മലപ്പുറം: വിമര്‍ശിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം കനക്കുന്നു. മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ കെഎസ്യു മുന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്ല മാടശ്ശേരി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് പറയാതെ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന്‍റെ അധിക്ഷേപം. അതേസമയം തന്നെ അപമാനിച്ച ഫിറോസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജസ്ല മാടശ്ശേരി പറഞ്ഞു.

രാഷ്ട്രീയ കക്ഷിയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിനെയായിരുന്നു ജസ്ല വിമര്‍ശിച്ചത്. ഇതില്‍ നല്‍കിയ വിശദീകരണ വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷയില്‍ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്.

‘എന്നെ കുറിച്ച് വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്പോള്‍ ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ സ്ത്രീ, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, അത്തരം സ്ത്രീ എനിക്കെതിരെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യതയുള്ള ആരെങ്കിലുമാണ് ഇത് പറയുന്നതെങ്കില്‍ ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നിയേനെ.

എന്നാല്‍ അതല്ലാതെ ഒരാള്‍ക്കും ജീവിതത്തില്‍ ഉപകാരമില്ലാത്ത, അവനവന്‍റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മോശപ്പെട്ട സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നെ മാത്രമല്ല അവര്‍ പ്രവാചകനെ പോലും അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്’ എന്നായിരുന്നു ഫിറോസ് വീഡിയോയില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തന്നെ ഫിറോസിന് മറുപടിയുമായി ജസ്ലയും പ്രതികരിച്ചു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. മറിച്ച് വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോഴാണ് അത് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജസ്ല പ്രതികരിച്ചു. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നത് കൊണ്ടാണെന്നും ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കി.