ന്യൂസ് ഡെസ്ക് മലയാളം യുകെ

ദീർഘകാലത്തിനുശേഷം തിങ്കളാഴ്ച യുകെയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുകയാണ്. വിദ്യാർഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുന്നത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്ക പരക്കെ വ്യാപകമായിട്ടുണ്ട്. അണുവ്യാപനം തടയുന്നതിനായി എല്ലാ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും വ്യാപകമായി വൈറസ് പരിശോധന നടത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ടെസ്റ്റുകളും പിന്നീട് ആഴ്ചയിൽ രണ്ട് ടെസ്റ്റും വീതം നടത്താനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 30 മിനിറ്റിനുള്ളിൽ ഫലംതരുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന കർശനനിർദേശം വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നൽകപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വൈറസ് വ്യാപനം തടയുന്നതിനായി നൽകിയിരിക്കുന്ന നിർദേശങ്ങളെക്കുറിച്ച് പല വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ലാറ്ററൽ ഫ്ലോ ടെസ്റ്റ് പെട്ടെന്ന് ഫലം തരുമെങ്കിലും കൃത്യത കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതായത് വൈറസ് വാഹകർ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ തെറ്റായ പരിശോധന ഫലവുമായി സ്കൂളുകളിൽ എത്തുന്നത് രോഗ സംക്രമണത്തിന് വഴി തുറന്നേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മണിക്കൂറോളം മാസ്ക് ധരിച്ച് ക്ലാസുകളിൽ ഇരിക്കുന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള രോഗവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ ഒട്ടേറെ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.