ഷിബു മാത്യൂ.
ലീഡ്‌സ്. യുകെയിലെ സീറോ മലബാര്‍ സഭയുടെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ ലീഡ്‌സിനെ സീറോ മലബാര്‍ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം 4.15ന് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ലീഡ്‌സ് രൂപത അനുവദിച്ചു കൊടുത്ത സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് അഭിവന്ദ്യ പിതാവിന്റെ ഡിക്രി വായിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍, ഔവര്‍ ലേഡിക്യൂന്‍ ഓഫ് പീസ് മിഥര്‍ലന്റ് വികാരി റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. സോണി കടന്തോട്, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ലീഗ് കമ്മീഷണ്‍ ചെയര്‍മാനും നിയുക്ത ലീഡ്‌സ് മിഷന്‍ ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിവന്ദ്യ പിതാക്കന്മാരെയും ബഹുമാനപ്പെട്ട വൈദീകരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഡ്‌സ് രൂപതയിലെ കീത്തിലിയില്‍ സഭയാല്‍ നിയുക്തനായ യുവ വൈദീകന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ഏറ്റവും വലിയ ദീര്‍ഘവീക്ഷണമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് റവ. ഫാ. മുളയോലില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അഭിവന്ദ്യ വലിയ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ വാക്കുകളെ നിര്‍ത്താതെയുള്ള കൈയ്യടികളോടുകൂടിയായിരുന്നു ലീഡ്‌സ് വിശ്വാസ സമൂഹം സ്വീകരിച്ചത്. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ കര്‍ദ്ദിനാള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയുടെ മിഷന്‍ പ്രഖ്യാപനവുമായി രണ്ടാഴ്ചക്കാലം യൂറോപ്പ് മുഴുവനും നന്ദര്‍ശിച്ച് പാശ്ചാത്യ സഭകളുടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിന്നും കണ്ടതും പഠിച്ചതും

Fr. Joseph Ponneth

അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ വ്യക്തമായ മറുപടിയായിരുന്നു വിലയ പിതാവിന്റെ ലീഡ്‌സിലെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്.
സഭയുടെ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. സഭയുടെ വളര്‍ച്ചയില്‍ എന്റെ ഭാഗം എന്താണ് എന്ന് ഓരോ സഭാ മക്കളും മനസ്സിലാക്കണം. ഭിന്ന

ചിന്താഗതികളെ സമന്വയിപ്പിച്ചു കൊണ്ടു പോകുവാന്‍ തയ്യാറാകണം. സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിന്റെ ദൃഡതയെ പാശ്ചാത്യ സഭയിലെ ബിഷപ്പ്മാര്‍ പ്രശംസിച്ചു കഴിഞ്ഞു. പാശ്ചാത്യ സഭയെ ഉണര്‍ത്തുവാന്‍ തക്കതാവണം നമ്മുടെ സഭ. നമ്മുടെ സഭയുടെ
കുലീനത്വവും പാരമ്പര്യവും നിങ്ങള്‍ കാത്തു സൂക്ഷിക്കണം. പ്രേക്ഷിത യജ്ഞമാന്ന് നടക്കേണ്ടത്. സന്ദേഹവും സംശയങ്ങളും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. അര്‍ഹമായ സമയം സഭയ്ക്ക് കൊടുക്കണം. ക്രിയാത്മകമായ പങ്കുവഹിക്കുന്ന ഒരു പ്രദേശിക സഭയായി സീറോ മലബാര്‍ സഭ യൂറോപ്പില്‍ മാറണമെന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ പ്രവാസികളായ യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളോടായി പറഞ്ഞു. സ്രാമ്പിക്കല്‍ പിതാവിന്റെ സംരക്ഷണത്തിലുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കേരളത്തില്‍ എത്തിയാലുടന്‍ കേരളത്തിലെ പിതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു ഞാനവതരിപ്പിക്കും. സഭാ വിശ്വാസികളുമായി ഈ അനുഭവം ഞാന്‍ പങ്കുവെയ്ക്കും. അഭിവന്ദ്യ കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മിഷന്‍ പ്രഖ്യാപനത്തിന്റെ ഔദ്യോഗീകമായ സമാപന ചടങ്ങുകള്‍ നടന്നു. ലീഡ്‌സ് മിഷനെ പ്രതിനിധീകരിച്ച് ജോജി തോമസ്സ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പുതന്നെ സഭയ്ക്കും

രൂപപ്പെടാന്‍ പോകുന്ന രൂപതയുടെ വളര്‍ച്ചയ്ക്കും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച റവ. ഫാ. ജോസഫ് പൊന്നേത്ത് കൃതജ്ഞതയിലും നിറഞ്ഞു നിന്നു. തുടര്‍ന്ന് വലിയ പിതാവ് ലീഡ്‌സ് മിഷനിലെ എല്ലാ സംഘടനകളുമായി കൂടി ചേര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നോടെ ലീഡ്‌സ് മിഷന്‍ പ്രഖ്യാപന ചടങ്ങുകള്‍ അവസാനിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലേയ്ക്കു മടങ്ങും. ലീഡ്‌സ് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഇനി മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ എന്ന പേരില്‍ അറിയപ്പെടും.

മലയാളം യുകെ ന്യൂസിന്റ അഭിനന്ദനങ്ങള്‍!