സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.

മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.