ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.

വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.

മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.