breast cancer
കീമോതെറാപ്പി ബ്രെസ്റ്റ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ കാരണമാകുമെന്ന് വെളിപ്പെടുത്തല്‍. കീമോതെറാപ്പിക്കായി സാധാരണ ഉപയോഗിച്ചു വരുന്ന രണ്ടു മരുന്നുകളാണ് രോഗം മറ്റിടങ്ങളിലേക്ക് പടര്‍ത്തുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. പാക്ലിടാക്‌സല്‍, ഡോക്‌സോറൂബിസിന്‍ എന്നീ മരുന്നുകളാണ് വില്ലന്‍മാരെന്നാണ് വ്യക്തമായിരിക്കുന്നത്. ട്യൂമറുകളില്‍ നിന്ന് പ്രോട്ടീനുകളെ രക്തത്തില്‍ കലരാന്‍ ഇവ സഹായിക്കുകയും രക്തത്തിലൂടെ അവ മറ്റ് അവയവങ്ങളില്‍ എത്തുകയും ചെയ്യും. ഈ പ്രോട്ടീന്‍ പുറത്തു വരാതെ തടഞ്ഞുകൊണ്ട് നടത്തിയ പരീക്ഷണങ്ങളില്‍ രോഗം പടരുന്നതായി കണ്ടെത്തിയില്ല. ടാക്‌സോള്‍ എന്ന പേരിലാണ് പാക്ലിടാക്‌സല്‍ അറിയപ്പെടുന്നത്. ഏഡ്രിയമൈസിന്‍ എന്നും ഡോക്‌സോറൂബിസിന്‍ അറിയപ്പെടാറുണ്ട്. ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളെ എക്‌സോസോമുകള്‍ എന്ന് അറിയപ്പെടുന്ന ദ്രാവകം നിറഞ്ഞ ചെറിയ കുമിളകള്‍ പുറത്തു വിടാന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സറിന് അനുബന്ധമായി സാധാരണ കാണപ്പെടുന്നത് ശ്വാസകോശം, അസ്ഥി, കരള്‍, മസ്തിഷ്‌കം എന്നിവിടങ്ങളിലെ ക്യാന്‍സറാണ്. എന്നാല്‍ ഇവ ഏതൊക്കെ അവയവങ്ങളിലെ ക്യാന്‍സറുകളാണ് സൃഷ്ടിക്കുന്നതെന്നത് അവ്യക്തമാണ്. ഈ കണ്ടെത്തല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പി കൂടുല്‍ ഫലപ്രദമായി നടത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്പിരിമെന്റല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ആണ് പഠനം നടത്തിയത്. സാധാരണ ഗതിയില്‍ ശസ്ത്രക്രിയക്കു മുമ്പാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പി നല്‍കുന്നത്. ട്യൂമര്‍ ചുരുങ്ങുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്. നിയോഅഡ്ജുവന്റ് തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി അനുവര്‍ത്തിക്കുന്നത് ആരോഗ്യമുള്ള കലകള്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത് ഒഴിവാക്കാനും സഹായിക്കും. ചില രോഗികളില്‍ കീമോതെറാപ്പി കഴിയുന്നതോടെ ട്യൂമര്‍ അപ്രത്യക്ഷമാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ശസ്ത്രക്രിയയുടെ ആവശ്യം ഉണ്ടാകാറില്ല. നിയോഅഡ്ജുവന്റ് തെറാപ്പിയില്‍ ട്യൂമര്‍ ഇല്ലാതാകുന്നത് വളരെ അപൂര്‍വം മാത്രമാണ്. ട്യൂമറിന്റെ വളര്‍ച്ച തടയാന്‍ കീമോതെറാപ്പിക്ക് സാധിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരും. യുകെയിലും അമേരിക്കയിലുമുള്ള സ്ത്രീകളില്‍ എട്ടിലൊരാള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചികിത്സിച്ചു ഭേദമാക്കാനാകാത്തതെന്ന് ഇതുവരെ കരുതിയിരുന്ന ഘട്ടത്തിലുള്ള സ്തനാര്‍ബുദത്തെ കീഴടക്കി പുതിയ തെറാപ്പി. ശരീരമാകമാനം പടര്‍ന്ന അര്‍ബുദത്തെ കീഴടക്കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സാ മേഖലയില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വിദഗ്ദ്ധര്‍. ക്യാന്‍സര്‍ കോശങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കിക്കൊണ്ടുള്ള ചികിത്സാരീതിയാണ് പരീക്ഷിച്ചത്. ജൂഡി പെര്‍കിന്‍സ് എന്ന 49കാരിയായ എന്‍ജിനീയറാണ് ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ലോകത്ത് തന്നെ ഇതാദ്യമായാണ് അന്തിമഘട്ട ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്നത്. വലത് സ്തനത്തില്‍ കണ്ടെത്തിയ ട്യൂമര്‍ നിരവധി കീമോതെറാപ്പി നല്‍കിയിട്ടും ഭേദപ്പെടുത്താനാകാതെ വന്നു. ഈ ട്യൂമര്‍ പിന്നീട് കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും കണ്ടെത്തി. മൂന്ന് വര്‍ഷം വരെ മാത്രമേ ഇവര്‍ ജീവിച്ചിരിക്കാനിടയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെയാണ് പുതിയ തെറാപ്പി ഇവരില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇമ്യൂണോതെറാപ്പിയുടെ ഒരു വകഭേദമായ ഈ ചികിത്സയില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ ബാധിച്ച കലകളില്‍ നിന്നുള്ള ഡിഎന്‍എയില്‍ പഠനം നടത്തി അവയുടെ സ്വഭാവം മനസിലാക്കുകയാണ് ആദ്യഘട്ടം. പിന്നീ്ട് ക്യാന്‍സര്‍ കോശങ്ങളെ നേരിടുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങളെ വേര്‍തിരിച്ചെടുത്തു. ഇവയെ ലബോറട്ടറിയില്‍ വളര്‍ത്തിയശേഷം ശരീരത്തില്‍ തിരികെ നിക്ഷേപിച്ചു. ഇതിനൊപ്പം പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ കൂടി നല്‍കിയായിരുന്നു ചികിത്സ. മേരിലാന്‍ഡിലെ യുഎസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പെര്‍ക്കിന്‍സ് ചികിത്സക്ക് വിധേയയായത്. ഈ തെറാപ്പി വളരെ ഫലപ്രദമായാണ് പെര്‍ക്കിന്‍സില്‍ പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പുതിയ പഠനം. രാജ്യത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്ന 5000ത്തിലധികം സ്ത്രീകളെ കീമോ തെറാപ്പിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുകെയിലെ ആരോഗ്യ രംഗവും ചാരിറ്റികളും പുതിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ചികിത്സാരംഗത്ത് ഇത് സമഗ്രമായ മാറ്റത്തിന് കാരണമാകുമെന്നാണ് സൂചന. ജെനറ്റിക് ടെസ്റ്റ് വഴി ചികിത്സാരീതിയെ നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് പുതിയ ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇത് വഴി കൃത്യമായി ചികിത്സ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. സമീപകാലത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മിക്കവര്‍ക്കും കീമോ തെറാപ്പിയോ അനുബന്ധ ചികിത്സകളോ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ മിക്ക രോഗികളും അനാവിശ്യമായി കീമോ തെറാപ്പിക്ക് വിധേയമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ വൈകാതെ തന്നെ രോഗികള്‍ക്ക് ലഭ്യമായി തുടങ്ങും. ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ലണ്ടനിലെ റോയല്‍ മഡിസണ്‍ ആശുപത്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അലിസറ്റെയര്‍ റിംഗ് വ്യക്തമാക്കി. കീമോ തെറാപ്പി നിര്‍ദേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസ് ചികിത്സ തേടുന്ന രോഗികള്‍ക്ക് പുതിയ ഗവേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സായിയിരിക്കും ഇനി ലഭിക്കുക. കീമോ തെറാപ്പിയുടെ പാര്‍ശ്യഫലങ്ങള്‍ പല രോഗികളെയും മാനസികമായി തളര്‍ത്തുന്നതാണ്. മുടി ഇല്ലാതാകുന്നത് മുതല്‍ പല കാര്യങ്ങളും രോഗികളെ തളര്‍ത്തുന്നു. ഇതിന്റെ അളവ് കുറയ്ക്കാനും പുതിയ പഠനം സഹായിക്കും. ആയിരക്കണക്കിന് രോഗികളായി സ്ത്രീകള്‍ക്ക് ജീവിതത്തെ മാറിമറിയുന്നതായിരിക്കും പുതിയ ചികിത്സാരീതിയെന്ന് ബ്രസ്റ്റ് ക്യാന്‍സര്‍ കെയറിലെ റാച്ചെല്‍ റാസണ്‍ പറഞ്ഞു. പലരും കീമോ തെറാപ്പിക്ക് വിധേയമാകുന്നത് ഡോക്ടര്‍മാരുടെ കൃത്യമായി രോഗ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. പുതിയ ടെസ്റ്റ് വരുന്നതോടെ ഈ പിഴവ് നികത്തപ്പെടും.
ബിനോയ്‌ ജോസഫ്‌ ജന്മനാടിനെ മറക്കാത്ത പ്രവാസികളുടെ സൗഹൃദക്കൂട്ടായ്മ കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ബ്രിട്ടനിൽ രൂപീകൃതമായ ജ്വാല എന്ന കൂട്ടായ്മയാണ് കുടുംബശ്രീയും ആരോഗ്യ വകുപ്പുമായി ചേർന്ന് കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. അങ്കമാലി താലൂക്കിന് കീഴിൽ വരുന്ന ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാരും പാലിശേരി പിഎച്ച്സിയിലെ സ്റ്റാഫുകളും കുടുംബശ്രീ പ്രവർത്തകരും ജ്വാലയോടൊപ്പം മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കും. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ പാലിശേരി കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുക്കും. ഡോ. രശ്മി എസ് കൈമൾ (കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ), ഡോ. സെറിൻ കുര്യാക്കോസ് (അസിസ്റ്റൻറ് സർജൻ ആൻഡ് ഫാമിലി ഫിസിഷ്യൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നല്കിക്കൊണ്ട്  ഇക്കോ ഫ്രണ്ട്ലിയായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്‌. കേരളത്തിലെ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ ബ്രിട്ടണിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിൽ രൂപപ്പെട്ടത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിലാരംഭിച്ച സൗഹൃദക്കൂട്ടായ്മയായ ജ്വാല സംഘടിപ്പിക്കുന്ന ആദ്യ ബോധവൽക്കരണ പരിപാടിയാണ് പാലിശേരിയിൽ നടക്കുന്നത്. മഹനീയമായ സ്ത്രീത്വത്തിന്റെ വേദനയുടെ നിസ്സഹായമായ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ്  ഈ ആശയം പ്രവർത്തന പഥത്തിലെത്തിക്കാൻ ബോബിയ്ക്കും സുഹൃത്തുക്കൾക്കും  പ്രചോദനമായത്. വിദേശങ്ങളിൽ താമസിക്കുന്നവർക്ക് ചികിത്സാ ചിലവ് ഒരു  വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു സാന്ത്വനമാകുവാനാണ് 'ജ്വാല ' എന്ന ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ സ്തനാർബുദ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല, അല്ലെങ്കിൽ പോകാൻ മടിക്കുന്നു സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബശ്രീയടക്കമുള്ള സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങിന് എന്നിവയ്ക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് 'ജ്വാല' പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന ജ്വാലയ്ക്ക് പിന്തുണയുമായി കേരളത്തിലെ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജ്വാലയുടെ പ്രവർത്തകർ. കേരളത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി ജ്വാല ഹള്ളിൽ ഫണ്ട് റെയിസിംഗ് ഇവൻറ് സംഘടിപ്പിച്ചിരുന്നു.
ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും. 2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.
Copyright © . All rights reserved