ഒരു മണ്ടൻ്റെ സ്വപനങ്ങൾ
ജോൺ കുറിഞ്ഞിരപ്പള്ളി പ്രസാദും ശ്രുതിയും പോയിക്കഴിഞ്ഞിരുന്നു. അവളെ എങ്ങിനെയാണ് കുറ്റം പറയുക? പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ? അടുത്ത ദിവസം ” റാം അവതാർ ആൻഡ് കോ.” യിൽ ഒരു ഇൻ്റർവ്യൂ ഉണ്ട്.അതിലാണ് എൻ്റെ ശ്രദ്ധ പതിയേണ്ടത്. പറഞ്ഞിരുന്നതുപോലെ കാലത്തു പത്തുമണിക്കുതന്നെ അവിടെ ചെന്നു. ഒരു വലിയ ഗോഡൗണിൻ്റെ മുകൾ ഭാഗത്തേക്ക് ഒരു സ്റ്റെയർ കേസ് കാണാം.മുകളിൽ തട്ടുകൾ ഉണ്ടാക്കി അതിന് ഗ്ലാസ് പാനലുകൾ പിടിപ്പിച്ചു മനോഹരമാക്കിയതായിരുന്നു “റാം അവതാർ ആൻഡ് കോ.”യുടെ ഓഫീസ് .മുകളിലിരുന്നാൽ താഴെ ഗൗഡൗണിലെ ചരക്കു നീക്കങ്ങൾ കാണാം. ബംഗാളിലെ ചണമില്ലുകളിൽ ഉണ്ടാക്കുന്ന ചാക്ക് സൗത്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസിയാണ് റാം അവതാർ ആൻഡ്.കോ. ശരാശരി ദിവസം മൂന്നു കോടി രൂപ യുടെ ബിസ്സിനസ്സ് അവർക്ക് ഉണ്ട്.അതായത് വർഷത്തിൽ ആയിരം കോടി രൂപയുടെ ടെർണോവർ .ഞാൻ വിചാരിച്ചതുപോലെ നിസ്സാരക്കാരല്ല നമ്മുടെ റാം അവതാർ ആൻറ് കോ. ഓഫിസിൽ ചെന്ന് മാനേജരെ അന്വേഷിച്ചു. മെലിഞ്ഞ ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ തനി ബംഗാളി ഡ്രെസ്സിൽ, അവിടെ ഓഫിസിൽ ടെലിഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു.ഒന്നും ചോദിക്കുന്നതിനു മുമ്പ് അക്കൗണ്ട് ഓഫിസർ എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് ചൂണ്ടി കാണിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ പോയി ഇരിക്കാൻ ആയിരിക്കണം അയാൾ ഉദ്ദേശിച്ചത് .ഒരു മണിക്കൂർ അവിടെ അങ്ങിനെ ഇരുന്നു.ഇടക്ക് ഒരു പ്യൂൺ കാപ്പിയും ഉഴുന്നുവടയും കൊണ്ട് വന്നു തന്നു. കുറച്ചകഴിഞ്ഞു പ്യൂൺ വന്നു വിളിച്ചു ,കൂടെ വരാൻ പറഞ്ഞു. ചുറ്റും നോക്കുമ്പോൾ ഏകദേശം പതിനഞ്ചു പേർ അവിടവിടെ കംപ്യൂട്ടറുകളുമായി മല്ലടിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. മാനേജർ ഞാൻ ആദ്യം കണ്ട ആ മനുഷ്യൻ തന്നെ ആയിരുന്നു.അയാൾ ഇരിക്കാന്‍ പറഞ്ഞു. ഇരുന്നതിനുശേഷം ഞാൻ കയ്യിലെ CV അയാളുടെ നേരെ നീട്ടി. അയാൾ അത് കണ്ടതായി ഭവിച്ചതേയില്ല. “എന്താ പേര്?” ഞാൻ പേരുപറഞ്ഞു ” ഇന്നുമുതൽ ഇവിടെ അക്കൗണ്ട് ഓഫിസർ ആയിട്ട് ജോയിൻ ചെയ്യാം”.. “ഞാൻ അക്കൗണ്ട് കൈകാര്യം ചെയ്തിട്ടില്ല.” “നിങ്ങൾക്ക് രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടാനും കുറക്കാനും അറിയാമോ?” “അറിയാം.” ” ഗുണിക്കാനും ഹരിക്കാനും അറിയാമോ?”. “അറിയാം”. “ഇനിയുള്ളത് ടാബുലേഷൻ കോളങ്ങളിൽ ഗുണിച്ചതും ഹരിച്ചതും എഴുതാൻ സാധിക്കുമോ?” “സാധിക്കും.”. “എങ്കിൽ ജോയിൻ ചെയ്തോളു” വിചിത്രമായ ഒരു ഇന്റർവ്യൂ. ജോലി,അക്കൗണ്ട് ഓഫീസറുടേത് . ഞാൻ ഒരിക്കൽ കൂടി CV അയാളുടെ നേരെ നീട്ടി. അയാൾ അത് കണ്ടതായി ഭാവിച്ചതേയില്ല. ശമ്പളം എന്താണ് എന്നും പറഞ്ഞിട്ടില്ലല്ലോ എന്നും ഞാൻ ഓർത്തു.ആരോ ടെലിഫോണിൽ വിളിച്ചു. അയാൾ എഴുന്നേറ്റുപോയി. ഉച്ച ഭക്ഷണത്തിനു ശേഷം അവിടെ ജോലി ചെയ്യുന്ന എല്ലാവരെയും പരിചയപ്പെട്ടു.രണ്ടുമണി ആയപ്പോൾ മാനേജർ,എല്ലാവരും സേട് ജി എന്ന് വിളിക്കുന്ന അയാൾ,എന്നെ കാബിനിലേക്ക് വിളിച്ചു. ജൂബയുടെ പോക്കറ്റിൽ നിന്നുചുവന്ന മഷിയിലും പച്ചമഷിയിലും എഴുതിയ ഏകദേശം നൂറു കടലാസ്സ് തുണ്ടുകൾ വാരി മേശപ്പുറത്തിട്ടു.എന്നിട്ട് വിശദീകരിച്ചു. “ഇതിൽ ചുവന്ന മഷിയിൽ എഴുതിയത് ക്രെഡിറ്റ് ആണ്.പച്ച മഷിയിൽ എഴുതിയത് ഡെബിറ്റും. ഇതെല്ലം അക്കൗണ്ട് ബുക്കിൽ എഴുതി ചേർക്കുക.” ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു കാബിനിലേക്കു നടന്നു,ആ കടലാസ് തുണ്ടുകളുമായി.അയാൾ തിരിച്ചുവിളിച്ചിട്ടു പറഞ്ഞു,”എല്ലാ അക്കൗണ്ടുകളും ലെഡ്ജറിൽ ചേർക്കുമ്പോൾ ഒരു പൂജ്യം വിട്ടുകളഞ്ഞേക്ക്.” ? “അതായത് ഒരുകോടി എന്നത് ലെഡ്ജറിൽ എഴുതുമ്പോൾ പത്തു ലക്ഷം ആയിരിക്കും.” എനിക്ക് സംഗതി പിടികിട്ടി.മൂന്നു കോടി രൂപയുടെ ബിസിനസ്സ് മുപ്പതുലക്ഷമായി കാണിക്കുന്ന മാന്ത്രിക വിദ്യ ആണ് ഇത് . ഇടപാടുകൾ മുഴുവൻ ബിനാമിയും കുഴൽ പണവും ആണന്നു ചുരുക്കം. നാലുമണി ആയപ്പോൾ വീണ്ടും സേട്ട്ജി കാബിനിലേക്ക് വിളിപ്പിച്ചു.കാബിൻ്റെ മൂലയിൽ അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിൻ്റെ ഒഴിഞ്ഞ കുറെ പെട്ടികൾ കൂട്ടിയിട്ടിരിക്കുന്നു.ഇന്നത്തെ ക്യാഷ് കളക്ഷൻ അതിൽ നിറക്കാൻ ആവശ്യപ്പെട്ടു.ഇങ്ങനെ ക്യാഷ് നിറയ്ക്കുന്നപെട്ടികൾ കൽക്കത്തയിലേക്കു തിരിച്ചു പോകുന്ന ലോറികളിൽ കൊടുത്തയാക്കുന്നു. വൈകുന്നേരം അഞ്ചു മണിക്ക് സേട് ജി പറഞ്ഞു,”ജോലി ഇഷ്ടപ്പെട്ടാൽ നാളെ മുതൽ വന്നോളൂ.ഇല്ലങ്കിൽ………………”,ആയിരം രൂപ അയാൾ എന്റെ നേരെ നീട്ടി. ഞാൻ പൈസ വാങ്ങിയില്ല. സ്റ്റാഫിൽ ആറുപേർ പെൺകുട്ടികൾ .എല്ലാസ്റ്റാഫിൻ്റെയും പേരുകൾഎഴുതിയ ഒരു നെയിം ഷീൽഡ് അവരുടെ ഡ്രെസ്സിൽ പിൻ ചെയ്തിരുന്നു. യുവതികൾ ആ നെയിം ഷീൽഡ് അവരുടെ ഇടതു ഭാഗത്ത് ഒരു സൈഡിലായി പിൻചെയ്തിരിക്കുന്നതു എനിക്ക് അല്പം തമാശയായി തോന്നി. അതിൻ്റെ രഹസ്യം പിന്നീടാണ് മനസ്സിലായത്. എല്ലാവരുടെയും നെയിം ഷീൽഡ് പിടിച്ചു നോക്കി സേട് ജി പേര് വായിക്കും.ആരുടെയും പേരറിയില്ല.കണ്ണിനു കാഴ്ച കുറവാണെന്ന ഭാവത്തിൽ ഷീൽഡ് പിടിക്കുന്നതിൻ്റെ കൂട്ടത്തിൽ അല്പം അമർത്തി ശരീരത്തിൽ പിടിക്കുക സേട് ജിയുടെ സ്വഭാവമാണ്. അല്പസമയം എടുക്കും പിടിവിടാൻ,വായിച്ചു തീരാൻ. കൊള്ളാം സേട് ജി,നിങ്ങൾ അപാരബുദ്ധിമാൻ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു. ഏതായാലും കുറച്ചു ദിവസം ജോലി ചെയ്തു നോക്കാൻ തീരുമാനിച്ചു . തിരിച്ചുവരുമ്പോൾ ലോഡ്ജിൽ ശ്രുതി കാത്തു നിൽക്കുന്നു. “എന്തിനാ മാത്തു വേറെ ജോലി അന്വേഷിക്കുന്നത്?” ഞാൻ വെറുതെ ചിരിച്ചു. “ഇന്നലെ പ്രസാദ് വഴക്കിട്ടുപോയി.എല്ലാത്തിനും ഞാനാണ് കാരണക്കാരൻ എന്നാണ് അവൻ പറയുന്നത്”ഞാൻ പറഞ്ഞു. അവൾ പെട്ടെന്ന് മൂകയായി.”എല്ലാം നിനക്ക് മനസ്സിലാകും. ഭാഗ്യത്തിന് നിന്നെ കണ്ടതുകൊണ്ടു രക്ഷപെട്ടു.” പ്രസാദിൻ്റെ എല്ലാ കോമാളിത്തരങ്ങളും തട്ടിപ്പുകളും ഞാൻ ഒരു തമാശയായ് മാത്രമേ കണ്ടിരുന്നുള്ളൂ.പക്ഷെ ഇത് കടന്ന കയ്യായി പോയി. ശ്രുതി വീണ്ടും നിർബന്ധിച്ചു,”മാത്തു നീ വേറെ എങ്ങും പോകേണ്ട എൻ്റെകൂടെ വാ.” ““ശ്രുതി നിനക്ക് എൻ്റെ കാര്യങ്ങൾ കുറെ അറിയാം.എനിക്ക് ഒരു ജോലി വേണമെന്ന് തന്നെ ഇല്ല.അപ്പച്ചൻ്റെ ചെറിയ ബിസ്സിനസ്സിൽകൂടി നാട്ടിൽ നിൽക്കുന്നത് തന്നെയാണ് എനിക്കിഷ്ട്ടം.അപ്പച്ചൻ വലിയ ഗൗരവക്കാരനാണെന്നു അഭിനയിക്കും.അമ്മച്ചിയുടെ കയ്യിൽ കാശുകൊടുത്തിട്ട് എനിക്ക് പൈസ അയക്കാൻ പറയും.എന്നിട്ടു ഉച്ചത്തിൽ പറയും ആവശ്യമുണ്ടെങ്കിൽ അവൻ അദ്ധ്വാനിച്ചു പണമുണ്ടാക്കട്ടെ ,ഒരു ചില്ലിപൈസ ഞാൻ കൊടുക്കില്ല.” അവൾ ഒന്നും പറഞ്ഞില്ല. “എനിക്ക് ഒരനിയത്തി ഉണ്ട്. ഒരു ദിവസം അവളെ കിള്ളിയില്ലങ്കിൽ എനിക്കുറക്കം വരില്ല.എന്തെങ്കിലും കാരണം പറഞ്ഞു എന്നോട് ഉടക്കിയില്ലങ്കിൽ അവൾക്കും സമാധാനമില്ല.അങ്ങിനെയുള്ള ഞാൻ ഇവിടെ എത്ര നാൾ ജോലിയിൽ ഉറച്ചു നിൽക്കും?” അവൾ ഒന്നും പറയാതെ അകലേക്ക് നോക്കി നിന്നു. .കണ്ണുകൾ നിറയുന്നു.ഇങ്ങനെ ഒരു സീൻ ഞാൻ പ്രതീക്ഷിച്ചതല്ല. ബോൾഡായ ഈ പെൺകുട്ടി മെഴുകുപോലെ ഉരുകിപോകുന്നു. “ശ്രുതി ……”,ഞാൻ വിളിച്ചു. “മാത്തു നിനക്ക് വർണശബളമായ ഒരു ബാല്യം ഉണ്ട്.സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്.ഒരനിയത്തി യുണ്ട്.ഞാൻ ജീവിതം മുഴുവൻ ഹോസ്റ്റലിലായിരുന്നു.ഒരു നല്ല ജീവിതം സ്വപ്നംകണ്ടു.പ്രസാദ് എല്ലാം ഉഴുതു മറിച്ചു.സാരമില്ല.” അവൾ തുടർന്നു. “നിനക്ക് മനസ്സിലാകുമോ എന്നറിയില്ല.ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ബാല്യം.എൻ്റെ പപ്പാ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു.അവധിക്കു വരുന്ന പപ്പായുടെ അടുത്ത് നിന്ന് ഞാൻ മാറില്ല പപ്പാ എന്നെയും മമ്മിയെയും കൊണ്ട് നാടുചുറ്റും. വർണ്ണ ശബളമായിരുന്നു ആ കാലം. മമ്മ സർക്കാർ സർവീസിലാണ് . വെക്കേഷന് ഞങ്ങൾ പപ്പയുടെ അടുത്തുപോകും.ഞങ്ങളെ വിട്ടു താമസിക്കാൻ പപ്പയ്ക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ജോലി രാജിവെക്കാൻ തീരുമാനിച്ചു.ഒരു വർഷം കൂടി ജോലി ചെയ്താൽ കിട്ടുന്ന ആനുകൂല്യങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ജോലിയിൽനിന്നു പിരിയുന്ന അവസാനദിവസം ഒരു ആക്സിടൻറിൽ പപ്പ മരിച്ചു. ഞാനും മമ്മിയും ഒറ്റക്കായി.ഇടക്കിടെയുള്ള ട്രാൻസ്‌ഫർ കാരണം മമ്മി എന്നെ ഹോസ്റ്റലിലാക്കി.പിന്നീട് ഞാൻ അവധിക്കാലങ്ങളിൽ വീട്ടിൽ പോകുന്ന ഒരു ഹോസ്റ്റൽ ജീവിയായി മാറി. പ്രസാദിനെ പരിചയപ്പെട്ടപ്പോൾ ഒരാശ്വാസമായിരുന്നു.കൊടിയ വഞ്ചനയാണ് അയാൾ എന്നോട് കാണിച്ചത് . ഒരു മനുഷ്യൻ പറയുന്നത് മുഴുവൻ കള്ളവും അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയും ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചാലേ മനസ്സിലാകൂ ” ഞാനെന്തുചെയ്യാനാണ്? “വരൂ,നമുക്ക് അല്പം നടന്നിട്ട് വരാം .”അവളുടെ ടെൻഷൻ അല്പം കുറയട്ടെ എന്ന് വിചാരിച്ചു ഞാൻ പറഞ്ഞു.ഒന്നും സംസാരിക്കാതെ അരമണിക്കൂർ നടന്നു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു,”ശ്രുതി,കഴിഞ്ഞതെല്ലാം മറക്കുക.ആരെങ്കിലും കാണിക്കുന്ന വിഡ്ഢിത്തരം ഓർത്തു നമ്മൾ വേവലാതിപ്പെടണമോ?” “മാത്തു ,നീ എൻ്റെ താമസസ്ഥലം കണ്ടിട്ടില്ലല്ലോ.ഇവിടെ ഇന്ദിരാനഗറിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആണ്.എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോളൂ” ഞാൻ സമ്മതിച്ചു. കാറിൽ കയറുമ്പോൾ ഒരു ഫോൺ കോൾ.അപ്പച്ചനാണ്, ടെലിഫോണിൽ.സാധാരണ വിളിക്കാറുള്ളതല്ല, അത് അമ്മച്ചിയുടെ ജോലിയാണ്.അമ്മച്ചി സംസാരിക്കുന്നത് കേൾക്കാവുന്ന അകാലത്തിൽ നിന്ന് മുഴുവനും കേൾക്കും.എല്ലാം കേട്ടുകഴിഞ്ഞു പറയും ,”കുരുത്തം കെട്ടവൻ. ” വെറുതെയാണെന്ന് എല്ലാവർക്കും അറിയാം. ഇത് എന്തോ അടിയന്തര പ്രശനമാണ്. (തുടരും) [caption id="attachment_182514" align="alignnone" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]
ജോൺ കുറിഞ്ഞിരപ്പള്ളി ഈ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല.ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു . ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു. “എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?” ഇത് എന്തെങ്കിലും അഭ്യാസമാകാനാണ് വഴി,എന്നായിരുന്നു എൻ്റെ നിഗമനം. ഇനിയും തക്കം കിട്ടിയാൽ ആ സ്ത്രീ എന്തെങ്കിലും വിളച്ചിൽ കാണിക്കാതിരിക്കില്ല. അവരുടെ കീഴിൽ ജോലി ചെയ്യുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല. പക്ഷെ,ഇനി എന്ത് എന്ന ചോദ്യം ബാക്കിയായി.കയ്യിലെ കാശു തീർന്നു തുടങ്ങുന്നു.എളുപ്പവഴി അമ്മച്ചിയോട് അപ്പച്ചൻ അറിയാതെ കുറച്ചു പൈസ അയച്ചുതരാൻ പറയുകയാണ്. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന ജോസഫ് മാത്യു എന്ന മലബാർ ലോഡ്ജിലെ ഒരു അന്തേവാസി പറഞ്ഞു.അവന് പരിചയമുള്ള ഒരു കമ്പനിയിൽ വേണമെങ്കിൽ ഒരു ചാൻസ് നോക്കാം എന്ന്. ജോസഫ് മാത്യു ഇൻഡോറിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്പ്റസൻറ്റിവ് ആണ്.അവരുടെ ബാംഗ്ലൂർ സെയിൽസ് ഡിവിഷനിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത്.. രണ്ടു മീറ്റർ നീളമുള്ള ജോസഫ് മാത്യുവിൻ്റെ ശബ്ദം വളരെ പതുക്കെയാണ്. സംസാരിക്കുമ്പോൾ അല്പം കുനിയുകയും ചെയ്യുന്നതുകൊണ്ട് ഒരു ജിറാഫ് വർത്തമാനം പറയുകയാണ് എന്നേ തോന്നൂ. ജോലിക്കുള്ള ഉണ്ണികൃഷ്ണന്റെ ഓഫർ മറ്റൊന്ന് കാത്തിരിക്കുന്നു. മലബാർ ലോഡ്ജി ൻ്റെ ഏറ്റവും വലിയ സൗകര്യം വെള്ളം ഇഷ്ടംപോലെ കിട്ടാനുണ്ട് എന്നതായിരുന്നു. ലോഡ്‌ജിൻ്റെ മുറ്റത്തുതന്നെയുള്ള കിണറ്റിൽ വെള്ളം സുലഭമായിരുന്നു. അധികം ആഴമില്ല എപ്പോഴും ആവശ്യത്തിനുള്ള വെള്ളം കിട്ടാനുമുണ്ട് .ബാംഗ്ലൂരിലെ ജലക്ഷാമം, കാവേരി നദി മുഴുവൻ അവിടേക്ക് തിരിച്ചുവിട്ടാലും തീരില്ല എന്നോർക്കണം. ഒരു നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് മലബാർ ലോഡ്ജ് എങ്കിലും അവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം വെള്ളത്തി ൻ്റെ സൗകര്യം തന്നെ ആയിരുന്നു. എൻ്റെ ഡ്രെസ്സകൾ കഴുകുക എന്നത് ഒരു വിരസമായ ജോലിയായി എനിക്ക് തോന്നി. ജോൺ സെബാസ്റ്റിയനും ഉണ്ണികൃഷ്ണനും അവരുടെ ഷർട്ടുകളും പാൻറ്സുകളും കഴുകുന്നതിനായി ബക്കറ്റിൽ സോപ്പ് വെള്ളത്തിൽ കുറച്ചുസമയം കുതിർത്തു വെക്കുന്ന സ്വഭാവം ഉണ്ട്.അവർ ഇങ്ങനെ കുതിർത്തു കഴുകാനായി വച്ചിരിക്കുന്ന തുണികളുടെ അടിയിൽ ആരും കാണാതെ എൻ്റെ ഷർട്ടും പാൻറ്സും തിരുകിവയ്ക്കും. അവരുടെ ഷർട്ട് കഴുകാൻ എടുത്തപ്പോൾ അബദ്ധത്തിൽ എൻ്റെ ഡ്രസ്സുകളും എടുത്തുപോയതായിരിക്കും എന്ന ധാരണയിൽ സോറി പറഞ്ഞു അവർ അതുകൂടി വാഷ് ചെയ്തു വെക്കും . അങ്ങിനെ വലിയ അല്ലലില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നുണ്ടങ്കിലും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് ജിറാഫ് ജോലിക്കാര്യം പറയുന്നത്. ഇവർക്കെല്ലാം എന്ത് അസുഖമാണെന്ന് മനസിലാകുന്നില്ല. എന്നേക്കാൾ എനിക്ക് ജോലികിട്ടേണ്ടത് അവരുടെ ആവശ്യമാണ് എന്നുതോന്നുന്നു. അങ്ങിനെ ജോസഫ് മാത്യു തന്ന അഡ്രസ്സിൽ വിളിച്ചു നോക്കി.അവർ അടുത്ത ദിവസം കാലത്തു പത്തുമണിക്ക് ചെല്ലാൻ പറഞ്ഞു.സിറ്റി മാർക്കറ്റിൽ ചിക്പെട്ട് റോഡിലാണ് അവരുടെ ഓഫിസ്. റാം അവതാർ ആൻറ് കമ്പനി എന്നാണ് പേര് . ഒന്ന് പോയി നോക്കുന്നതിൽ തകരാറൊന്നും ഇല്ലല്ലോ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാർ ലോഡ്ജിൻ്റെ മുൻപിൽ വന്നു നിന്നു.അതിൽ നിന്നും ഒരു സ്ത്രീ,അന്ന് ഞങ്ങളെ കാറിൽ കയറ്റിയ ആ സ്ത്രീ തന്നെ ,ഇറങ്ങി വരുന്നു. ആരും ഞെട്ടിപ്പോകും ഓഫിസിൽ വച്ചുകണ്ടപ്പോൾ പ്രായം തോന്നിയിരുന്നു.ഇത് ഒരു കോളേജ് വിദ്യാർഥിയെപ്പോലെ സ്മാർട്ട് ആയി ഡ്രസ്സ് ചെയ്ത ഒരു പെൺകുട്ടി.. “ഹലോ, മാത്യു, നിന്നെ തേടി വന്നതാണ് ഞാൻ.” “ഹലോ” ജോലി മിക്കവാറും വേണ്ട എന്ന് വച്ചിട്ടുണ്ടാകും,അല്ലെ”? ഇതൊരു വിളഞ്ഞ വിത്തു തന്നെ.ഞാൻ മനസ്സിൽ വിചാരിച്ചു. “ഹേയ് അങ്ങിനെ തീരുമാനമൊന്നും എടുത്തിട്ടില്ല” എൻ്റെ CV നോക്കി അഡ്രസ് കണ്ടുപിടിച്ചു വന്നിരിക്കുകയാണ്. “ഉം ,വെറുതെ കള്ളം പറയണ്ട മത്തായി.മാത്യു,നിനക്ക് എന്നെ അറിഞ്ഞുകൂടാ എങ്കിലും എനിക്ക് നിന്നെ നന്നായി അറിയാം ഞാൻ ശ്രുതി .ശ്രുതി ഡേവിഡ്. നമ്മൾ ഒരേ കോളേജിൽ ഉണ്ടായിരുന്നവരാണ്” “കണ്ടതായി ഓർമ്മയില്ല” “.ഞാൻ സയൻസ് ഗ്രുപ്പിലായിരുന്നു. നീ ഇംഗ്ലീഷ് ലിറ്ററേച്ചറും.ശരിയല്ലേ?” “ശരിയാണ്” . “പിന്നെ മൂവായിരത്തിൽ അധികം കുട്ടികളുള്ള ഒരു കോളേജിലെ എല്ലാവരും തമ്മിൽ അറിയണമെന്നില്ലല്ലോ.? ഇപ്പോൾ നാടകം കളി ഒന്നും ഇല്ലേ?” “സത്യം പറഞ്ഞാൽ തമ്മിൽ കണ്ടതായി ഓർമ്മയില്ല” “നീ കോളേജിൽ പ്രസിദ്ധനായിരുന്നല്ലോ.നമ്മളെല്ലാം പഠിപ്പ് മാത്രം തലയിൽ ഉള്ളവരും”ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു. “നീ എന്താ ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്?” “നിൻറ്റെ കാഞ്ഞിരപ്പള്ളിയിലെ പപ്പയ്ക്ക് സുഖമല്ലേ?”വിഷയം മാറ്റാനായി ഞാൻ കണ്ട സൂത്രമായിരുന്നു അവൾ പൊട്ടിച്ചിരിച്ചു.”നിന്റെ അഭ്യാസത്തിന് ഞാൻ ഒരു പൂള് ഇറക്കിയതല്ലേ?” “ഞാൻ ആ ജോലി അത്ര സീരിയസ്സായി എടുത്തിരുന്നില്ല.എല്ലാവരും നിർബന്ധിച്ചപ്പോൾ വന്നു എന്നേയുള്ളു.” ” മാത്യു നിന്റെ പഴയ കമ്പനിയുമായി കണക്ഷൻ ഉണ്ടോ ഇപ്പോഴും?”അവൾ നിർത്താതെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം മനസ്സിലായി.അവൾ എന്നെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടുണ്ട്. അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടിവന്നില്ല.ഒരു ഫോൺ കോൾ രക്ഷിച്ചു. പ്രസാദ് ആണ്.എന്നെ ബാംഗ്ലൂർ കൊണ്ടുവന്നവൻ. അവന് ഇന്ന് ഫ്രീ ആണ്.ലോഡ്ജിലേക്ക് വരുന്ന വഴിയാണ് എന്ന് . ഇടക്ക് ഇടക്ക് വിളിച്ചു ക്ഷേമന്യഷണം നടത്താൻ അവൻ മറക്കാറില്ല.ഒരുകണക്കിന് പാവമാണ് അവൻ. ജീവിക്കാൻവേണ്ടി ഓരോ വേലയിറക്കുന്നു.. “എൻ്റെ സുഹൃത്താണ് .അവൻ കാരണമാണ് ഞാൻ ബാംഗ്ലൂർ വന്നത്.വിവാഹം ഒക്കെ ഉറപ്പിച്ചു കാത്തിരിക്കുകയാണ്.” അവനോടൊത്തുള്ള രണ്ടു ദിവസത്തെ ജീവിതവും അവൻ്റെ അഭ്യാസങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഒരു ഓട്ടോ റിക്ഷയിൽ ലോഡ്ജിനുമുന്പിൽ ഇറങ്ങി.അവൻ നടന്നു വന്ന് ലോഡ്ജിൻ്റെ ഗെയ്റ്റ് തുറന്ന് അകത്തേക്ക് വന്നു. ശ്രുതി എൻ്റെ കഥയിൽ രസിച്ചു ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. “വിവാഹം ?അതും എന്തെങ്കിലും ഉടക്ക് കേസ് ആയിരിക്കും അല്ലെ?”അവൾ ചോദിച്ചു. “അറിയില്ല” “എടാ,മത്തായി………..” പെട്ടന്ന് അവൻ്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ സ്തംഭിച്ചുപോയി. “ഇതാണോ മാത്യു പറഞ്ഞ പ്രസാദ്………….?” “അതെ:” അവളെ കണ്ടതും പ്രസാദിനും ഷോക്ക് ഏറ്റതുപോലെ ആയി. രണ്ടുപേരും മുഖത്തോട് മുഖം നോക്കി ഒരു നിമിഷം നിന്നു.അവൾ പറഞ്ഞു. “പിന്നെ കാണാം മാത്യു…………. ……….ജനറൽ മാനേജർ…..തെണ്ടി……” അവസാന വാക്ക് പറഞ്ഞത് പതുക്കെയായിരുന്നു. അവൾ ചെന്ന് കാറിൽ കയറി. “ശ്രുതി………….” “ഞാൻ പിന്നെ വിശദമായി പറയാം ” അവൾ പോയി. പ്രസാദ് ചോദിച്ചു.”നീ എല്ലാം അവളോട് പറഞ്ഞു അല്ലെ?” “അതെ,ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്,നിനക്ക് അവളെഎങ്ങിനെ അറിയാം?” അവൻ ഒന്നും പറഞ്ഞില്ല. പ്രസാദിൻ്റെ ഭാവി ഭാര്യ ആകേണ്ടവൾ. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു. അവൻ എന്നെ ദയനീയമായി നോക്കി. ഞാൻ അവൻ്റെ സ്വപ്ങ്ങൾ തകർത്തുകളഞ്ഞ മണ്ടൻ ആയ മത്തായിആണന്നു കരുതുന്നുണ്ടാകും. ഞാൻ എന്ത് ചെയ്യാൻ? “അവൾ എന്താ പതുക്കെ പറഞ്ഞത്?” “തെണ്ടി,എന്നാണ് പറഞ്ഞത്”.. “എങ്കിൽ നിന്നെ വിളിച്ചതാണ് തെണ്ടി എന്ന് .എല്ലാം അവളോട് പറഞ്ഞ നീ ഒരു തെണ്ടി തന്നെ.”. അവൻ പണിത് ഉയർത്തിയ സ്വപ്നങ്ങളുടെ കൊട്ടാരം തകർന്നു വീണു. “പക്ഷേ നീ കാണിച്ചത് …? അവൻ ഒന്നും കേൾക്കാൻ നിന്നില്ല. ഞാൻ ഒരു ശത്രുവിനെ നേടിയെടുത്തു. കുനിഞ്ഞ ശിരസ്സുമായി അവൻ ഒന്നും മിണ്ടാതെ നടന്നുപോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. (തുടരും) "ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ" അദ്ധ്യായം -3 [caption id="attachment_182514" align="alignnone" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]
ജോൺ കുറിഞ്ഞിരപ്പള്ളി കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാ ണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.ജോൺ സെബാസ്റ്റ്യൻ ഗേറ്റിൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തു നിൽക്കാം എന്നും തീരുമാനിച്ചു. ഞാൻ വിചാരിച്ചതിലും വലിയ ഒരു സ്ഥാപനമായിരുന്നു NGEF.റിസപ്ഷനിൽ ഏതാണ്ട് ഇരുപതോളം പേർ ഇന്റർവ്യൂ ന് എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് പരിഭ്രമവും ഭയവും തെളിഞ്ഞു കാണാം.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ ഇന്റർവ്യൂ ആണ്.കിട്ടിയാൽ കിട്ടി,പോയാൽ പോട്ടെ എന്ന ഒരു ആറ്റിട്യൂട് ആയിരുന്നു മനസ്സിൽ. നാട്ടിലെ ക്ലബും ചീട്ടുകളിയും മറ്റുമായിരുന്നു എനിക്ക് ഈ ജോലിയെക്കാൾ പ്രധാനം. ഒരു ക്ലാർക്ക് വന്ന് എല്ലാവരുടെയും CV വാങ്ങി അകത്തേക്ക് പോയി. കുറച്ചുകഴിഞ്ഞു ഓരോരുത്തരെയായി ഇന്റർവ്യൂ ന് വിളിച്ചു തുടങ്ങി. എനിക്ക് മനസ്സിൽ ഭയം ഇല്ലാതില്ല.ഞങ്ങളെ കാറിൽ കയറ്റി ഇവിടെ എത്തിച്ച ആ സ്ത്രീ ഞാൻ ഇവിടെ ഇരിക്കുമ്പോൾ കയറി വന്നാൽ ആകെ നാണക്കേടാകും.അഥവാ അവർ കയറി വന്നാൽ എന്തുചെയ്യണം ?അവരിൽ നിന്നും രക്ഷപ്പെടുന്നത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ലർക്ക് വന്ന് എന്റെ പേരുവിളിച്ചു. “മാത്യു എം.എ.” രക്ഷപെട്ടു.ഇനി അവരെ പേടിക്കണ്ട .തമ്മിൽ കണ്ടാൽ എന്തെങ്കിലും തരികിട കാണിച്ചു രക്ഷപെടാം. ഞാൻ വാതിൽ തുറന്ന് അകത്തുകയറി. അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ് ആയിരുന്നു ഇന്റർവ്യൂ ബോർഡ് .നടുഭാഗത്തെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാനൊന്നേ നോക്കിയുള്ളൂ.അത് അവരായിരുന്നു, ഞങ്ങളെ കാറിൽ കയറ്റി കൊണ്ടുവന്ന ആ യുവതി. അവർ യാതൊരു പരിചയവും കാണിച്ചില്ല.പുരുഷന്മാരിൽ ഒരാൾ ഇരിക്കാൻ പറഞ്ഞു.ഞാൻ കസേരയുടെ ഒരറ്റത്തിരുന്നു. അവർ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഒന്നും മനസ്സിലാകുന്നില്ല.ഒരാൾ എന്റെ ബയോ ഡാറ്റ നോക്കിയിട്ട് മദ്ധ്യത്തിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.ആരൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു. എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ചിട്ട് രക്ഷപ്പെട്ടാൽ മതിയെന്നായി.ഇനി ബോർഡ് ചെയർമാന്റെ ഊഴമാണ്.അവർ മലയാളി അല്ലാത്തത്.ഭാഗ്യമായി.ഞങ്ങൾ മലയാളത്തിൽ അവരെക്കുറിച്ചു തമ്മിൽ പറഞ്ഞ വളിച്ച കോമഡി ഏതായലും അവർക്ക് മനസിലായിട്ടില്ല. പിന്നെ ഒരു ലിഫ്റ്റ് കിട്ടാൻ ഒരു ചീപ് കളി കളിച്ചു. സാരമില്ല. ഞാൻ സ്വയം സമാധാനിച്ചു. അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം?ഇത് കൊലപാതക കേസ് ഒന്നുമല്ലല്ലോ. കൂടിവന്നാൽ ഈ ജോലി കിട്ടില്ല. അത്ര തന്നെ. എന്റെ ബയോ ഡാറ്റയിൽ നിന്ന് മുഖമുയർത്തി അവർ ഒരുചോദ്യം. “മാത്യു ,പാലാക്കാരൻ ആണ് അല്ലെ”? ഈശ്വര ഇവർ മലയാളി ആണോ ?വായിലെ ഉമിനീർ വറ്റിപോയി.”കൂട്ടുകാരൻ എവിടെ,?നിങ്ങളുടെ അസിസ്റ്റന്റ്?” ഒന്നും പറയാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു.ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനമില്ല. അവർ പറഞ്ഞു.”ഇരിക്കൂ” ഞാൻ അറിയാതെ ഇരുന്നുപോയി.അപ്പോൾ ഞാൻ തീരുമാനിച്ചു,ഇവരെ അങ്ങിനെ ജയിക്കാൻ അനുവദിക്കരുത്. “അല്ല.കാഞ്ഞിരപ്പള്ളിയാണ്”ഞാൻ വെറുതെ തട്ടിവിട്ടു. “അവിടെ?” “കൊട്ടാരത്തിൽ ജോസഫ് എന്ന് കേട്ടിട്ടുണ്ടോ?”അറിയുന്ന ഏറ്റവും വലിയ പണക്കാരന്റെ പേര് വെറുതെ പറഞ്ഞതാണ്. “കേട്ടിട്ടുണ്ട് ,എന്നുമാത്രമല്ല അടുത്തറിയും എൻ്റെ പപ്പയാണ്”അവർ തുടർന്നു. “പപ്പാ വലിയ തമാശക്കാരനാണ്.” ഞാൻ ശരിക്കും വിയർത്തുപോയി.അവരെ പറ്റിക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ആളിന്റെ പേര് പറഞ്ഞതാണ്. “എൻ്റെ പപ്പയുടെ ഓരോ താമാശുകൾ..അതുപോകട്ടെ ,അപ്പോൾ എന്റെ ജോലിയുടെ കാര്യം എങ്ങിനെ?” ഇത്രയുമായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു “പേരെന്താ?” “നിങ്ങളുടെ തരികിട കളി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിങ്ങൾ മലയാളികളാണെന്ന്”അവർ പറഞ്ഞു.അടുത്ത ചോദ്യത്തിൽ ശരിയ്ക്കും ഞാൻ ചമ്മി. .”നിങ്ങളുടെ സ്റ്റീയറിങ് കൂട്ടുകാരന്റെ കയ്യിലാണോ?” “അത് വെറുതെ.വഴി അറിഞ്ഞുകൂടാത്തതുകൊണ്ട് ലോഡ്ജിൽ നിന്നും കൂട്ടികൊണ്ടു വന്നതാണ് അയാളെ..” അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.ബോർഡിൽ ഉള്ളവർ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണം. ഇന്റർവ്യൂ കഴിഞ്ഞുപുറത്തിറങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള എൻ്റെ അടുത്ത ഒരു സുഹൃത്ത് ,ജെയിംസിനെ ഓർമ്മ വന്നു.ഏതായാലും അവനെ ഒന്ന് വിളിച്ചു നോക്കാം. സംസാരമദ്ധ്യേ അവനോട് കാര്യം പറഞ്ഞു,”എടാ നീ കൊട്ടാരത്തിൽ ജോസഫ് ചേട്ടനെ അറിയുമോ?” “അറിയും.ഞങ്ങളുടെ അടുത്ത ബന്ധു ആണ്”. “പുള്ളിക്കാരന്റെ മകളെ ഇന്ന് പരിചയപ്പെട്ടു” “മകളെ?” “അതെ.ബാംഗ്ലൂരിൽ വച്ച്” “അതിന് അങ്കിളിന് മകളില്ലല്ലോ” “നീ എന്താ പറഞ്ഞത്?.മകൾ ഇല്ലന്നോ?” “അങ്കിളിന് പെണ്മക്കളില്ല.രണ്ട് ആണ്കുട്ടികളേയുള്ളു.” അപ്പോൾ ഞാൻ വെറും മത്തായി . ശശി വീണ്ടും ശശി ആയി എന്ന് പറയുന്നതുപോലെ മത്തായി വീണ്ടും വെറും മത്തായി. എന്നാൽ പോസ്റ്റിൽ അടുത്ത ദിവസം വന്ന ലെറ്റർ തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടിപ്പോയി. N.G.E.F.ൽ HR ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ആയി ജോലിക്കുള്ള ഓഫർ ലെറ്റർ ആയിരുന്നു അത്. (തുടരും) ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ"   നോവൽ അദ്ധ്യായം -2   ജോൺ കുറിഞ്ഞിരപ്പള്ളി
ജോൺ കുറിഞ്ഞിരപ്പള്ളി ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ്‌ എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.തൽക്കാലം ഒരു താമസസ്ഥലം വേണം.പിന്നെ ജോലി കിട്ടിയാൽ നോക്കാം എന്ന ഒരു ചിന്തയായിരുന്നു. മലബാർ ലോഡ്ജിൽ വച്ച് പരിചയപ്പെട്ടവരിൽ ഉണ്ണികൃഷ്ണൻ വളരെ ഡീസൻറ് ആയിരുന്നു.അതിനുംകൂടി തരികിടയായിരുന്നു ഒന്നിച്ചു താമസിക്കുന്ന ജോൺ സെബാസ്റ്റ്യൻ. എന്റെ കഥ കേട്ട ഉണ്ണികൃഷ്ണൻ പറഞ്ഞു,അവൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന്.അങ്ങിനെ അവൻ പറഞ്ഞ ജോലിയും കാത്തിരിക്കുമ്പോളാണ് ജോൺ സെബാസ്റ്റ്യൻ ഡെക്കാൻ ഹെറാൾഡിൽ വന്ന ഒരു പരസ്യവും ആയി വരുന്നത്. “മാഷേ ഇതൊന്ന് പരീക്ഷിച്ചു നോക്ക്”. ഡൊമലൂറിലുള്ള NGEF. ൽ നാളെ സ്പോട് ഇന്റർവ്യൂ നടക്കുന്നു. ഡീറ്റെയിൽസ് നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നി.ജോലി HR division ൽ അസിസ്റ്റന്റ് ആയിട്ടാണ്.CV യുമായി ഇന്റർവ്യൂ ന് നേരിട്ടു ഹാജരാകണം. സ്ഥലപരിചയം ഇല്ലാത്തതുകൊണ്ട് ജോൺ സെബാസ്റ്റ്യൻ കൂടെ പോരാം എന്ന് സമ്മതിച്ചു.. കാലത്തുതന്നെ ഞങ്ങൾ റെഡി ആയി, ശിവാജി നഗറിൽ നിന്നും ബസ്സ് കയറി ഡൊമലൂരേക്ക്. നിർഭാഗ്യവശാൽ ഡൊമലൂരെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനുപകരം HAL സ്റ്റോപ്പിലാണ് ഞങ്ങൾ ഇറങ്ങിയത്.ഒരു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമേയുള്ളൂ.തിരക്കുള്ള സമയമാണ്.എത്ര ശ്രമിച്ചിട്ടും ഒന്നും നിർത്തുന്നുമില്ല. “നമുക്ക് വല്ല കാറിനും കൈ കാണിച്ചു നോക്കാം ഇനി അരമണിക്കൂറേയുള്ളു,പിന്നെ അവർ ഗേറ്റ് ക്ളോസ്സ് ചെയ്യും” വേവലാതിപ്പെട്ടു നിൽക്കുമ്പോളാണ് ഒരു പ്രൈവറ്റ് കാർ വരുന്നത് കണ്ടത്.ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുക തന്നെ.ജോൺ സെബാസ്റ്റ്യൻ റോഡിന് നടുവിലേക്ക് കയറി നിന്നു. കാർ നിന്നു.വണ്ടി ഓടിച്ചിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരി ആയിരുന്നു.ദേഷ്യപ്പെട്ടു അവർ ചോദിച്ചു. “വാട്ട് ടു യു വാണ്ട്?” “മാഡം ഞങ്ങൾക്ക് അടിയന്തിരമായി ഒന്ന് ഡൊമലൂർ വരെ പോകണം.ഞങ്ങളുടെ കാർ ബ്രേക്‌ ഡൌൺ ആയിപോയി. മാഡം ആ വഴിയാണ് പോകുന്നതെങ്കിൽ ഞങ്ങളെ ഒന്ന് ഡൊമലൂർ വിടാമോ?.”അവൻ നല്ല ഫ്ലുവൻറ് ആയി ഇംഗ്ലീഷിൽ സംസാരിക്കും,എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഇതുപറഞ്ഞിട്ട് അവൻ എന്നെ ആ സ്ത്രീ കാണാതെ കണ്ണിറുക്കികാണിച്ചു. “എന്നിട്ട് നിങ്ങളുടെ കാർ ഏവിടെ?” “അതുകണ്ടില്ലേ അവിടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.” ആരുടെയോ ഒരു കാർ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്നത് അവൻ ചൂണ്ടി കാണിച്ചു. “എന്താ അത്യാവശ്യം?”.അവർ വിടുന്ന ലക്ഷണമില്ല. “നോക്കു മാഡം ഇദ്ദേഹം NGEF ൽ HR മാനേജർ ആണ്”. എന്നെ ചൂണ്ടി അവൻ പറഞ്ഞൂ.”ഞാൻ അസിസ്റ്റന്റും .ഇന്ന് അവിടെ ഒരു ഓപ്പൺ റിക്രൂട്ടിറ്മെന്റ് ഉണ്ട്.ഞങ്ങൾ താമസിച്ചാൽ റിക്രൂട്ട്മെന്റ് എല്ലാം കുഴയും.” “നിങ്ങൾ HR ൽ മാനേജർ ആണ്?” “അതെ.” അല്ലാതെ ഇനിഎന്തുപറയാനാണ്?ആ ദ്രോഹി വായിൽ വരുന്നതുപോലെ തട്ടി വിടുകയാണ്. അവർ ഒരു കറുത്ത വലിയ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ട് അവരുടെ മുഖഭാവം മനസിലാക്കാൻ വിഷമമായിരുന്നു. “ശരി ,കയറിക്കോളൂ,ഞാൻ കൊണ്ടുപോയി വിടാം.” താങ്ക്സ് പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഇരുന്നു .”ഒരു HR manger ആയി ജോലിചെയ്യുന്ന ആൾ റോഡിന്റെ നടുക്കുകയറി നിന്ന് മറ്റുള്ളവരുടെ വാഹനം തടഞ്ഞു നിർത്തുന്നത് അത്ര മരിയാദയൊന്നുമല്ല ” “സോറി മാഡം,അത്യാവശ്യം കാരണം ചെയ്തു പോയതാണ്.സോറി”ഞാൻ പറഞ്ഞു. പെട്ടന്നാണ് ആ യുവതിയുടെ അടുത്ത ചോദ്യം,”NGEF എന്ത് ഫാക്ടറി ആണ്?എന്താണ് നിങ്ങളുടെ പ്രോഡക്ട്?” “അത് ഒരു ടെക്സ്റ്റയിൽ മിൽ ആണ്.ലോകത്തിലെ തന്നെ ഏറ്റവും മോഡേൺ ടെക്സ്റ്റെയ്ൽ മിൽ ആണ് ഞങ്ങളുടേത് .”ജോൺ സെബാസ്റ്റ്യൻ പറഞ്ഞു. “നിങ്ങൾ HR മാനേജർ ആണ് എന്നല്ലേ പറഞ്ഞത്?എനിക്ക് അവിടെ വല്ല ജോലിയും കിട്ടാൻ സാധ്യതയുണ്ടോ?” ചോദ്യം എന്നോടായിരുന്നെങ്കിലും ജോൺ സെബാസ്റ്റ്യൻ ആണ് മറുപടി പറഞ്ഞത്. “നിങ്ങൾ CV തരു.ഞാൻ ശ്രമിക്കാം.”ജോൺ സെബാസ്റ്റ്യൻ വിടുന്ന ലക്ഷണമില്ല. “മാഡം രാവിലെ എവിടെപോകുന്നു?” “ഷോപ്പിംഗ്”. “നിങ്ങൾ എന്ത് ലക്കി ആണ് .കാലത്തുതന്നെ ഷോപ്പിങ്” “ഷോപ്പിംഗ് എന്ന് പറഞ്ഞെങ്കിലും പച്ചക്കറി വാങ്ങാൻ പോകുകയാണ്.” “ഡാ,തള്ള നമ്മളെ ഒന്ന് വാരിയതാണെന്നു തോന്നുന്നു.ഏതായാലും മലയാളം മനസ്സിലാകില്ലാത്തത് നന്നായി.” “വാട്ട് ?” “നതിങ് മാഡം .” “ശരി ദാ ,ഡൊമലൂർ എത്തി ആ കാണുന്നതല്ലേ NGEF?”അവർ ബോർഡ് ചൂണ്ടി കാണിച്ചു. “അതെ,താങ്ക്സ് മാഡം .” “നിങ്ങളുടെ വിസിറ്റിംഗ് കാർഡ് തരൂ.ഞാൻ കോൺടാക്ട് ചെയ്യാം”അവർ എന്റെ നേരെ കൈ നീട്ടി. ഞാൻ വെറുതെ പോക്കറ്റിൽ തപ്പിയിട്ടു പറഞ്ഞു. “കൈയ്യിൽ കാർഡ് ഒന്നും ഇല്ല.ജോലിക്ക് HR ൽ വന്ന് എന്നെ കോൺടാക്ട് ചെയ്താൽ മതി.” “തള്ളക്ക് വിസിറ്റിംഗ് കാർഡ് കിട്ടിയേ അടങ്ങു.”അവൻ ഒന്നു തോണ്ടി. ഞങ്ങൾ കാറിൽ നിന്നിറങ്ങി. അവർ വണ്ടി ഓടിച്ചുപോയി ഞൻ നോക്കുമ്പോൾ അവിടെ ഗെയ്റ്റിൽ NGEF (New Government Electric Factory collabration with AEG ) എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്. അതാണ് അവൻ ടെക്സ്റ്റയിൽ മിൽ ആക്കി കളഞ്ഞത്. അവർ ആ ബോർഡ് കണ്ടോ ആവോ? ഭാഗ്യത്തിന് അവർ ഗേറ്റിലേക്ക് കാർ കൊണ്ടുവരാതിരുന്നത് നന്നായി. ഞാൻ ഒരു മിടുക്കനല്ലേ എന്ന ഭാവത്തിൽ അവൻ ചിരിച്ചു. ആ ചിരി അധികസമയം നീണ്ടു നിന്നില്ല.ഞങ്ങളെ കാറിൽ കയറ്റികൊണ്ടുവന്ന ആ സ്ത്രീ ഗേറ്റിലേക്ക് കാറുമായി വന്നു. “ചതിച്ചെടാ അവൾ ജോലിക്ക് നിന്നെ അന്വേഷിച്ചു വരുന്നതാണ്.കയ്യിൽ CV യും ഉണ്ട് എന്ന് തോന്നുന്നു. ഞാൻ വിളറി വെളുത്തു. “എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൻ പറഞ്ഞു. “ഇനി എല്ലാം നിൻറ്റെ തലവര പോലെയിരിക്കും” (തുടരും) ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ    നോവൽ അദ്ധ്യായം -1 ചിത്രീകരണം- അനുജ. കെ
[caption id="attachment_182514" align="alignleft" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]
ഒന്ന് ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു. എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി. പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ. രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്. നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത്‌ നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ. അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം. “മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.” ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. “മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”, കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല. “എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ. അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു.. മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി. പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ്‌ സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ് പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ. ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും. അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്. എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ. .സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”. കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല. ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു. വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം. എന്നിട്ട് ബാക്കി കാര്യം. ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു. ഒരു സപ്ലയർ വന്നു, “ഏനു ബേക്കു സർ” “എന്താ..?” ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി. ഞാനും അയാളും ഒന്നിച്ചു ഞെട്ടി. “എടാ,നീയോ?” “എടാ,മത്തായി..” “ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”? “നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “. അപ്പോൾ കുഴപ്പം എൻ്റെത് ആണ്. “ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?” “ഏതായാലും നീ ചായ കുടിക്ക് “, അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു. “നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?” ഞാൻ വെറുതെ ചിരിച്ചു. “ഇനി എന്താ നിൻ്റെ പരിപാടി?” ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം. “ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”. അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു . “മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”. “അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”. “മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.” “സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.” “നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”. “എൻ്റെ പേര് മാറ്റണോ?” “നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”.. ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി. അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം. ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി. പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു. മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു. അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?” “എന്താ?” “ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?” “ഉം.” “എന്താ പേര് എന്ന്”? “മാത്ത്……………മാത്യു.” “ചേട്ടൻ എത്ര വരെ പഠിച്ചു ?” “എട്ടിൽ പൊട്ടി.” “കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.” “ഉം “. “ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം “എന്തിൻ്റെ ക്യു?” അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ” അവിടെ നിന്നും ഞാൻ രക്ഷപെട്ടു രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”. ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം. എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി.. ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.” “ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ. “എന്താ?” “ഇല്ല സത്യമായിട്ടും പറയില്ല.” അവന് ആശ്വാസമായി. പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ. ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക. മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്. അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു. (തുടരും ) [caption id="attachment_182514" align="alignleft" width="202"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]    
RECENT POSTS
Copyright © . All rights reserved