Baiju thittala
 ബിനോയി ജോസഫ് കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി. നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്. കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.
ബിനോയി ജോസഫ് നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും. ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.

മലയാളം യുകെ അറിയിപ്പ്

യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ  00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല. കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ രണ്ടു മലയാളികൾക്ക് ഉജ്ജ്വല വിജയം. കേംബ്രിഡ്ജിൽ ബൈജു വര്‍ക്കി തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് യുകെയില്‍ ലോയറായ ബൈജു വര്‍ക്കി തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു. അതേ സമയം ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മറ്റ് രണ്ട് മലയാളികള്‍ക്ക് വിജയിക്കാനായില്ല. സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫനാണ് പരാജയപ്പെട്ട മലയാളി സ്ഥാനാര്‍ഥികളില്‍ ഒരാള്‍. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ന്യൂഹാമിൽ മത്സര രംഗത്തുള്ള ഓമന ഗംഗാധരന്റെയും സുഗതൻ തെക്കേപുരയുടെയും തെരഞ്ഞെടുപ്പ് ഫലം ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
RECENT POSTS
Copyright © . All rights reserved