BREXIT PARTY
വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
നൈജല്‍ ഫരാഷിനും അദ്ദേഹത്തിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിക്കും ജനപിന്തുണയേറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍, കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളില്‍ ആശങ്കയേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നത്. തങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് മുതിര്‍ന്ന ടോറി, ലേബര്‍ നേതാക്കള്‍. രണ്ടു മുഖ്യധാരാ പാര്‍ട്ടികള്‍ ചേര്‍ന്നാലും ലഭിക്കുന്നതിനേക്കാള്‍ ജനപിന്തുണ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പുതിയ പോള്‍ വ്യക്തമാക്കുന്നത്. ഒബ്‌സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോളില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 34 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായത്. മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്നതായിരുന്നു ചോദ്യം. ലേബറിന് 21 ശതമാനം വോട്ടുകളും കണ്‍സര്‍വേറ്റീവിന് 11 ശതമാനം വോട്ടുകളും മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം പറയുന്നു. ഫരാഷിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ മൂന്നിലൊന്ന് മാത്രമേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിന് ലഭിക്കൂ എന്നതാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പോലും 12 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും. കഴിഞ്ഞ മാസം മാത്രം നിലവില്‍ വന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണയേറുന്നത് എംപിമാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുകെ ഡീലുകളൊന്നുമില്ലാതെ എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് നൈജല്‍ ഫരാഷിന്റെ അഭിപ്രായം. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഈ വാദം ശക്തമാകുമെന്നാണ് ആശങ്ക.
ലണ്ടന്‍: ബ്രെക്‌സിറ്റ് ഡേ മാര്‍ച്ച് 29ലും നീണ്ടുപോയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തെരേസ മേയ്ക്ക് മുന്‍ യു.കെഐപി നേതാവ് നിഗല്‍ ഫാര്‍ജിന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് ദിനം നീണ്ടുപോകുന്നത് ജനങ്ങളില്‍ വലിയ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല സമാനരീതിയില്‍ പ്രതികരിക്കുന്ന നിരവധിപേര്‍ ഈ രാജ്യത്തുണ്ടെന്നും നിഗല്‍ ഫാര്‍ജ് വ്യക്തമാക്കുന്നു. മേ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ പോരാടേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിഗല്‍ ഫാര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി'യെന്നാണ് പുതിയ രാഷ്ട്രീയ കക്ഷിക്ക് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് 'ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി'യെന്ന് നിഗല്‍ വ്യക്തമാക്കി കഴിഞ്ഞു. മേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിഗലിന്റെ നീക്കം. ഇതിന്റെ ഭാഗമായി 'ലീവ് മീന്‍സ് ലീവ്' റാലിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. മേ യുടെ നീക്കങ്ങള്‍ ജനവിരുദ്ധമാണെന്നും അതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞെന്നും നിഗല്‍ റാലിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്. മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു. അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ തന്നെ മേ പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുന്‍ കരാറില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ പുതിയ കരട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.
RECENT POSTS
Copyright © . All rights reserved