റ്റിജി തോമസ്

വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് .
എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു .

വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി.

എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു
.
ഒരു പൊട്ടിച്ചിരി . . . ..

കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് .

ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു .

ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി .
” എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? ” വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി .

പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ;
“ ആ . . . അയ്യോ , അമ്മേ .. ”
സത്യത്തിൽ പരിഭ്രമിച്ചുപോയി .
” നിങ്ങൾക്ക് ഞാൻ പാകമാവില്ല …! ”

ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് .

ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു .

ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു .
. – – ” എന്തൊരു പരുപരുത്ത കാലുകളാ ! ”
അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു .

– ” ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . ”

” ഏത് കുട്ടിയുടെ ? ” – .
“ സുന്ദരി – ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ … ”

“ കാണാൻ കൊളളാമോ ” പെട്ടെന്ന് ഞാൻ ചോദിച്ചു …”
“പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി …. .പരിഹസിക്കുന്നതുപോലെ.

കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു .

ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു .

മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു .

രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു .
“….ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ…. ”
ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു .

“ യ്യോ തണുക്കുന്നു… ”
അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു .
ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി .

ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി.

കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു .

” – എവിടുന്നു കിട്ടി ഈ ചെരുപ്പ് ….” .

” നിനക്ക് ചേരും…. ”
“കൊണ്ടെ കളയെടോ ”
ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി .
” ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ… ? ഒരു സുന്ദരിയുടെ”.
വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു .

തട്ടി വീഴാൻ തുടങ്ങും പോലെ – ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു .

അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി .
വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു .
” എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? ” – ”
“വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും ”

ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ?

” നിലത്തപ്പിടി തണുപ്പാ ” അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു .

അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി .

എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . .

വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു .
വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് .
എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു .

പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു .
എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി .

ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .

 

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

ചിത്രീകരണം : അനുജ കെ