Brexit Plan B
ലണ്ടന്‍: ബ്രെക്‌സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്‌സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് പ്രതിസന്ധികള്‍ ഏറെയുണ്ട് മറികടക്കാന്‍. മൂന്നാമതും ബ്രെക്‌സിറ്റ് അംഗീകാരത്തിനായി എത്തുകയാണെങ്കില്‍ നേരത്തെ അവതരിപ്പിച്ച പോളിസികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ മേയ് തയ്യാറാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. വോട്ടെടുപ്പ് തടയുന്നതിലൂടെ സ്പീക്കര്‍ നല്‍കുന്ന മുന്നറിയിപ്പും അതാണെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം രണ്ടാമതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടതോടെ ഡിലേയ്ഡ് ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കുക. കൂടുതല്‍ സമയം ലഭിക്കുന്നത് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഗുണകരമാവുമെന്നാണ് മേയ് അനുകൂല എം.പിമാരുടെ പ്രതീക്ഷ. ആര്‍ട്ടിക്കിള്‍ 50ന്റെ പുനഃപരിശോധന ചര്‍ച്ചകള്‍ മേയ് നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ബ്രസ്സല്‍സുമായി ചര്‍ച്ച നടത്തിയേക്കും. ഈ വരുന്ന വ്യാഴായ്ച്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി മേയ് ബ്രെസ്സല്‍സിലേക്ക് പുറപ്പെടുന്നത്. മൂന്നാമതും പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പ് പോളിസിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ പുതിയ നീക്കങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.
പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മുമ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് ബ്രസല്‍സുമായി നടന്നു വന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോളും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സംശയമില്ല. മാര്‍ച്ച് 12 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ നിയമപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോയ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് വെറുംകയ്യോടെയാണ് മടങ്ങുന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകളാണ് അവതരിപ്പിച്ചതെന്നായിരുന്നു ബ്രസല്‍സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പായി കോക്‌സ് പറഞ്ഞത്. ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനും ബ്രെക്‌സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും കരുതുന്നു. വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്‌സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.
ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ചുള്ള പാര്‍ലമെന്റ് വോട്ടെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ച് പ്രധാനമന്ത്രി. മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടത്താനാണ് പുതിയ തീരുമാനം. അറബ് ലീഗുമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്റ്റിലെ ഷരം എല്‍ ഷെയിഖില്‍ എത്തിയപ്പോളാണ് മേയ് ഈ പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റ് തള്ളുകയും ചെയ്ത കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ബ്രെക്‌സിറ്റിന് രണ്ടാഴ്ച മാത്രം മുമ്പ് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റ് നീട്ടണമെന്ന വിഷയത്തിലും മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടക്കും. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലുള്ള കടുത്ത ബ്രെക്‌സിറ്റ് അമുകൂലികള്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്ന ചര്‍ച്ചയിലാണ്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന വിഷയത്തിലാണ് രണ്ടാമത് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് കരാര്‍ വോട്ടു ചെയ്ത് പരാജയപ്പെടുത്തണോ എന്ന് ഇവര്‍ ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 50 നീട്ടണമെന്നും ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട മൂന്ന് ക്യാബിനറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മേയ് അംഗീകരിച്ചിട്ടില്ല. ആംബര്‍ റഡ്, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നീ യൂറോപ്പ് അനുകൂല മന്ത്രിമാരാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ബാക്ക്‌ബെഞ്ച് ആവശ്യത്തിന് പിന്തുണ നല്‍കിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നായിരുന്നു ഇവര്‍ വിശദീകരിച്ചത്. എന്നാല്‍ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായില്ലെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തെരേസ മേയ് പിന്‍മാറിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ആശാവഹമാണെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതിനാല്‍ത്തന്നെ ഉപാധികളോടെയുള്ള ബ്രെക്‌സിറ്റ് ഉറപ്പാണെന്നാണ് മേയ് പറയുന്നത്. പാര്‍ലമെന്റ് വോട്ട് വൈകിപ്പിക്കുന്നതിലൂടെ തന്റെ കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നാണ് മേയ് കരുതുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കാനായി രണ്ട് മുന്‍ ക്യാബിനറ്റ് മന്ത്രിമാരാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. കണ്‍സര്‍വേറ്റീവിലെ ഒലിവര്‍ ലെറ്റ്വിനും ലേബറിലെ യിവറ്റ് കൂപ്പറുമാണ് പ്രമേയം അവതരിപ്പിച്ചത്.
ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ മേയുടെ സമീപനത്തില്‍ എംപിമാര്‍ വിയോജിപ്പ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നെഗോഷ്യേറ്റിംഗ് സമീപനം സംബന്ധിച്ചുള്ള പ്രമേയത്തെ 303 എംപിമാര്‍ എതിര്‍ത്തു. 258 എംപിമാര്‍ മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍ നിയമപരമായി സാധുതയില്ലാത്ത വോട്ടായതിനാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ സ്വാധീനിക്കാന്‍ ഇതിന് സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. അതേസമയം ബ്രെക്‌സിറ്റ് നയം പരാജയമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമീപനത്തിനെതിരെ ടോറി എംപിമാരില്‍ ചിലരും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നയിക്കുമെന്നാണ് കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ പോലും വിലയിരുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നിരാകരിക്കുന്ന എംപിമാരെല്ലാം സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാണ് വോട്ടു ചെയ്തത്. കടുത്ത ബ്രെക്‌സിറ്റ് വാദികള്‍ മാത്രമല്ല, റിമെയിന്‍ പക്ഷക്കാരായ ടോറി എംപിമാരും ഗവണ്‍മെന്റിന് പിന്തുണ നല്‍കിയില്ല. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ടോറി എംപിമാരായ പീറ്റര്‍ ബോണ്‍, സര്‍ ക്രിസ്റ്റഫര്‍ ചോപ്, ഫിലിപ്പ് ഹോളോബോണ്‍, ആന്‍ മാരി മോറിസ്, റിമെയിന്‍ പക്ഷത്തുള്ള സാറാ വോളാസ്റ്റണ്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ പിന്തുണക്കാതിരുന്നത്. പരാജയത്തില്‍ ജെറമി കോര്‍ബിനെയാണ് ഡൗണിംഗ് സ്ട്രീറ്റ് കുറ്റപ്പെടുത്തുന്നത്. ദേശീയ താല്‍പര്യത്തേക്കാള്‍ പക്ഷപാത സമീപനത്തിനാണ് പ്രതിപക്ഷം പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആരോപിച്ചു.
ലണ്ടന്‍: നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രം മെനയുന്നു. ഇതിനായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെയ് പ്രസ്താവിച്ചിരിക്കുന്നത്. പിന്നാലെ പ്ലാന്‍ ബി നേരത്തേ പരാജയപ്പെട്ട ഡീലിനു സമാനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് പ്ലാന്‍ ബിയുമായി മേയ് രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്ലാന്‍ ബിയും പരാജയപ്പെടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്ലാന്‍ ബിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന നിര്‍ദേശങ്ങള്‍ ആദ്യത്തെ കരട് രേഖയ്ക്ക് സമാനമാണ്. ബ്രസല്‍സുമായി പുനര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് നേരത്തെ മേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നടന്നാലും നോ ഡീല്‍ സാധ്യതകള്‍ ഇല്ലാതാവില്ല. കൂടാതെ മറ്റൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതയും മേയുടെ പുതിയ കരടില്‍ ഇല്ല. സമാനമായ രൂപരേഖയാണ് പാര്‍ലമെന്റില്‍ വീണ്ടും സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ മേയ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടോറികളിലെ വിമതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്ലാന്‍ ബി അംഗീകരിക്കപ്പെടുകയാണെങ്കില്‍ മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും. താന്‍ കൊണ്ടുവരാന്‍ പോകുന്ന കരാറിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയോ മാത്രമാണ് മൂന്നിലുള്ള ഏക വഴിയെന്ന് മേയ് എം.പിമാരോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലേബര്‍ എം.പിമാരുടെയും ടോറിയിലെ വിമതരുടെയും പിന്തുണ ലഭിക്കാനാവും മേ ആദ്യം ശ്രമിക്കുക. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സമര്‍പ്പിക്കപ്പെട്ട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്ലാന്‍ എയുടെ പേര് മാറ്റി പ്ലാന്‍ ബി എന്നാക്കുക മാത്രമാണ് മേ ചെയ്തിട്ടുള്ളതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു. എന്നാല്‍ ടോറികളും ഡിയുപിയും മേയ്ക്ക് പിന്തുണ നല്‍കിയാല്‍ പ്ലാന്‍ ബി പാസാവാനുള്ള സാധ്യത തെളിയും. ഇതിനാവും മേ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
RECENT POSTS
Copyright © . All rights reserved