ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പൽച്ചാലുകളിലൊന്നും മനുഷ്യനിർമ്മിത പാതയുമായ സൂയസ് കനാലിൽ ഇരുപതിനായിരം ടൺ ഭാരവുമായി 400 മീറ്റർ നീളമുള്ള കണ്ടൈനർ കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പു തരുന്നു.

ഒരു ദിവസത്തിന് ശേഷവും ടഗ്ഗർ കപ്പലുകള്‍ ഉപയോഗിച്ച് ഇതിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൈനയിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്കുമായി പോകുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം വി എവർ ഗ്രീൻ’ എന്ന തയ് വാൻ കപ്പലാണ് കുടുങ്ങിയത്.

കോവിഡ് ആഘാതമേൽപ്പിച്ച വ്യാപാരരംഗത്തെ തകർച്ചയിൽ നിന്നും ലോകം കരകയറാൻ ശ്രമിക്കുമ്പോൾ ഒരു കപ്പലിന്റെ ദിശമാറ്റം എങ്ങനെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കും എന്നാണ് സംഭവം തെളിയിക്കുന്നത്.

യൂറോപ്പും ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയായ സൂയസിന്റെ ഇരുവശവും നിരവധി ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും പ്രശ്നം പരിഹരിക്കാൻ എന്നാണ് കരുതുന്നത്. ഈ സ്ഥിതിവിശേഷത്തെ ഗൗരവമായിട്ടാണ് സാമ്പത്തികവിദഗ്ധർ കാണുന്നത്.

കാറ്റിന്റെ ശക്തി മൂലമാണ് കപ്പൽ തിരിയാനിടയായതെന്നാണ് വിശദീകരണം. കപ്പലിന്റെ ബോവ് കനാലിന്റെ പടിഞ്ഞാറേ തീരത്ത് ഇടിച്ചുകയറുകയും കപ്പൽ നെടുകെ കുടുങ്ങിപ്പോകുകയുമായിരുന്നു.

1869-ൽ സൂയസ് കനാൽ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും ഡിമാന്‍ഡ് കൂടിയ ഈ കൃത്രിമ കപ്പൽച്ചാൽ 1962 ഓടെ വില പൂർണമായും കൊടുത്തുതീർത്ത് ഈജിപ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഈജിപ്റ്റ് ഗവണ്മെന്റിനു കീഴിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് കൈവശാവകാശവും നിയന്ത്രണവും.