുതലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന തപാല്‍ സര്‍വ്വീസുകളിലൊന്നാണ് യുകെയ്ക്ക് സ്വന്തമായുള്ളതെന്നും റോയല്‍ മെയില്‍ കൂട്ടിച്ചേര്‍ത്തു. 2006നു ശേഷം ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില ഏതാണ്ട് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകള്‍

ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 67 പെന്‍സ് വരെ
സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 58 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 101 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 79 പെന്‍സ് വരെ