A Level
പരീക്ഷകളില്‍ മോശം റിസല്‍ട്ടുണ്ടാകുമെന്ന് ഭയന്ന് കുട്ടികളെ സ്‌പോര്‍ട്‌സില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പഠനം. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് പരീക്ഷാഫലത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് പുതിയ പഠനം കണ്ടെത്തി. ദി ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് (എച്ച്എംസി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ ഗ്രേഡുകളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് എച്ച്എംസി വ്യക്തമാക്കുന്നത്. 19 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ 1482 വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെ ജിസിഎസ്ഇ ഫലവും അവരുടെ സ്‌പോര്‍ട്‌സിലെ പങ്കാളിത്തവും നിരീക്ഷണത്തിനു വിധേയമാക്കി. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഹോക്കി, നെറ്റ്‌ബോള്‍, റഗ്ബി, ടെന്നീസ് തുടങ്ങിയ കളികളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്. മിക്ക രക്ഷിതാക്കളും ധരിച്ചിരിക്കുന്നതു പോലെ സ്‌പോര്‍ട്‌സില്‍ കുട്ടികളുടെ പങ്കാളിത്തം അവരുടെ പഠനത്തെയോ പരീക്ഷാഫലത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവന്‍ പ്രൊഫ.പീറ്റര്‍ ക്ലോഫ് പറഞ്ഞു. സ്‌പോര്‍ട്‌സില്‍ പങ്കെടുത്തവര്‍ ജിസിഎസ്ഇ ഫലങ്ങളില്‍ പിന്നോട്ടു പോയതിന് യാതൊരു തെളിവുമില്ല. എന്നാല്‍ സ്‌പോര്‍ട്‌സിന് ഒട്ടേറെ ഗുണവശങ്ങള്‍ പഠനത്തില്‍ ചെലുത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സന്തോഷമുള്ളവരും മാനസികാരോഗ്യമുള്ളവരും ശക്തരുമായി മാറാന്‍ സ്‌പോര്‍ട്‌സ് സഹായിക്കും. സ്ഥിരമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് ഗുണമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാനസികാരോഗ്യവും സ്‌പോര്‍ട്‌സും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നും പ്രൊഫ.ക്ലോഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി റിവൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോലും സ്‌പോര്‍ട്‌സ് ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ പഠനം മുന്നോട്ടു വെക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യോതര പ്രവര്‍ത്തനങ്ങളായ മ്യൂസിക്, ഡ്രാമ തുടങ്ങിയവയില്‍ പങ്കെടുക്കുന്നത് പഠനത്തെ ബാധിക്കുമോ എന്നും പ്രൊഫ.ക്ലോഫ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വിദ്യാര്‍ത്ഥിയുടെ അക്കാഡമിക് പ്രകടനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമായത്.
എ-ലെവല്‍ പരീക്ഷാഫലം ഇന്ന് പുറത്തുവരും. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നിര്‍ണ്ണയിക്കുന്ന സുപ്രധാന ദിവസം കൂടിയാണ് എ-ലെവല്‍ പരീക്ഷയുടെ ഫലം പുറത്തു വരുന്ന ഈ ദിവസം. സ്‌കൂളുകളിലും കോളേജുകളിലും ഫലങ്ങള്‍ ലഭ്യമാകും. യുസിഎസ് ട്രാക്കില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏത് യൂണിവേഴ്‌സിറ്റിയിലാണ് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതെന്ന വിവരവും അറിയാന്‍ കഴിയും. രാവിലെ 8 മണി മുതല്‍ യുസിഎഎസ് ട്രാക്ക് ഓപ്പണ്‍ ആയിരിക്കും. യുസിഎഎസില്‍ ലോഗിന്‍ ചെയ്യാന്‍ ഇത്രയും മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. വെല്‍കം ഇമെയിലില്‍ നിങ്ങള്‍ക്ക് ലഭിച്ച പേഴ്‌സണല്‍ ഐഡിയും അപ്ലൈ ചെയ്തപ്പോള്‍ ഉപയോഗിച്ച പാസ് വേര്‍ഡുമാണ് ഇതിന് ആവശ്യം. ട്രാക്ക് ചെക്ക് ചെയ്ത് നിങ്ങളുടെ സ്ഥാനം എവിടെയെന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ പ്ലേസ് അണ്‍കണ്ടീഷണല്‍ ആണെങ്കില്‍ യൂണിവേഴ്‌സിറ്റിയോ കോളേജോ നിങ്ങളുടെ സ്റ്റാറ്റസ് അവര്‍ക്ക് എ ലെവല്‍ ഫലങ്ങള്‍ ലഭിക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. കണ്ടീഷനുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ സ്റ്റാറ്റസ് ലഭിക്കില്ല. കൂടുതല്‍ കോഴ്‌സുകളിലേക്ക് അപ്ലൈ ചെയ്തുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഫലം ലഭിക്കുകയും ആദ്യ ചോയ്‌സിനേക്കാള്‍ മെച്ചപ്പെട്ട കണ്ടീഷനുകള്‍ ലഭിക്കുകയും ചെയ്താല്‍ അഡ്ജസ്റ്റ്‌മെന്റ് ഉപയോഗിച്ച് മറ്റ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ക്ക് ലഭിച്ച ഓഫറുകള്‍ക്ക് റിപ്ലൈ നല്‍കുകയും ഒരു കണ്ടീഷണല്‍ പ്ലേസ് ഹോള്‍ഡ് ചെയ്യുകയുമാണെങ്കില്‍ ഏത് യൂണിവേഴ്‌സിറ്റിയാണ് നിങ്ങളുടെ കണ്ടീഷനുകള്‍ സ്വീകരിച്ചതെന്നും പ്രവേശനം നല്‍കിയതെന്നും സ്ഥിരീകരിക്കുന്നതു വരെ യുസിഎഎസ് സാവകാശം നല്‍കും.
കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും. ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.
RECENT POSTS
Copyright © . All rights reserved