ബിജു ഗോപിനാഥ്

വളർന്നുവരുന്ന തലമുറയെ ലക്ഷ്യമാക്കി സമീക്ഷ യുകെ രൂപകൽപന ചെയ്ത *സമീക്ഷ സ്റ്റെപ്സ് 2020 * എന്ന പരിപാടിയുടെ ഉദ്‌ഘാടനവും ആദ്യ അവതരണവും ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടന്നു. 8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നൂറിലേറെ കുട്ടികളും യുവവിദ്യാര്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് വൻവിജയം ആയിരുന്നു. ജിജു സൈമൺ , സീമ സൈമൺ , ആഷിക് എന്നിവർ നേത്രത്വം നൽകിയ പരിപാടിയിൽ യുകെ യിലെ അറിയപ്പെടുന്ന ട്രെയ്‌നറും ഇംഗ്ലണ്ട് ഹോക്കി ടീമിൻറെ മനഃശാസ്ത്ര പരിശീലകനുമായ ശ്രീ . പോൾ കൊണോലി , കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തിൽ പണ്ഡിതയും എഴുത്തകാരിയുമായ ഡോ . സീന പ്രവീൺ എന്നിവർ ക്ലാസുകൾ എടുക്കുകയും സംശയങ്ങൾക്കു മറുപടി പറയുകയും ചെയ്തു . പങ്കെടുത്തവരെ വിവിധ ഗ്രൂപ്പുകളാക്കി ടീം ബിൽഡിംഗ് , ലീഡര്ഷിപ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗെയിംസ് വളരെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നു. ടീം ഡയനാമിൿസ് , മോട്ടിവേഷൻ , പേഴ്സണാലിറ്റി ഡെവലെപ്മെന്റ്‌ എന്നിവയെ ആസ്പദമാക്കി ശ്രീ. പോൾ കൊണോലിയും , ചൈൽഡ് സൈക്കോളജി , മെന്റൽ ഹെൽത്ത് , സ്ട്രെസ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോ . സീനയും സംസാരിച്ചു .

വിവിധങ്ങളായ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും അവരുടെ ആശയങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള Meet the Stars എന്ന പരിപാടി മറ്റൊരു മുഖ്യ ആകര്ഷണമായിരുന്നു . നടാഷ സേത് , ഐബിൻ ബേബി ,ആര്യ ജോഷി , ജെറോൺ ജിജു സൈമൺ , തെരേസ വര്ഗീസ് , മാനുവൽ വർഗീസ് എന്നിവർ തങ്ങളുടെ വിജയ രഹസ്യങ്ങൾ പങ്കുവെച്ചു . അതിനു ശേഷം നടന്ന കരിയർ ഗൈഡൻസ് സെഷൻ വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

പരിപാടിയുടെ ആമുഖമായി സമീക്ഷ നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ ജാതിമതരാഷ്ട്രീയ ഭേദമന്യേ പുരോഗമന ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന സമീക്ഷയെകുറിച്ചും സമീക്ഷ നടത്താൻ ഉദ്യേശിക്കുന്ന പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും സ്റ്റെപ്സ് 2020  യുടെ ഭാഗമാകാൻ എത്തിചേർന്ന എല്ലാവർക്കും സമീക്ഷ നാഷണൽ കമ്മിറ്റിയുടെ പേരിൽ നന്ദി പറയുകയും ചെയ്തു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി , ജോ.സെക്രട്ടറി ജയൻ എടപ്പാൾ , നാഷണൽ കമ്മിറ്റി അംഗം പ്രവീൺ രാമചന്ദ്രൻ , സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് പ്രസിഡന്റ്‌ കെ ഡി ഷാജിമോൻ, ബ്രാഞ്ച് സെക്രട്ടറി ജോസഫ് ഇടിക്കുള, എ ഐ സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് പണിക്കർ, തുടങ്ങിയവർ പരിപാടിയുടെ വിജയത്തിന് മേൽനോട്ടം വഹിച്ചു.
സമീക്ഷ സ്റ്റെപ്സ് 2020 യെകുറിച്ചു വളരെ നല്ല ഫീഡ്ബാക്ക് ആണ് പരിപാടിയിൽ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും നൽകിയത് , ഇത് സംഘടനയുടെ ഭാവിപരിപാടികൾക്കു ഉത്തേജനം പകരുമെന്ന് സമീക്ഷ നേതാക്കൾ പറഞ്ഞു. സ്റ്റെപ്സ് 2020 പ്രോഗ്രാം യുകെ യു ടെ വിവിധ പ്രദേശങ്ങളിൽ നടത്താൻ സമീക്ഷ തീരുമാനിച്ചിട്ടുണ്ടെന്നും അവർ കൂട്ടിചേർത്തു.