തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്‍പി. ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് – സബ്‍ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികളുൾപ്പടെ ചിലരാണ് ഇവിടെ കുട്ടികൾ തുടർച്ചയായി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

2010-ലാണ് റഫീഖ് – സബ്‍ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.

മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ മരിച്ച ആൺകുഞ്ഞിനെ തിരൂർ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്. ബന്ധുക്കളിൽ ചിലരും അയൽവാസികളും മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനാൽ, കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്‍മോർട്ടം നടത്തുമെന്നും മലപ്പുറം എസ്‍പി അബ്ദുൾ കരീം വ്യക്തമാക്കി.

മരിച്ച കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സംശയമുയർന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.

കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്‍പി ആവശ്യപ്പെട്ടു.

അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. ”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്‍മോ‍ർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്‍മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്‍മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”, അവർ പറഞ്ഞു.