സുപ്രസിദ്ധ സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത്‌ വീട്ടില്‍ ശബരിനാഥ്‌ (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട്‌ അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു.ഇതിനിടയില്‍ കുഴഞ്ഞ്‌ വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്‌ഥീകരിച്ചു.

15 വര്‍ഷമായി സീരീയില്‍ രംഗത്ത്‌ സജീവമാണ്‌. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്‌, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു.

അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്ബോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്ബരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.

അതേസമയം ശബരി നാഥിന്റെ വിയോഗം താങ്ങാനാകാതെ നടുങ്ങിയിരിക്കുകയാണ് സഹതാരങ്ങൾ. ശബരിയുടെ അകാല വിയോഗത്തില്‍ സീരിയല്‍ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കോറിയിടുകയാണ്..

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.

പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, പറയാന്‍ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച്‌ വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.

ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ മനോജ് നായർ പറഞ്ഞതിങ്ങനെയായിരുന്നു… ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്ബുന്ന പോലെ. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക്എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ .ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്‍്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും… ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്.

മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല… ആരാ ഇത് പറഞ്ഞത്” എന്ന വാക്കു കേള്‍ക്കാന്‍. പക്ഷെ നീ ഫോണ്‍ എടുത്തില്ല .എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്‍്റെ ഫേസ്ബുക്ക് പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന “വാക്കുകള്‍” ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം നീയെന്‍്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് …” വിട … ആദരാഞ്ജലി… പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി “പ്രതികാരം” ചെയ്യാന്‍ കഴിയൂ ശബരിയെന്നും മനോജ് നായര്‍ കുറിച്ചു.

വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.