സ്വന്തം ലേഖകൻ

കൊറോണ രോഗ തീവ്രതയിൽ ബുദ്ധിമുട്ടുന്ന ബ്രിട്ടനിൽ ഇരുട്ടടിയായി ക്രിസ്റ്റഫ് കൊടുങ്കാറ്റ് ആഞ്ഞു വീശിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. കൊടുങ്കാറ്റ് കാരണം കടുത്ത മഞ്ഞുവീഴ്ചയും പേമാരിക്കും ഇംഗ്ലണ്ടും വെയിൽസും സാക്ഷ്യംവഹിച്ചത്. വ്യാപകമായ വെള്ളപ്പൊക്കത്തിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്ററിലെ ഡിഡ്‌സ്ബറി, നോർത്ത്‌ഹെൻഡൻ പ്രദേശങ്ങളിലും, റൂത്തിൻ, ബാംഗൂർ-ഓൺ, നോർത്ത് വെയിൽസ്, മെർസീസൈഡിലെ മാഗൾ എന്നിവിടങ്ങളിൽ 2000 ഭവനങ്ങളിൽ നിന്നുള്ള ജനങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതായി വന്നു.

കൊടുങ്കാറ്റ് മൂലമുള്ള ദുരിതങ്ങൾ കൂടുതലായേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. രണ്ട് മാസം കൊണ്ട് പെയ്യേണ്ട മഴയാണ് കഴിഞ്ഞ 36 മണിക്കൂർ കൊണ്ട് യുകെയിൽ പെയ്തിറങ്ങിയതാണ് പ്രളയം രൂക്ഷമാകാൻ കാരണം. യുകെയിലെ പല നദികളിലും അപകടകരമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധകുത്തിവെയ്പ്പ് ഉൾപ്പെടെയുള്ള കൊറോണയ്ക്കെതിരായ പ്രവർത്തനങ്ങളെ പ്രകൃതി ദുരന്തം ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ നിന്ന് നോർത്ത് വെയിൽസിലെ റെക്സാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വാക്സിൻ സൈറ്റ് സംരക്ഷിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി കൈകൊണ്ടിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി-അസ്ട്രാസെനെക്ക വാക്‌സിൻ നിർമ്മിക്കുന്നതിനായി 400 പേരാണ് അവിടെ ജോലി ചെയ്യുന്നത്.