മലയാളം യുകെയുടെ എല്ലാ മാന്യ വായനക്കാര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍ ഏറ്റവും സ്‌നേഹത്തോടെ ആശംസിക്കുന്നു. പാപത്തെയും മരണത്തെയും കീഴടക്കി ഉയിര്‍ത്തെഴുന്നേറ്റ ഈശോ നല്‍കുന്ന ശാന്തിയും സമാധാനവും നമ്മുടെ ജീവിതങ്ങളിലെ പ്രശ്‌നങ്ങളെയും ദുരിതങ്ങളെയും ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും നേരിടാന്‍ നമ്മെ സഹായിക്കട്ടെ.

മരിച്ചുപോയ ഒരാളെക്കുറിച്ച് പിന്നീട് പറയുകയോ എഴുതുകയോ ചെയ്യുന്നിടത്ത് ‘late’ എന്നൊരു വാക്ക് കൂട്ടിച്ചേര്‍ക്കാറുണ്ട്. Late APJ Abdul Kalam, Late Michael Jackson, Late Jayalalitha എന്നിങ്ങനെ. എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഈശോ എന്നയാളെക്കുറിച്ച് ആരും ‘Late Jesus’ എന്നുപറയാറില്ല, കാരണം മരണത്തിന്റെ മൂന്നാംനാള്‍ സ്വന്തം ശക്തിയാല്‍ ഉയിര്‍ത്ത് അവന്‍ ജീവനിലേയ്ക്ക് തിരിച്ചുവന്നു, ഇന്നും ജീവിക്കുന്നു. ”യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെ” (എബ്രായര്‍ 13:8). ആഴ്ചയുടെ ആദ്യ ദിവസം രാവിലെ ഈശോയുടെ മൃതദേഹത്തില്‍ പരിമളദ്രവ്യം പൂശാന്‍ വന്നവരോട് ദൈവദൂതന്‍ പറഞ്ഞു; ‘നിങ്ങള്‍ അന്വേഷിക്കുന്ന ഈശോ ഇവിടെയില്ല’. സാധാരണ കല്ലറകളും ഈശോയുടെ കല്ലറകളും തമ്മിലുള്ള വ്യത്യാസമിതാണ്. സാധാരണ കല്ലറകളില്‍ ഇപ്രകാരം എഴുതിവയ്ക്കപ്പെടാറുണ്ട്. ‘ഇന്നയാള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു’ എന്നാല്‍ ഈശോയെ അടക്കിയ കല്ലറയില്‍ അവനെ കാണാനില്ല എന്നതാണ് സുവിശേഷം- സന്തോഷകരമായ വാര്‍ത്ത. അടക്കിയ കല്ലറയില്‍ കാണാനില്ല എന്നതിന്റെ അര്‍ത്ഥം, അവന്‍ ഇപ്പോള്‍ മരിച്ചവരുടെ കൂടെയല്ല, ജീവിക്കുന്നവരുടെ ഒപ്പമാണ് എന്നത്രേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ മെഡിക്കല്‍ പരിശോധനാഫലം പറയുന്നത്, പരീക്ഷണത്തിനായി കിട്ടിയ ശരീര-രക്തഭാഗങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ജീവനുള്ളപ്പോള്‍ തന്നെ എടുത്തവയാണന്നത്രേ. അതെ, എന്നേയ്ക്കും ജീവിക്കുന്നതായി നമ്മുടെ കര്‍ത്താവ് മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു.

ഓശാന ഞായറാഴ്ച ഈശോയോടൊപ്പം ജറുസലേമിലേയ്ക്കു പ്രവേശിച്ച നമ്മള്‍ പെസഹാദിനത്തില്‍ അവനോടൊപ്പം അന്ത്യ അത്താഴമുറിയിലായിരുന്നു. ദുഃഖവെള്ളിയുടെ ശുശ്രൂഷകളില്‍ പരി.മാതാവിനൊപ്പം നമ്മളും കാല്‍വരിയില്‍ അവന്റെ കുരിശിന്‍ ചുവട്ടിലുണ്ടായിരുന്നു. സങ്കടത്തോടെ നാം അരിമത്തിയാക്കാരന്‍ ജോസഫിന്റെ പുതിയ കല്ലറയില്‍ അവനെ സംസ്‌കരിച്ചെങ്കിലും ഇന്ന് അതേ കല്ലറയുടെ മുമ്പില്‍ അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ ഇന്ന് നാം നില്‍ക്കുന്നു- കേള്‍ക്കാനാഗ്രഹിച്ച അവന്റെ ഉത്ഥാന വാര്‍ത്ത കേട്ട അവാച്യമായ ആഹ്‌ളാദത്തില്‍.

ഈശോയുടെ ഉത്ഥാനം മാത്രമായിരുന്നില്ല ‘സുവിശേഷം’- നല്ല വാര്‍ത്ത, ഈശോ തന്നെയാണ് നല്ല വാര്‍ത്ത. ഈശോയുടെ ജനനത്തെക്കുറിച്ച് ദൈവദൂതന്‍ സന്തോഷകരമായ ”വിശേഷം” ഗ്ലോറിയ പാടി അറിയിച്ചു. അവന്റെ ഉത്ഥാനത്തിലും മറ്റൊരു ദൈവദൂതന്‍ ‘അവന്റെ ‘ഉയിര്‍പ്പിന്റെ’ സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഈ സന്തോഷത്തിന്റെ പ്രധാന അവകാശികള്‍ നാമോരോരുത്തരുമാണ്. കാരണം ഈശോ ഈ ലോകത്തിലേയ്ക്കു വന്നത് ഈശോയ്ക്ക് വേണ്ടിയല്ല, നാമോരോരുത്തര്‍ക്കും വേണ്ടിയാണ്. ഈശോ തന്റെ ഈ ഭൂമിയിലെ ജീവിതത്തില്‍ ചെയ്തതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. അത്ഭുതങ്ങള്‍ ചെയ്തതും രോഗശാന്തി നല്‍കിയതും വിവിധ സ്ഥലങ്ങളില്‍ പഠിപ്പിച്ചതുമെല്ലാം. ഒരത്ഭുതം പോലും അവന്‍ തനിക്കുവേണ്ടി ചെയ്തില്ല, ഉത്ഥാനം പോലും. ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതുപോലെ, ഈശോയുടെ കല്ലറയുടെ മുന്‍വാതില്‍ അടച്ചുവച്ചിരുന്ന വലിയകല്ല് ഉത്ഥാന അവസരത്തില്‍ മാറിയത്, ഈശോയ്ക്ക് കല്ലറയില്‍ നിന്നു പുറക്കേയ്ക്കു വരുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ച് പിന്നീട് വരുന്ന ശിഷ്യന്മാര്‍ക്കും ഭക്തസ്ത്രീകള്‍ക്കും കല്ലറ സന്ദര്‍ശിക്കാന്‍, അതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയായിരുന്നു. അല്ലെങ്കില്‍ അതിരാവിലെ കല്ലറ സന്ദര്‍ശിക്കാന്‍ വരുന്ന സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തിനായിരിക്കും; ”അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റുക? ” (മര്‍ക്കോസ് 16:3). അതെ, അവന്റെ ജീവിതം പോലെ തന്നെ ഉത്ഥാനവും നമുക്കുവേണ്ടിയായിരുന്നു.

ഉയിര്‍ത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന ഈശോയുടെ മഹത്വീകൃത (glorified) ശരീരവും രക്തവുമാണ് ഓരോ ദിവസവും ക്രൈസ്തവ വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സ്വീകരിക്കുന്നത്. ദൈവത്തിനുവേണ്ടി മനുഷ്യര്‍ മരിക്കുന്ന ഈലോകത്ത്, മനുഷ്യനുവേണ്ടി മരിച്ച ഒരു ദൈവമേ ഈ ലോകത്തുള്ളൂ- പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ യേശുക്രിസ്തു. ആ നിത്യ-സത്യ ദൈവത്തിന്റെ സജീവമായ സാന്നിധ്യം ഇന്ന് ഏറ്റവും പ്രകടമായി ലഭിക്കുന്ന വി. കുര്‍ബാനയെ അവഹേളിക്കാനും സത്യത്തെ തമസ്‌കരിക്കാനും തയ്യാറാകുന്ന ചിലരും ഈ ഭൂമിയിലുണ്ട് – സാത്താന്‍ സേവക്കാരുടെ പിടിയിലും ബ്ലാക് മാസിന്റെ ചതിയിലും വീണുപോകുന്നവര്‍. ഈശോയുടെ ഉത്ഥാന സമയത്തു തുടങ്ങിയ ഒരു കള്ള പ്രചരണവും സത്യം മറച്ചുവയ്ക്കലും (കാവല്‍ക്കാരുടെ വ്യാജ പ്രസ്താവന – മത്തായി 28:11-15) ഇന്ന് ഉഗ്രരൂപം ധരിച്ച് സാത്താന്‍ സേവയുടെ രൂപത്തില്‍ വരെയും വി. കുര്‍ബാനയെയും വി. ഗ്രന്ഥത്തെയും പരസ്യമായി അവഹേളിക്കുന്ന സാത്താനിക കുര്‍ബാന വരെയും എത്തി നില്‍ക്കുന്നു. ഇവരും പരോക്ഷമായി ഒരു കാര്യം അംഗീകരിക്കുന്നു: വി. കുര്‍ബാനയില്‍ ഈശോയുടെ സത്യവും സജീവവുമായ സാന്നിധ്യമുണ്ട് – അതുകൊണ്ടാണല്ലോ അതിനെമാത്രം ഇത്ര അപമാനിക്കുന്നത് !

ആഴ്ചയുടെ ആദ്യദിനം അതിരാവിലെ കല്ലറയിലേക്കു പോയവര്‍ക്കാണല്ലോ അവന്റെ ഉത്ഥാനത്തിന്റെ സന്തോഷവാര്‍ത്ത (മത്തായി 28: 1) അറിയാനിടയായത്. ഇന്നും നമ്മുടെ ഞായറാഴ്ച ആചരണങ്ങളില്‍ അതുതന്നെ സംഭവിക്കുന്നു. പ്രഭാതങ്ങളില്‍ ദൈവാലയങ്ങളില്‍ പോയി നമ്മുടെ കര്‍ത്താവിന്റെ വിശുദ്ധകല്ലറ (അള്‍ത്താര)യില്‍ നിന്ന് അവന്റെ ഉയിര്‍ത്തെഴുന്നേറ്റ, മഹത്വീകൃതമായ ശരീരം സ്വീകരിക്കുന്ന എല്ലാവരും അവന്റെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. സഭയിലെ ഏറ്റവും വലിയ തിരുനാളും ഈശോയുടെ ഉയിര്‍പ്പുതിരുനാള്‍ തന്നെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാജ്യത്ത് യുദ്ധം നടക്കുന്നതിനിടയില്‍ ഒരു ക്രൈസ്തവ ദേവാലയവും ആക്രമിക്കപ്പെട്ടു. പൂര്‍ണ്ണമായി തകര്‍ന്നുപോയ ആ ദേവാലയം പുനരുദ്ധരിക്കുന്നതിനിടയില്‍ ഏതാനും കേടുപാടുകള്‍ പറ്റിയ നിലയില്‍ ആ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ക്രിസ്തുരാജന്റെ പ്രതിമ അന്വേഷകര്‍ കണ്ടെത്തി. പക്ഷേ, അനുഗ്രഹിക്കാനായി ഉയിര്‍ത്തിപ്പിടിച്ചിരുന്ന രണ്ടു കരങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പുതിയ ദേവാലയം പണിത് ഈ പഴയരൂപം തന്നെ അവിടെ സ്ഥാപിച്ചു. രൂപത്തിനുചുവട്ടില്‍ സവിശേഷമായ ഒരടിക്കുറിപ്പോടെ! ” ഇനി മുതല്‍ ക്രിസ്തുനാഥന് ജോലി ചെയ്യാനും അനുഗ്രഹിക്കാനും വേണ്ടത് നിങ്ങളുടെ കരങ്ങളാണ്”

പ്രിയപ്പെട്ടവരേ, ഇനി നമ്മളിലൂടെ ഉയിര്‍ത്തെഴുന്നേറ്റ ഈശോ ഈ ലോകത്തില്‍ ജീവിക്കട്ടെ. മറ്റുള്ളവരില്‍ നിന്നു സ്വീകരിച്ചു ജീവിക്കുന്നതിലല്ല, മറ്റുള്ളവര്‍ക്ക് സ്വന്തം ജീവന്‍ പോലും കൊടുക്കുന്നതാണ്. (മത്താ: 7:12) – മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍” ) മഹത്തരമെന്ന് ഈശോയുടെ സഹന-മരണ-ഉത്ഥാനങ്ങള്‍ കാണിച്ചുതരുന്നു. ട്രക്കു ശരീരത്തിലൂടെ കയറി രണ്ടു കഷണമായി മുറിയപ്പെടുമ്പോഴും താന്‍ മരിച്ചാല്‍ തന്റെ കണ്ണുകളും ആന്തര അവയവങ്ങളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്ന് അവസാന മൊഴിയായി പറഞ്ഞൊപ്പിച്ച് മരിച്ച യുവാവുമൊക്കെ ഈ ഉത്ഥാനത്തിന്റെ പ്രകാശം ലഭിച്ചവരാണ്.

ഈ നാളുകളില്‍ പുറത്തിറങ്ങിയ ഒരു മനോഹരഗാനത്തിന്റെ വരികള്‍ കൂടി എഴുതിച്ചേര്‍ത്ത് അവസാനിപ്പിക്കുന്നു:

”ക്രൂശിതനേ, ഉത്ഥിതനേ,
മര്‍ത്യനെ കാത്തിടണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
ഈശോ തന്‍ ഹൃത്തിനുള്ളില്‍
ഈശോ തന്‍ മേലങ്കിക്കുള്ളില്‍..”

ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാ മാന്യവായനക്കാര്‍ക്കും ഒരിക്കല്‍കൂടി സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.