പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ സമീപവാസിയായ പ്രവീണാണ് (25) മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ മൂന്ന് തവണ വിളിച്ച് ചോദ്യം ചെയ്തുവെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ യുവാവിന്റെ ആത്മഹത്യക്ക് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാളയാര്‍ അട്ടപ്പളത്ത് ജനുവരി പതിമൂന്നിന് മൂത്ത കുട്ടിയേും മാര്‍ച്ച് നാലിന് ഒന്‍പത് വയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തില്‍ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

മൂത്ത പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനിടെയായിരുന്നു രണ്ടാമത്തെ കുട്ടിയുടെ മരണം. വാളയാര്‍ കേസില്‍ പൊലീസ് ഏറെ പഴികേട്ടിരുന്നു. രണ്ടാമത്തെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷമാണ് പ്രവീണിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് തവണ ഇത് തുടര്‍ന്നു. ഇതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തത്.