Alfie evans
ബിനോയി ജോസഫ് തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും  രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും  കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി. "ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു".. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു.  ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു. മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക്‌ എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു.  മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല. ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി.  തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല. ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല.  ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു. ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ  ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി... ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.
ആല്‍ഫി ഇവാന്‍സിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആല്‍ഫീസ് ആര്‍മി എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ വരും ദിവസങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ഫിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. റോമിലേക്കുള്ള യാത്ര കുട്ടി അതിജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ വാദം കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചത്. കോടതി വിധി പുറത്ത് വന്നതിന് ശേഷം ആല്‍ഫിയുടെ മാതാവ് കേയിറ്റ് ജെയിംസ് പുറത്തുവിട്ട ആശുപത്രി ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ബോധരഹിതനായി കിടക്കുന്ന കുട്ടിയുടെ കവിളില്‍ തലോടി അടുത്തിരിക്കുന്ന കെയിറ്റിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. സമീപത്തായി പിതാവ് ഇവാന്‍സ് കിടക്കുന്നതും കാണാമായിരുന്നു. 'എന്റെ ലോകം നീ മാത്രമാണ് എനിക്ക് പ്രിയപ്പെട്ടവനെ' എന്ന അടികുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മസ്തിഷ്‌ക രോഗം ബാധിച്ച 23 മാസം മാത്രം പ്രായമുള്ള ആല്‍ഫി ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിനൊടപ്പം പോരാടുകയാണ് ഇവാന്‍സും കെയിറ്റും. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച ഇവാന്‍സിന് അനുകൂലമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചെങ്കിലും യാത്ര ചെയ്യാനുള്ള അനുമതി യുകെ കോടതി നിഷേധിച്ചു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ആല്‍ഫി. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലും കോടതി പരിസരത്തും ആല്‍ഫിക്ക് അനുകൂലമായ പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് തടിച്ചു കൂടിയത്. കുഞ്ഞിനെ റോമിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പ്രതിഷധകര്‍ ആവശ്യപ്പെട്ടു. ആല്‍ഫിക്ക് തെറ്റായ ചികിത്സയാണ് ലിവര്‍പൂള്‍ ആശുപത്രിയില്‍ നല്‍കുന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. അവന്‍ തിരിച്ചുവരുമെന്നാണ് മിക്ക ആളുകളും പ്രതീക്ഷിക്കുന്നത്. പകുതി അബോധാവസ്ഥയിലാണ് ആല്‍ഫിയിപ്പോള്‍. നേരത്തെ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ശ്വാസമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവ നീക്കം ചെയ്തതായി ഇവാന്‍സ് അറിയിച്ചു.
ആല്‍ഫി ഇവാന്‍സിനെ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കോടതി. ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് ആല്‍ഫിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം അംഗീകരിച്ച കോടതി റോമിലേക്ക് കുട്ടിയെ കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി. 23 മാസം മാത്രം പ്രായമുള്ള ആല്‍ഫിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ട് മാസങ്ങളായി. ലിവര്‍പൂളിലെ ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയാല്‍ ആല്‍ഫിയെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും കരുതുന്നത്. ഇതിനായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയത്. കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് ആല്‍ഫിയെ കൊണ്ടുപോകാനായി എയര്‍ ആംബലുന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ കുടുംബം നിരാശരായി. വിമാനമാര്‍ഗം കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാണെന്നും ആല്‍ഫി യാത്ര പൂര്‍ത്തീകരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അസുഖത്തോട് മല്ലിട്ട ഇത്രയും കാലത്തെ അനുഭവം കണക്കിലെടുത്ത് കുഞ്ഞ് ഇതിനെയും മറികടക്കുമെന്ന് മാതാപിതാക്കള്‍ വാദിച്ചു. കനത്ത പോലീസ് കാവലിലാണ് ഹര്‍ജിയില്‍ കോടതി വാദം കേട്ടത്. ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നതിന് തടസം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട നിരവധി പേര്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ആല്‍ഫിയെ ചികിത്സിക്കുന്ന ലിവര്‍പൂളിലെ ആശുപത്രിയില്‍ ഇരുനൂറോളം പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആശുപത്രി വാതില്‍ തള്ളിതുറന്ന് അകത്ത് കയറാന്‍ ശ്രമിച്ച ഇവരെ പോലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. നേരത്തെ ആല്‍ഫിക്ക് ഇറ്റലിയില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് ഇവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിന് പൗരത്വം അനുവദിക്കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചിരുന്നു. ആല്‍ഫിയുടെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ലിവര്‍പൂളില്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന രോഗത്തിന് ചികിത്സ അസാധ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പോപ്പ് ഫ്രാന്‍സിസിന്റെ ഇടപെടല്‍ ആല്‍ഫി ഇവാന്‍സിന് അനുഗ്രഹമാകുന്നു. കുഞ്ഞിന് പൗരത്വം നല്‍കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി അസുഖ ബാധിതനായി ലിവര്‍പൂളിലെ ആശുപത്രിയില്‍ കഴിയുകയാണ് ആല്‍ഫി ഇവാന്‍സ് എന്ന 23 മാസം പ്രായമുള്ള കുഞ്ഞ്. നിയമപ്രശ്‌നങ്ങള്‍ മൂലം ആല്‍ഫിയെ ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നടത്താന്‍ സഹായിക്കണമെന്ന് ആല്‍ഫിയുടെ പിതാവ് വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പോപ്പ് നടത്തിയ ഇടപെടല്‍ കാരണമാണ് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്. പൗരത്വം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ കുട്ടിയെ എത്രയും പെട്ടന്ന് ലിവര്‍പൂളിലെ ആശുപത്രിയില്‍ നിന്നും ഇറ്റലിയിലേക്ക് മാറ്റുമെന്നാണ് കരുതുന്നത്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേയ് ആശുപത്രിയില്‍ 200ലധികം പേര്‍ പ്രതിഷേധവുമായി എത്തി. ആശുപത്രി വാതിലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നേരത്തെ യൂറോപ്യന്‍ കോര്‍ട്ട്‌സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. റോമിലെ പ്രമുഖമായ രണ്ട് ചൈല്‍ഡ് സെപഷ്യാലിറ്റി ആശുപത്രികളില്‍ ആല്‍ഫിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് ഇറ്റലിയിലേക്ക് മാറ്റിയാല്‍ ഈ ആശുപത്രികളില്‍ എതെങ്കിലും ഒന്നിലായിരിക്കും കുഞ്ഞിന് ചികിത്സ നടത്തുക. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി തലവന്‍ ജോര്‍ജിയ മെലോനി രംഗത്ത് വന്നു. കഴിഞ്ഞ മാസം നടന്ന ജനറല്‍ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയാണ് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. എന്നാല്‍ ലിവര്‍പൂളിലെ ആശുപത്രി അധികൃതര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ വഴിത്തിരിവ് ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രി വൃത്തങ്ങള്‍ എന്തു തീരുമാനമായിരിക്കും എടുക്കുകയെന്ന് വ്യക്തമല്ല.
ആല്‍ഫി ഇവാന്‍സിനെ ചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രക്ഷിതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറി. യൂറോപ്പിലേക്ക് ചികിത്സക്കായി തന്റെ മകനെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്ന് പിതാവായ ടോം ഇവാന്‍സ് പറഞ്ഞു. കുട്ടിയെ അകാരണമായി ആശുപത്രിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എയര്‍ ആംബുലന്‍സ് എത്തുന്നത് തടഞ്ഞ കോടതി നടപടിക്കെതിരെയും മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാതാപിതാക്കള്‍ എന്ന നിലയില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ടോം ഇവാന്‍സിന്റെയും കെയ്റ്റ് ജെയിംസിന്റെയും അഭിഭാഷകര്‍ പറഞ്ഞു. നിയമവിരുദ്ധമായ തടങ്കലിനും അവകാശ നിഷേധത്തിനുമെതിരെ സുരക്ഷ നല്‍കുന്ന ഹേബിയസ് കോര്‍പസ് പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ക്രിസ്റ്റ്യന്‍ ലീഗല്‍ സെന്ററിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ പോള്‍ ഡയമണ്ട് വ്യക്തമാക്കി. 2016 മെയ് 9ന് ജനിച്ച ആല്‍ഫിക്ക് ഡീജനറേറ്റീവ് ന്യൂറോളജിക്കല്‍ രോഗമാണ് ഉള്ളത്. കുട്ടി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. തുടര്‍ ചികിത്സ ഫലം ചെയ്യില്ലെന്ന് വ്യക്തമായതിനാല്‍ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സും വിസമ്മതിച്ചു. രക്ഷിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ സ്റ്റേറ്റ് നിഷേധിക്കുകയാണെന്നും കുട്ടിയെ ജര്‍മനിയിലേക്കോ റോമിലേക്കോ മാറ്റണമെന്നുമാണ് ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും പറയുന്നത്. കുട്ടിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കാന്‍ ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് മാതാപിതാക്കള്‍. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നൂറ്കണക്കിനാളുകളാണ് ആള്‍ഡര്‍ ഹേയ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇന്നലെയാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
RECENT POSTS
Copyright © . All rights reserved