അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഉടൻ വൈറസ് പരിശോധന നടത്താൻ ഗവൺമെന്റ് പദ്ധതിയിടുന്നു. ലണ്ടനിലെ വൈറസ് വ്യാപന തോത് ക്രമാതീതമായി ഉയർന്ന കാര്യം കഴിഞ്ഞ ദിവസം മലയാള യുകെ റിപ്പോർട്ട് ചെയ്തിരുന്നു. പല 3 ടയർ നിയന്ത്രണങ്ങളുള്ള നഗരങ്ങളേക്കാൾ കൂടുതൽ രോഗവ്യാപന നിരക്ക് ലണ്ടനിൽ രേഖപ്പെടുത്തിയിരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനത്തിന് കൗമാരക്കാർ കാരണമാകുന്നെന്ന സൂചനകളെ തുടർന്നാണ് സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് വൈറസ് പരിശോധന നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന റാപ്പിഡ് ലാറ്ററൽ ടെസ്റ്റാണ് വിദ്യാർഥികൾക്കിടയിൽ നടപ്പിലാക്കുക. ലണ്ടനിൽ വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരിക്കുന്ന ഹേവറിംഗും ബാർക്കിംഗും ഡാഗെൻഹാമും ഉൾപ്പെടെയുള്ള ഏഴ് പ്രദേശങ്ങളിലെ സ്കൂളുകളിലായിരിക്കും പരിശോധന ആദ്യം നടത്തുക.

ഇതോടൊപ്പം തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി വെയിൽസിലെ എല്ലാ സെക്കൻഡറി സ്കൂളുകളും കോളേജുകളും തിങ്കളാഴ്ചമുതൽ അടയ്ക്കാൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് തുടർപഠനത്തിനായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. രോഗം പടരുന്നത് തടയുന്നതിനുള്ള തീവ്രശ്രമത്തിൻെറ ഭാഗമായിട്ടാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി കിർസ്റ്റി വില്യംസ് അറിയിച്ചു.


വെയിൽസിലെ ചില സ്ഥലങ്ങളിൽ വൈറസ് വ്യാപന നിരക്ക് കൂടുന്നത് സ്ഥിതി വഷളാവാൻ സാധ്യതയുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് കർശനമായ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് വെയിൽസിൽ ഒരു ലക്ഷം ആളുകൾക്ക് 370 കേസുകൾ എന്ന നിരക്കിൽ കോവിഡ് വ്യാപന തോത് ഉയർന്നു. പോസിറ്റീവ് ടെസ്റ്റ് നിരക്ക് ഇപ്പോൾ 17 ശതമാനമാണ്. അതേസമയം വെയിൽസിലെ ആർ നിരക്ക് 1.27 ആയി ഉയർന്നിട്ടുണ്ട്.