സ്വന്തം ലേഖകൻ

വോട്ടെണ്ണലിൽ തിരിമറി നടന്നുവെന്ന ആരോപണവുമായി ഡൊണാൾഡ് ട്രംപ് മുന്നോട്ടു നീങ്ങുമ്പോൾ, വലതു പക്ഷ അനുഭാവികൾ ഹെൽമറ്റുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഉൾപ്പെടെ ധരിച്ച് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. 1992 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ജോർജിയ വരെ ബൈഡനൊപ്പം നിന്നപ്പോൾ, 306 വോട്ടുകളോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ നിയുക്ത അമേരിക്കൻ പ്രസിഡന്റ്നെതിരെ പുതിയ തന്ത്രങ്ങളുമായി കളത്തിൽ ഇറങ്ങുകയാണ് ട്രംപ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രാദേശിക സമയം മൂന്നുമണിയോടെ, വൈറ്റ്ഹൗസിന് അരികെയുള്ള റോയൽ പ്ലാസയിൽ പ്രതിഷേധക്കാർ തടിച്ചു കൂടുകയായിരുന്നു. സുപ്രീംകോടതി ആയിരുന്നു ലക്ഷ്യം. മില്യൺ മാഗാ മാർച്ച് എന്ന പ്രതിഷേധ റാലിക്ക്, ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ സ്ലോഗനോട് സാമ്യമുണ്ട്. സ്റ്റോപ്പ് ദ് സ്റ്റീൽ ഡിസിയെന്നും, മാർച്ച് ഫോർ ട്രംപ് എന്നും പ്രതിഷേധ റാലിക്ക് പേരുകൾ ഉണ്ടായിരുന്നു.

റാലിയെ ട്രംപ് അഭിമുഖീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വാഹനത്തിൽ റാലിക്ക് സമീപത്തുകൂടെ കടന്നുപോയ ട്രംപ് ഗോൾഫ്‌ ക്ലബ്ബിലേക്കാണ് പോയത്. “നമ്മൾ വിജയിക്കും” എന്ന പ്രതിഷേധക്കാരുടെ മുദ്രാവാക്യം ട്രംപ് റീ ട്വീറ്റ് ചെയ്തിരുന്നു. വാഷിംഗ്ടണിലെ തീവ്ര ഇടത് അനുഭാവികളും, കുടിയേറ്റ വിമർശകരും ആയ പ്രൗഡ് ബോയ്സ്ന് വാർത്താ മാധ്യമമായ എയർ ബിഎൻബി നൽകിയിരുന്ന റിസർവേഷൻ പിൻവലിച്ചു. ‘വെറുപ്പ് പരത്തുന്ന ഹേറ്റ് ഗ്രൂപ്പുകൾക്ക് ഞങ്ങൾ സ്ഥാനം നൽകില്ല എന്നാണ് എയർ ബിഎൻബി പ്രതികരിച്ചത്. അതേസമയം കൊറിയൻ പോപ്പ് മ്യൂസിക് ആരാധകർ പ്രതിഷേധക്കാർ ഉപയോഗിച്ച അതേ ഹാഷ് ടാഗിൽ പാൻ കേക്കുകളുടെ ചിത്രം പോസ്റ്റ് ചെയ്തു. ട്രംപ് അനുഭാവികളുടെ പോസ്റ്റുകൾ ഇത്തരത്തിൽ മുക്കി കളയുന്നത് ആദ്യത്തെ അനുഭവം അല്ല.

സ്റ്റോപ്പ് ദ് സ്റ്റീൽ, ട്രംപ് 2020 പോലെയുള്ള ടീഷർട്ടുകൾ ധരിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും രംഗത്തിറങ്ങുന്ന പ്രതിഷേധക്കാരുടെ ഊർജ്ജം നശിച്ചു തുടങ്ങുന്നുണ്ട്. അമേരിക്കയിൽ കോവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മാസ്കുകൾ ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും അലക്ഷ്യമായി പ്രതിഷേധിക്കുന്ന റാലികാർക്കെതിരെ പൊതുവികാരം ഉയരുന്നുണ്ട്.