Alfi Evans
ജീവന്‍ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലും കൊണ്ടുപോകാന്‍ തയ്യാറായിരുന്ന മാതാപിതാക്കളെയും പിന്തുണയുമായെത്തിയവരെയും കണ്ണീരിലാഴ്ത്തി ആല്‍ഫി ഇവാന്‍സ് ജീവന്‍ വെടിഞ്ഞു. ലൈഫ് സപ്പോര്‍ട്ട് കുട്ടിക്ക് തുടര്‍ന്ന് നല്‍കാന്‍ വേണ്ടിയുള്ള നിയമയുദ്ധത്തില്‍ പിതാവ് ടോം ഇവാന്‍സും അമ്മ കെയ്റ്റ് ജെയിംസും പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുകയായിരുന്നു. 23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു. ''എന്റെ പോരാളി അവന്റെ പടച്ചട്ട താഴെ വെച്ച് ചിറകുകള്‍ സ്വീകരിച്ചു'' എന്ന് ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.' തിങ്കളാഴ്ച രാത്രിയാണ് കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 2.30ന് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ഉപകരണങ്ങള്‍ നീക്കിയെങ്കിലും 9 മണിക്കൂറോളം കുട്ടി ഇവയുടെ സഹായമില്ലാതെ ശ്വസിച്ചുവെന്ന് ടോം അറിയിച്ചിരുന്നു. റോമിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞിന് തുടര്‍ ചികിത്സ നല്‍കിയതുകൊണ്ട് ഫലമില്ലെന്ന് ആശുപത്രിയധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യാന്‍ കോടതി ആശുപത്രിക്ക് അനുമതി നല്‍കിയെങ്കിലും ടോം ഇവാന്‍സിന്റെ അപ്പീലുകളുടെ പശ്ചാത്തലത്തില്‍ നടപടി നീളുകയായിരുന്നു. ആള്‍ഡര്‍ ഹേയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സക്കായി രാജ്യത്തിനു പുറത്തു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ടോം ഇവാന്‍സ്. ഇതിനായി ഇയാള്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടകരമായിരിക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്ന് കോടതി അനുമതി നിഷേധിച്ചു. എയര്‍ ആംബുലന്‍സ് കൊണ്ടുവന്ന് കുട്ടിയെ മാറ്റാനുള്ള ശ്രമം പോലും കോടതി തടഞ്ഞിരുന്നു. ആശുപത്രിക്കു മുന്നില്‍ കുഞ്ഞിനു വേണ്ടി നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.
ആല്‍ഫി ഇവാന്‍സിനെ രക്ഷിക്കാന്‍ മൂന്നാമതൊരു മാര്‍ഗമുണ്ടെന്ന് വെളിപ്പെടുത്തലുമായി പോളീഷ് ടിവി ഡിറ്റക്ടീവ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്നാല്‍ നിര്‍ദേശത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇദ്ദേഹം പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ബ്രിട്ടീഷ് നിയമം അനുസരിച്ചുകൊണ്ടു തന്നെ നടപ്പിലാക്കാന്‍ പറ്റുന്നതാണ് പ്രസ്തുത മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി നിയമ യുദ്ധങ്ങളാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍ നടത്തിയത്. കുഞ്ഞിനെ ഇറ്റലിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതര്‍ അനുവദിക്കാതിരുന്നതോടെയാണ് ടോം ഇവാന്‍സ് കോടതിയെ സമീപിച്ചത്. കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് അപകടമുണ്ടാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വന്തമായി ഒരു ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നയാളാണ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. കൂടാതെ വളരെ പ്രചാരം നേടിയ ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിലവിലെ രണ്ട് തരത്തിലുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജീവിതം. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദൗത്യം നിറവേറ്റാനായി മൂന്നാമത്തെ മാര്‍ഗം സ്വീകരിക്കുകയാണ് നല്ലതെന്ന് ക്രിസ്റ്റോഫ് പറഞ്ഞു. പക്ഷേ ഈ മാര്‍ഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് മാത്രമെ വ്യക്തമാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ട് ക്രിസ്റ്റോഫ് ലിവര്‍പൂളിലെത്തിയിട്ടുണ്ട്. ടോം ഇവാന്‍സിനെ ഇയാള്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. അതേസമയം സഹായങ്ങളുമായി എത്തുന്നവരില്‍ നിന്നും തെറ്റായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സീനിയര്‍ ജഡ്ജ് ലോര്‍ഡ് ജസ്റ്റിസ് മക്ഫര്‍ലാന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ആള്‍ഫിക്കായി പ്രതിഷേധ പരിപാടികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ആല്‍ഫി ഇവാന്‍സ് ആര്‍മി എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആല്‍ഫിക്ക് ഉണ്ടായിരിക്കുന്ന മസ്തിഷ്‌ക രോഗത്തിന് ചികിത്സകള്‍ ഫലം ചെയ്യില്ലെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പോരാടുകയാണ് ആല്‍ഫിയും മാതാപിതാക്കളും. മകന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ടോം ഇവാന്‍സ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലി പൗരത്വം നല്‍കിയിരുന്നു. വിഷയത്തില്‍ സഹായ വാഗ്ദാനവുമായി പോളീഷ് സര്‍ക്കാരും രംഗത്ത് വന്നിട്ടുണ്ട്.
ആല്‍ഫി ഇവാന്‍സിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി ആല്‍ഫിക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരാണ്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ശക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫിക്ക് വേണ്ടി ആളുകള്‍ തടിച്ചുകൂടുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ലണ്ടന്‍, ബെല്‍ഫാസ്റ്റ്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. പ്രക്ഷോഭം വര്‍ദ്ധിച്ചതോടെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ആശുപത്രിക്ക് വെളിയിലിറങ്ങുമ്പോള്‍ യൂണിഫോം മറച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായേക്കാമെന്ന പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് രംഗത്ത് വന്നു. ആല്‍ഫിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഈ ഘട്ടത്തില്‍ സംയമനം പാലിക്കണമെന്നും ആശുപത്രി അധികൃതരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇവാന്‍സ് വ്യക്തമാക്കി. ഡോക്ടര്‍മാരുമായുള്ള യോഗത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇവാന്‍സ് അറിയിച്ചിരുന്നു. നേരത്തെ ആശുപത്രി തങ്ങളെ ക്രിമിനലുകളെപ്പോലെയാണ് കാണുന്നതെന്ന് ഇവാന്‍സ് ആരോപിച്ചിരുന്നു. ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ നിന്നുള്ള എംഇപിയായ സ്റ്റീവന്‍ വൂള്‍ഫ് കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ആല്‍ഫിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം തന്നെയാണ് കാംമ്പയിന്‍ ആരംഭിച്ച വിവരം അറിയിച്ചത്. ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ടോം ഇവാന്‍സ് പ്രതിഷേധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ഹാളില്‍ ആല്‍ഫിക്ക് വേണ്ടി നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. നൂറു കണക്കിന് പേരാണ് ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത്. സമരങ്ങളില്‍ ഒരോ ദിവസം കൂടുന്തോറും ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരുന്നു. പക്ഷേ യാത്രയെ അതിജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കോടതി തടയുകയായിരുന്നു.
RECENT POSTS
Copyright © . All rights reserved