ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനങ്ങൾ ഇതുവരെയും സർക്കാർ കൈകൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾ നേരിടുന്നത് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ. കോവിഡ് -19 ന് ശേഷം ഇംഗ്ലണ്ടിലെ 1.5 മില്യൺ കുട്ടികൾക്ക് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പിന്തുണ ആവശ്യമാണെന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ വിശകലനത്തിൽ കണ്ടെത്തി. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ചിന്റെ കണക്കനുസരിച്ച്, വീട്ടിൽ തന്നെ ഇരുന്നുള്ള ഓൺലൈൻ പഠനം ഫലപ്രാപ്തി ഉളവാക്കുന്നതല്ലെന്ന് തെളിഞ്ഞു.

പ്രധാനമായി അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് മടങ്ങിയെത്താൻ കൊതിക്കുന്നത്. കമ്പ്യൂട്ടറിലൂടെയുള്ള പഠനം വിരസമാണെന്നും സ്കൂളിലെത്താൻ കഴിയാത്തതിനാൽ സഹപാഠികളുടെ ചങ്ങാത്തം നഷ്ടപ്പെട്ടെന്നും പല വിദ്യാർത്ഥികളും തുറന്ന് പറഞ്ഞു. സ്കൂൾ വർക്കുകൾ വീട്ടിലിരുന്ന് ചെയ്യുന്നത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുവെന്ന് പലരും അറിയിച്ചു.

ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് -19 ന്റെ കടുത്ത പ്രതിസന്ധിയിലും നിർബന്ധിത മാസ്കുകളും സാമൂഹിക വിദൂര നിയമങ്ങളും ഉപയോഗിച്ച് ക്ലാസ് മുറികൾ തുറന്ന് പഠനം മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വിറ്റ്സർലൻഡിൽ, സെക്കൻഡറി സ്കൂളുകളിൽ മാസ്കുകൾ നിർബന്ധമാണ്. രോഗബാധിതനായ ഒരാളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ കുട്ടികൾ 10 ദിവസം വീട്ടിൽ തന്നെ കഴിയണം. പക്ഷേ ക്ലാസ് മുറികൾ എപ്പോഴും തുറന്നിരിക്കും. ഫ്രാൻ‌സിൽ എല്ലാവർക്കുമായി സ്കൂളുകൾ തുറന്നു. ആറു വയസിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാണ്. വൈകുന്നേരം 6 മുതൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും സ്കൂളുകൾ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്.

ഇറ്റാലിയൻ സർക്കാറിന്റെ പൊതു നിയമങ്ങൾ അനുസരിച്ച്, കുട്ടികൾ സ്കൂളിൽ പോകുന്നതിനുമുമ്പ് അവരുടെ താപനില പരിശോധിക്കേണ്ടതുണ്ട്. 1 മീറ്റർ സാമൂഹിക അകലം ഉള്ളതിനാൽ മാസ്ക് നിർബന്ധമല്ല. എന്നാൽ ചില മേഖലകളിൽ നിയമങ്ങൾ കർശനമാണ്. പ്രൈമറി സ്കൂളുകൾ എല്ലാം തുറന്ന് പ്രവർത്തിക്കുവാൻ സ്വീഡനും തയ്യാറായി. ശൈത്യകാല പ്രതിസന്ധി കാരണം ജർമ്മനി, അയർലൻഡ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ തങ്ങളുടെ സ്കൂളുകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഫെബ്രുവരി 14 വരെ സ്കൂളുകൾ അടച്ചിടുമെന്നാണ് ജർമനി അറിയിച്ചിരിക്കുന്നത്.