സുശാന്ത് സിങ് രാജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. പിതാവിന്‍റെ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. പട്‍ന പൊലീസിന്‍റെ പ്രത്യേകസംഘം മുംബൈയിലെത്തി.

സുശാന്തിൻറെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവർത്തിയുള്‍പ്പടെ 6 പേർക്കുമെതിരെ കേസ്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവരാണ് പ്രതികള്‍. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്‍റെ പരാതിയിൽ പറയുന്നു. നടന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.

സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിടമല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസുടുത്തത്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സിനിമ നിർമാണ കമ്പനിയായ ധർമ പ്രോഡക്ഷൻസിന്‍റെ സി.ഇ.ഒ അപൂർവ മേത്തയെ ഇന്ന് മൂന്ന് മണിക്കൂറോളം മുംബൈയില്‍ ചോദ്യം ചെയ്തു. ധർമ പ്രോഡക്ഷൻസിന്റെ ഉടമയും സംവിധായകനുമായ കരൺ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യും. 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.