ബ്രിട്ടനിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ ഗ്ളൗസ്റ്ററില്‍ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം -കെന്നാര – നസ്രാണി പാരമ്പര്യ പ്രഘോഷണവും, പ്രൗഢ ഗംഭീരവുമായി. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തില്‍ ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തിന്റെ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു ഫാ. ജോസഫ് പാലക്കലും, ഇറാഖിലെ സുറിയാനി സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു പോലുസ് ഗാജോയും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ സഭയുടെ പാരമ്പര്യ സവിശേഷതകളെ ഉദ്ദീപിക്കുന്നതായി.

അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ ആരാധനാ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു വെറോണിക് നെബേല്‍ നടത്തിയ ഗംഭീരമായ പ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ഭാരതത്തിലെ സുറിയാനി സംഗീതം ആഗോള സഭയുടെ സ്വത്താണെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വെറോണിക് ഉത്ബോധിപ്പിച്ചു. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ തനതു ആരാധനാ സംഗീത പാരമ്പര്യം സ്വായത്തമാക്കി വരും തലമുറയിലേക്ക് പകരുവാന്‍ വെറോണിക്ക് നെബേല്‍ തദവസരത്തില്‍ ആഹ്വാനം ചെയ്തു.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഉണ്ടായ അര്‍ത്ഥ വ്യത്യാസത്തിലേക്കു വിരല്‍ ചൂണ്ടുന്നതായി ഫാദര്‍ പാലക്കലിന്റെ സംഭാഷണം. ‘റൂഹാ’ എന്ന പദത്തിന് പരിശുദ്ധ ആത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ പൂര്‍ണ അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നില്ല.1970 കളില്‍ പ്രസിദ്ധ മലയാള സിനിമ ഗാനരചയിതാവായ വയലാര്‍ രാമ വര്‍മ്മ ‘മകനേ നിനക്കു വേണ്ടി’ എന്ന സിനിമയ്ക്കുവേണ്ടി ‘ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും’ എന്ന ഗാനം രചിക്കുമ്പോള്‍ പരിശുദ്ധാത്മാവ് എന്ന പദം പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും അദ്ദേഹം ‘റൂഹാ’ എന്ന പദം നിലനിര്‍ത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. ട്യൂണിനു മാറ്റമില്ലാതെ പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ ഉപയോഗിക്കാമായിരുന്നിരിക്കെ ‘റൂഹാ’ എന്ന പദം പ്രസ്തുത ഗാനത്തില്‍ നിലനിര്‍ത്തിയത് നമ്മുടെ ആരാധനാക്രമ പണ്ഡിതര്‍ക്കു ഇല്ലാതെ പോയ അദ്ദേഹത്തിന്റെ അവധാനതയെയും ഭാഷാവബോധത്തെയുമാണ് കാണിക്കുന്നത്. നമ്മുടെ സുറിയാനി സംഗീത പാരമ്പര്യം വീണ്ടെടുക്കണമെങ്കില്‍ കുടുംബ പ്രാര്‍ത്ഥനയില്‍ സുറിയാനി പദങ്ങളായ ‘റൂഹാ’ ‘കന്തീശ’ തുടങ്ങിയ പദങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുവാനും പാടാന്‍ എളുപ്പമുള്ള സുറിയാനി ഗീതങ്ങള്‍ പരിശുദ്ധ കുര്‍ബാനയില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തുകയും ചെയ്യാന്‍ പരിശ്രമിക്കണമെന്നും പാലക്കല്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു .

ആരാധനാ സംഗീത പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും, സിറോ മലബാര്‍ സഭയില്‍ ഫാദര്‍ പാലക്കലിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളെയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുക്തകണ്ഠം പ്രശംസിക്കുകയും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലെ സഭയുടെ വളര്‍ച്ചക്ക് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കടവില്‍ ചാണ്ടി കത്തനാര്‍’ സുറിയാനി സംഗീതോത്സവത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സുറിയാനി ഗീതങ്ങള്‍ ആലപിച്ചത് ആകര്‍ഷകമായി. ചെറിയ കുട്ടികളുടെ സുറിയാനി സംഗീത ആലാപനത്തിലുള്ള അതീവ താല്‍പര്യത്തില്‍ ലാവൂസ് പ്ലീന പ്രതിനിധികള്‍ ഏറെ സന്തുഷ്ടരാവുകയും അഭിനന്ദിക്കുകയും ഉണ്ടായി. കുട്ടികളുടെ സുറിയാനി ആലാപനത്തെ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവും, ഫാദര്‍ ജോസഫ് പാലക്കലും മുക്തകണ്ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ സഭാ പഠന വിഭാഗത്തിന്റെ (ക്യാറ്റക്കേസിസ് ) തലവനായ ഫാദര്‍ ജോയി വയലിലിന്റെ നേതൃത്വത്തില്‍ ഗ്ലോസ്റ്റെര്‍ സിറോ മലബാര്‍ സമൂഹമാണ് ഈ സമ്മേളനവും സംഗീതോത്സവവും വര്‍ണാഭമായി സംഘടിപ്പിച്ചത്.

മാഞ്ചസ്റ്ററും, ബെര്‍മിംഹാമും കേന്ദ്രീകരിച്ച് പാലക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട റീജണല്‍ സുറിയാനി സംഗീത ക്ലാസ്സും, സുറിയാനി ഗാനങ്ങളുടെ ആലാപനങ്ങളും നസ്രാണി പൗരാണിക ആരാധനയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പ്രോത്സാഹനമായി. പങ്കെടുത്തവരെല്ലാം കന്തീശ തുടങ്ങിയ ഗാനങ്ങള്‍ വളരെ മനോഹരമായിത്തന്നെ ആലപിക്കുകയുണ്ടായി.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ 11 മുതല്‍ നടന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും പ്രബന്ധം അവതരിപ്പിക്കുന്നതിനുമായിട്ടാണ് ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നത്. ബഹുമാനപ്പെട്ട പാലക്കല്‍ അച്ചന്റെ സഭാപരമായ പാരമ്പര്യ സംഗീത അറിവുകളും കഴിവുകളും സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ടാക്കുന്നതിലേക്കു ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപത താല്പര്യമെടുത്തു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.