ലണ്ടൻ∙ ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കേസിൽ പാക്കിസ്ഥാനു തിരിച്ചടി. കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ യുകെ ഹൈക്കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 1947ൽ ഇന്ത്യ വിഭജന സമയത്തു ലണ്ടനിലെ ബാങ്ക് അക്കൗണ്ടിൽ നിസാം നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.

ജസ്റ്റിസ് മാർകസ് സ്മിത്ത്

നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യന്‍ സർക്കാരിനോടൊപ്പം ചേർന്നു നടത്തിയ കേസിലാണു ദശാബ്ദങ്ങൾക്കുശേഷം വിജയം നേടിയത്. യുകെയിലെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ 3.5 കോടി പൗണ്ടിനെച്ചൊല്ലിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമയുദ്ധം. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അർഹതയെന്ന് ലണ്ടൻ റോയൽ കോടതി ജഡ‍്ജി ജസ്റ്റിസ് മാർകസ് സ്മിത്ത് വിധിച്ചു.

10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് 1948ൽ ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷനറുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ബാങ്കിലെ ഈ തുക‌ നിലവിൽ 3.5 കോടി പൗണ്ടായി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ, തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിസാമിന്റെ പിൻതുടർച്ചക്കാർ വാദിച്ചു. എന്നാൽ തുക തങ്ങളുടേതാണെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം.

ഇന്ത്യ വിഭജന സമയത്ത് ഹൈദരാബാദിന്റെ ഏഴാമത്തെ നിസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാൻ തയാറായിരുന്നില്ല. ഈ സമയത്താണ് സൂക്ഷിക്കുന്നതിനായി 10 ലക്ഷം പൗണ്ട് യുകെയിലെ പാക്ക് ഹൈക്കമ്മിഷണര്‍ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധങ്ങളുടെ തുകയാണ് ഇതെന്നാണ് പാക്കിസ്ഥാൻ വാദിച്ചിരുന്നത്.

എന്നാൽ പാക്കിസ്ഥാന്റെ വാദഗതിക്കു തെളിവില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തി. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.