കോട്ടയം: കുട്ടനാട് വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത മാതൃകാപരമായ നടപടിയെടുക്കുന്നു. ഫാ.തോമസ് പീലിയാനിക്കലിന് അതിരുപത കൂദാശാ വിലക്ക് ഏര്‍പ്പെടുത്തി. അതിരൂപതാ ബുള്ളറ്റിന്‍ ‘വേദപ്രചാര മധ്യസ്ഥന്‍’ ഓഗസ്റ്റ് ലക്കത്തില്‍ ആണ് ഇതു സംബന്ധിച്ച അറിയിച്ച് നല്‍കിയിരിക്കുന്നത്.

പെരുമാറ്റദൂഷ്യം മൂലം 2018 ജൂലായ് 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്നും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്നും ഫാ.തോമസ് പീലിയാനിക്കലിശന സസ്‌പെന്റു ചെയ്തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന് ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നു. വേദപ്രചാര മധ്യസ്ഥന്റെ 19ാം പേജിലാണ് ഇംഗ്ലീഷില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടനാട് തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് ഫാ.തോമസ് മാത്രമാണ്. ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റു പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പീലിയാനിക്കലിനെ പിടികൂടിയതോടെ ജനരോക്ഷം തണുക്കുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ആണ് കേസിലെ പ്രധാനപ്രതികളില്‍ ഒരാള്‍. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ വോട്ടില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു.