രണ്ട് പതിറ്റാണ്ടുകാലം പശുത്തൊഴുത്തില്‍ ഇരുന്ന് പഠിച്ച പെണ്‍കുട്ടി ഇനി ജഡ്ജി കസേരയിലേക്ക്. ഉദയ്പൂര്‍ സ്വദേശിനി സോണല്‍ ശര്‍മ്മ എന്ന 26 കാരിയാണ് രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വിജയിച്ച് സെഷന്‍സ് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജഡ്ജിയാകാന്‍ തയ്യാറെടുക്കുന്നത്.

ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷയില്‍ സോണല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സോണലിന്റെ പിതാവ് ഖ്യാലി ലാല്‍ ശര്‍മ്മ പാല്‍ക്കാരനാണ്. അതുകൊണ്ട് തന്നെ പശുത്തൊഴുത്തില്‍ ഇരുന്നായിരുന്നു സോണലിന്റെ പഠനം മുഴുവന്‍.

പിതാവിനെ സഹായിക്കാനായി ദിവസവും രാവിലെ 4 മണിക്ക് സോണല്‍ ഉണരും. ചാണകമെല്ലാം അടിച്ചുവാരി പശുത്തൊഴുത്ത് വൃത്തിയാക്കിയ ശേഷം പാല്‍ അയല്‍പക്കത്തെല്ലാം കൊണ്ട് കൊടുക്കും.

എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച് താത്ക്കാലിക മേശയാക്കി അതിലിരുന്ന് പഠിക്കും. 10-ാം വയസ്സില്‍ തുടങ്ങിയ ഈ ശീലം ജുഡീഷ്യറി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പോലും സോണല്‍ തുടര്‍ന്നിരുന്നു. ചെറുപ്പം മുതല്‍ ചുറ്റുമുള്ള ദാരിദ്ര്യം കണ്ട് വളര്‍ന്ന സോണലിന് പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ജോലിയെന്ന നിലയില്‍ ജുഡീഷ്യല്‍ സേവനം ഇഷ്ടമായിരുന്നു.

വീട്ടിലെ പാവപ്പെട്ട പശ്ചാത്തലം മൂലം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങ്ങ് സെന്ററിലൊന്നും ചേരാന്‍ സോണലിന് സാധിച്ചില്ല. സ്വന്തമായിരുന്നു പഠിത്തം.
ദിവസവും 10-12 മണിക്കൂര്‍ പഠനത്തിന് മാറ്റിവയ്ക്കും. വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് സൈക്കിളില്‍ പോയി അവിടെയിരുന്ന് നോട്ടുകള്‍ കുറിച്ചെടുക്കും. സാമൂഹിക മാധ്യമങ്ങള്‍ അടക്കം പഠിത്തത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും ഉപയോഗിച്ചിരുന്നില്ല.

പന്ത്രണ്ടാം ക്ലാസില്‍ രാജസ്ഥാന്‍ സംസ്ഥാനത്ത് തന്നെ ഇക്കണോമിക്സില്‍ ഒന്നാമതെത്തിയ സോണല്‍ ഹിന്ദിയില്‍ അഖിലേന്ത്യ ടോപ്പറുമായി. മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാലയില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ മെഡലും ചാന്‍സിലേഴ്സ് മെഡലും നേടി സോണല്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകള്‍ പാസ്സായി.

ഖ്യാലി ലാലിന്റെ നാലു മക്കളില്‍ രണ്ടാമത്തെ മകളാണ് സോണല്‍. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന സുഹൃത്തുക്കളുടെ ചോദ്യവും കുത്തുവാക്കും വകവയ്ക്കാതെയാണ് ഖ്യാലി ലാല്‍ സോണലിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തായത്. ഇതിനു വേണ്ടി നിരവധി വായ്പകളും എടുത്തിരുന്നു. സോണലിന്റെ മൂത്ത സഹോദരി അഗര്‍ത്തല സിഎജി ഓഫീസിലെ ട്രാന്‍സ്ലേറ്ററാണ്. ഇളയ സഹോദരനും സഹോദരിയും ബിരുദ വിദ്യാര്‍ഥികളാണ്.

2018ല്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും വെറും ഒരു മാര്‍ക്കിന് കട്ട് ഓഫ് ലിസ്റ്റില്‍ നിന്ന് പുറത്താകുകയും വെയ്റ്റിങ്ങ് ലിസ്റ്റിലാകുകയും ചെയ്തു. ആദ്യം വിഷാദത്തിലായെങ്കിലും ജനറല്‍ ലിസ്റ്റിലുള്ള ഏഴ് പേര്‍ ജോയിന്‍ ചെയ്തിട്ടില്ലെന്ന വാര്‍ത്ത സോണലിന് പ്രതീക്ഷ നല്‍കി. ഈ ഏഴ് സീറ്റുകളിലേക്ക് വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്നുള്ളവരെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ സോണല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.

ഡിസംബര്‍ 23ന് സോണലിനെ തിരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ജോധ്പൂരിലെ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സോണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി സെഷന്‍സ് കോടതിയിലെത്തും. ജീവിതകാലം മുഴുവന്‍ തനിക്കായി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സുഖകരമായ ഒരു ജീവിതം നല്‍കണമെന്നതാണ് സോണലിന്റെ ലക്ഷ്യം.