നിലമ്പൂര്‍; തന്റെ പ്രണയിനി ക്യാന്‍സര്‍ ബാധിതയാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചു നടന്ന ചെറുപ്പക്കാരന്‍ സച്ചിന്‍ കുമാറിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സച്ചിന്റെയും ഭവ്യയുടെയും വിവാഹം അന്ന് സോഷ്യല്‍ മീഡിയ അടക്കം കയ്യടികളോടെയാണ ആഘോഷിച്ചത്. ഇന്ന് ഈ പ്രളയകാലത്തും നിലമ്പൂര്‍ സ്വദേശിയായ സച്ചിന്‍ ദുരന്ത ഭൂമിയില്‍ നിന്നുകൊണ്ട് വീണ്ടും മാതൃകയാകുകയാണ്. തന്റെ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റുകിട്ടുന്ന കാശ് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ ഈ ചെറുപ്പക്കാരന്‍.

യാത്രകളെ സ്നേഹിക്കുന്ന ഭാര്യ ഭവ്യക്കും സച്ചിനും ബന്ധുക്കള്‍ സ്നേഹസമ്മാനമായി നല്‍കിയതാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബുളളറ്റ് വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് സച്ചിന്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും തന്റെ നാട് പഴയതുപോലെയാകാനും ബുള്ളറ്റ് വില്‍ക്കുകയാണെന്ന് സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും…

അതോടൊപ്പം തന്നെ വായിച്ചെടുക്കാം ശരണ്യയുടെ സംഭവനയും…..

ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയില്‍ നിന്ന് പതിനായിരം രൂപയാണ് ഈ താരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് .

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്… തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.