beena roy
തീര്‍ത്ഥാടനം ........................ അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു. നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു. അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍ സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു. ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍ ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു. അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു. പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു. വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം കവിതകളെന്നില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍ പദങ്ങളൂന്നി ഞാന്‍ നടക്കുന്നു. കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു. സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു. ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു. [caption id="attachment_92734" align="alignleft" width="249"] ബീന റോയ്[/caption]
ഋതുക്കളേ നിങ്ങള്‍ മുഖംതിരിക്കുക .................................................. വിജനമായ പൊന്തക്കാട്ടില്‍ ഈച്ചയാര്‍ക്കുന്നൊരു ജഡം ദയയ്ക്കുവേണ്ടി യാചിക്കുന്നവണ്ണം ആകാശത്തേക്ക് തുറന്നുവച്ച മിഴിയിണകള്‍ പുറത്തുവരാത്ത നിലവിളിയുടെ വേദനയില്‍ കോടിപ്പോയ ചുണ്ടുകള്‍ മുത്തുകളടര്‍ന്ന പാദസരത്തില്‍ മരിച്ചുകിടക്കുന്ന നൃത്തച്ചുവടുകള്‍ ആര്‍ത്തിമൂത്ത കഴുകന്റെ റാഞ്ചലില്‍ പിഞ്ഞിക്കീറിയ കുഞ്ഞുടുപ്പ് വിളറിത്തിണര്‍ത്ത പിഞ്ചുശരീരത്തില്‍ ഹിംസ്രമൃഗത്തിന്റെ വിരല്‍നഖപ്പാടുകള്‍ കല്ലേറ്റു പിളര്‍ന്ന തലയോട്ടിയില്‍ ഇപ്പോഴും മരിക്കാതെ ബാക്കിയായ സ്വപ്നങ്ങള്‍ തളംകെട്ടിയ ചോരയിലരിച്ച് വിശപ്പടക്കുന്ന ചോണനുറുമ്പുകള്‍ പിച്ചവച്ചുതുടങ്ങിയ ജീവിതത്തില്‍നിന്ന് അകാലത്തില്‍ പടിയിറക്കപ്പെട്ടവള്‍ കാത്തുപാലിക്കേണ്ടവന്‍ നിര്‍ദ്ദയം പിഴുതെടുത്ത പൂമൊട്ടിന്റെ ചതഞ്ഞ ശരീരം ജനനിയെ കാമിക്കുന്നവന് വിശപ്പടക്കുവാന്‍, മകള്‍ വെറും ലഘുഭക്ഷണം പിണത്തെയും ഭോഗിക്കുന്നവന് കഴുമരം മറ്റൊരാനന്ദമാര്‍ഗ്ഗം ഋതുക്കളേ, നിങ്ങള്‍ മുഖംതിരിക്കുക... ഇനിയുമിവിടെ പൂക്കള്‍ കൊഴിയാതിരിക്കുവാന്‍ വസന്തത്തെ ഈ ഭൂമിയില്‍നിന്ന് എന്നേയ്ക്കുമായി കുടിയിറക്കുക... [caption id="attachment_109841" align="alignleft" width="210"] ബീന റോയ്[/caption]
RECENT POSTS
Copyright © . All rights reserved