കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിനെതിരെ ജനുവരി 23ന് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്.

വ്യവസായ വകുപ്പ് ഡയറക്ടര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറിയായി വരെ സേവനമനുഷ്ഠിച്ച 2004-2014 കാലയവളവില്‍ 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വരുമാനത്തിന്റെ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഏറെ കത്തിടപാടുകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് നല്‍കുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.

ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്.