Britain
ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected]) ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ... അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി 'സേവ് ദി ഡേറ്റും' വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു... സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്. പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു. പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്. എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്. സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്. ഡ്യൂക്കിനെസ്‌ മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്. FEDERAL BANK KOTTATHUR Rathesh Chandran A/C :12600100093593 IFSC FDRL 0001260 എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.
പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി. പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .
ബിനോയി ജോസഫ്, നോര്‍ത്ത് ലിങ്കണ്‍ഷയര്‍. ബ്രിട്ടീഷ് പാർലമെൻറിൽ നടന്നത് ചരിത്രത്തിൽ ഇടം പിടിക്കുന്ന മാരത്തൺ ചർച്ചകൾ ആണ്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്  പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ എട്ടു നിലയിൽ പൊട്ടിയിട്ടും ബ്രിട്ടണിൽ ബന്തുമില്ല.. ഹർത്താലുമില്ല.. ഒരു നിരാഹാര സമരം പോലുമില്ല... പേരിനൊരു കരിദിനം, അതുമില്ല. 1973 മുതൽ  അംഗമായിരുന്ന 28 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് മാറി നിൽക്കാനുള്ള നിർണായകമായ തീരുമാനത്തിലേയ്ക്ക് എത്താനുള്ള ഘട്ടംഘട്ടമായ നടപടികളിലൂടെ ബ്രിട്ടീഷ് ജനത കടന്നു പോകുന്നു. രാഷ്ട്രീയ ധാർമ്മികത എന്ന പരമപ്രധാനമായ തത്വത്തിന്റെ നിർവ്വചനത്തിനനുസരിച്ച് നില കൊണ്ട ബ്രിട്ടണിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും പക്വമായ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. 2016 ജൂൺ 23 ന് യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ വോട്ടു ചെയ്ത ബ്രിട്ടണിലെ 33 മില്യൺ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കുന്ന പ്രവർത്തനത്തിലാണ് ബ്രിട്ടീഷ് ഗവൺമെന്റ്. റഫറണ്ടം പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ റിസൽട്ട് വന്ന ഉടൻ രാജി പ്രഖ്യാപിച്ചു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരനായിരുന്ന ഡേവിഡ് കാമറൂൺ രാജ്യത്തിന്റെ നിയന്ത്രണം തെരേസ മേയ്ക്ക് കൈമാറി. തന്റെ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞത് പൂർണമായി അംഗീകരിച്ചു കൊണ്ട് ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് പാർട്ടിയിലെ വിഭാഗത്തിന് ഭരണ നിയന്ത്രണം കൈമാറാൻ ഡേവിഡ് കാമറൂൺ ഒരു വിമുഖതയും കാണിച്ചില്ല. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു പോലും അന്ന് പ്രധാനമന്ത്രിയുടെ രാജിയ്ക്കായി ആരും മുറവിളി ഉയർത്തിയില്ലെങ്കിലും രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ അദ്ദേഹം മുൻനിര രാഷ്ട്രീയത്തിൽ നിന്നു തന്നെ വിടവാങ്ങി. ഏറ്റവും ശ്രദ്ധേയമായ കാര്യം കഴിഞ്ഞ ആറു ദിവസങ്ങളായി പാർലമെൻറിൽ നടന്ന ചർച്ചയാണ്. നൂറു കണക്കിന് എംപിമാരാണ് ബ്രെക്സിറ്റ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി പാർലമെൻറിൽ വച്ച യൂറോപ്യൻ യൂണിയനുമായി തത്വത്തിൽ അംഗീകരിച്ച ഉടമ്പടിയുടെ മേലായിരുന്നു ചർച്ച. ചർച്ചകളെ തന്മയത്വത്തോടെ നിയന്ത്രിക്കാൻ സ്പീക്കർ ജോൺ ബെർക്കോയും. അദ്ദേഹത്തിന്റെ ഓർഡർ... ഓർഡർ കേട്ടാൽ പിന്നെ ഹൗസ് ഓഫ് കോമൺസിൽ പരിപൂർണ നിശബ്ദതയാണ്.. എം.പിമാർ സ്പീക്കറെ പേടിച്ചിട്ട് ചെയ്യുന്നതൊന്നുമല്ല. അതാണ് കീഴ് വഴക്കം. അത് സംരക്ഷിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നു. ഓരോ എംപിയും ചർച്ചയിൽ പങ്കെടുക്കുമ്പോൾ കാണിക്കുന്ന ഗൗരവകരമായ സമീപനം ഏവർക്കും മാതൃകയാണ്. കിട്ടുന്ന അവസരത്തിൽ ഉള്ള സമയം എന്തെങ്കിലും പറഞ്ഞു സമയം കളയാൻ അവരെ കിട്ടില്ല. സംസാരിക്കേണ്ട വിഷയം വേണ്ട വിധം പഠിച്ച് നോട്ടുകൾ തയ്യാറാക്കി പ്രധാനപ്പെട്ട എല്ലാ പോയിന്റുകളും സഭയിൽ അവതരിപ്പിക്കുന്ന എം പിമാരുടെ സമീപനം പ്രശംസനീയം തന്നെ. ഓരോ എംപിയ്ക്കും ലഭിക്കുന്ന സമയത്തിൽ ഒരു സെക്കന്റു പോലും സ്പീക്കർ അധികമായി നല്കാറില്ല എന്നു മാത്രമല്ല, എംപിമാർ സമയപരിധി മറികടക്കാൻ ശ്രമിക്കാറുമില്ല. ആവശ്യമുള്ള സന്ദർഭങ്ങളിൽ സ്പീക്കറുടെ ഓർമ്മപ്പെടുത്തൽ വരും... ഓർഡർ... ഓർഡർ.. തങ്ങളിലൊരാൾ സംസാരിക്കുമ്പോൾ മറ്റു അംഗങ്ങൾ അത് ശ്രദ്ധാപൂർവ്വം കേട്ടിരുന്ന് വിലയിരുത്തും. പാർലമെന്റിൽ ഇരുന്ന് ഉറങ്ങുന്നതിനെക്കുറിച്ച് ബ്രിട്ടണിലെ എം.പിമാർ ആലോചിച്ചിട്ടു പോലുമുണ്ടാവില്ല. പ്രതിപക്ഷ നേതാവിന് പ്രധാനമന്ത്രിയോട് പാർലമെൻറിൽ വച്ച് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഓരോ പാർലമെൻറ് സമ്മേളനത്തിലുമുണ്ട്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉടൻ മറുപടി നല്കുന്ന രീതി തികച്ചും ശ്ലാഘനീയം തന്നെ. മറുപടി തൃപ്തികരമല്ലെന്ന് കണ്ടാൽ പ്രതിപക്ഷം വാക്കൗട്ട് നടത്താറുമില്ല.. ഒരു വാക്കൗട്ട് ബ്രിട്ടന്റെ പാർലമെൻറ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ക്യാബിനറ്റ് മിനിസ്റ്റർമാരും അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടികൾ നല്കും. വലിച്ചു നീട്ടിയുള്ള ചോദ്യങ്ങളില്ല എന്നതിനൊപ്പം ഗൗരവകരമായ മറുപടികളും മിനിസ്റ്റർമാർ നല്കുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് ബ്രിട്ടൺ നല്കുന്ന സ്ഥാനം വിളിച്ചറിയിക്കുന്നതാണ് ഓരോ പാർലമെന്റ് സെഷനുകളും. പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബ്രെക്സിറ്റ് ഡീൽ ഏറെ എതിർത്തത് സ്വന്തം പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായിരുന്നു. ഡീൽ സംബന്ധമായ കാര്യങ്ങൾക്കായി പ്രധാനമന്ത്രി ബ്രെക്സിറ്റ് സെക്രട്ടറിയെ നിയമിച്ചു. ഒന്നല്ല, മൂന്നു പ്രാവശ്യം. ആദ്യ രണ്ടു സെക്രട്ടറിമാരും രാജിവച്ചു. ഡീൽ സംബന്ധമായ നയത്തിൽ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം തുറന്നു പ്രകടിപ്പിച്ച് രാജി നല്കാൻ അവർ ഒരു നിമിഷവും വൈകിച്ചില്ല. ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും തുല്യ പ്രാധാന്യം കല്പിക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണിത്. ബ്രെക്സിറ്റ് ഡീലിനെതിരെ വോട്ടു ചെയ്തത് 432 എം പിമാരെങ്കിൽ അനുകൂലിച്ചത് 202 പേർ മാത്രം. 230 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയുടെ ആവശ്യം പാർലമെന്റ് നിരാകരിച്ചു. നൂറിലേറെ കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റ് ചർച്ചയിൽ പങ്കെടുത്ത് ഡീലിനെ നിശിതമായി വിമർശിച്ചു. അവിടെ ആരും വിപ്പ് നല്കിയില്ല. എംപിമാർ ആരെയും പേടിച്ച് അഭിപ്രായങ്ങൾ പറയാതിരുന്നില്ല. സീനിയർ - ജൂണിയർ വ്യത്യാസമില്ലാതെ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞു. കാരണം അവർക്ക് രാജ്യതാത്പര്യമാണ് പ്രധാനം. അടുത്ത തലമുറയ്ക്കായി ഇന്നേ അവർ തുടങ്ങുകയാണ്. തങ്ങളുടെ നേതാവായ പ്രധാനമന്ത്രിയായ തെരേസ മേയുടെ നേതൃത്തിൽ തയ്യാറാക്കിയ ഡീലിലെ നിർദ്ദേശങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പാർലമെന്റിൽ ലോകം മുഴുവൻ കാൺകെ പറയാൻ ഒരു കൺസർവേറ്റീവ് എംപിയും മടിച്ചില്ല. എം.പിമാരുടെ അഭിപ്രായങ്ങൾ മടിയില്ലാതെ സ്വീകരിക്കാൻ പ്രധാനമന്ത്രിയും തയ്യാറായി. എതിർ അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് വച്ച് അവരെ പാർട്ടി പുറത്താക്കില്ലെന്ന് എം.പിമാർക്ക് അറിയാം. നേതാവ് തെരഞ്ഞെടുത്ത മാർഗം ശരിയല്ലെന്ന് ബോധ്യമായപ്പോൾ അതിനെ നട്ടെല്ല് വളയ്ക്കാതെ തുറന്നു പറയാൻ ശക്തരായ പ്രാപ്തിയുള്ള ജനപ്രതിനിധികൾ രാജ്യത്തിന്റെ സമ്പത്തായി മാറുന്നു. അടുത്ത ഇലക്ഷനിൽ സീറ്റ് പാർട്ടി തരാതിരിക്കുമോ എന്നതിനെക്കുറിച്ച് അവർക്ക് ആകുലതയില്ല. എംപി സ്ഥാനം പോയെന്നു വച്ച് അവർക്ക് ഒന്നും സംഭവിക്കുന്നില്ല. രാഷ്ട്രീയം ഒരു ജീവിതമാർഗമായി അവർ കാണുന്നില്ല. സാമാന്യ വിദ്യാഭ്യാസവും അറിവും ലോക പരിചയവും ഉള്ളവർക്കായുള്ളതാണ് ഇവിടുത്തെ രാഷ്ട്രീയം. നല്ല ജോലി സമ്പാദിക്കാൻ തക്ക യോഗ്യത ഉള്ളവരാണ് രാഷ്ട്രീയ നേതൃത്വങ്ങളിലും തിളങ്ങുന്നത് എന്നത് തന്നെ കാരണം. ഓരോ മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളെ നൂലിൽ കെട്ടി ഇറക്കുന്ന സമ്പ്രദായം ഇവിടെയില്ല. സ്ഥാനാർത്ഥിയാകണമെങ്കിൽ പാർട്ടിയുടെ മെമ്പറായി കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ച് ആവശ്യമായ ട്രെയിനിംഗിൽ പങ്കെടുക്കണം. തുടർന്ന് പാർട്ടിയുടെ സെലക്ഷൻ കമ്മിറ്റിയുടെ മുന്നിൽ തന്റെ പ്രവർത്തന ശൈലിയും ജനങ്ങൾക്കായി എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും തെളിയിച്ചു കൊടുക്കണം. മത്സരിക്കാനാഗ്രഹിക്കുന്ന മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ച് വോട്ടെടുപ്പിൽ മുന്നിൽ എത്തിയാൽ മാത്രമേ പാർട്ടി സ്ഥാനാർത്ഥിത്വം നല്കുകയുള്ളൂ. ക്രിയാത്മക വിമർശനത്തിന് നേതൃത്വം നല്കുന്ന ബ്രിട്ടണിലെ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ശൈലിയും അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. വേണ്ട സമയത്ത് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ശബ്ദമുയർത്താനും ആവശ്യമുള്ളപ്പോൾ മാത്രം വടി എടുക്കാനും ജെറമി കോർബിന്റെ  നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രദ്ധ ചെലുത്തി. പാർലമെൻറിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറഞ്ഞു. ജനങ്ങളുടെ കൈയ്യടി നേടാനായി നടപ്പില്ലാത്ത കാര്യങ്ങൾ മൈതാനത്ത് എഴുന്നള്ളിക്കാൻ ജനപ്രതിനിധികൾ മെനക്കെടാറില്ല. പ്രതിപക്ഷത്തെ ശക്തമായി ചെറുത്തു നില്ക്കുന്ന ഭരണപക്ഷമാണെങ്കിലും വേണ്ടത്ര ബഹുമാനവും പരിഗണനയും നല്കാൻ പ്രധാനമന്ത്രി തെരേസ മേ തയ്യാറായി. ബ്രെക്സിറ്റ് വോട്ടിൽ പരാജയപ്പെട്ടതിനു ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ അവർ പ്രതിപക്ഷത്തോട് പറഞ്ഞ കാര്യമാണ് ശ്രദ്ധേയം. പാർലമെന്റിന്റെ വിധി അംഗീകരിച്ചുകൊണ്ട്, കൂടുതൽ ചർച്ചകൾ നടത്തി വീണ്ടും ശക്തമായ ഒരു ഡീൽ യൂറോപ്യൻ യൂണിയനുമായി ഉറപ്പിക്കാൻ കൂട്ടായ ശ്രമം നടത്താം എന്ന വാഗ്ദാനം നടത്തിയാണ് തെരേസ മേ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷ നിലപാടുകളെ കണക്കിലെടുത്ത് ആവശ്യമെങ്കിൽ പ്രതിപക്ഷത്തിന് തന്റെ ഗവൺമെന്റിന്റെ മേൽ അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും അത് അടുത്ത ദിവസം തന്നെ ചർച്ച ചെയ്ത് വോട്ടിനിടാമെന്നും തെരേസ മേ അറിയിച്ചു. അതെ, സ്വന്തം ഗവൺമെൻറിനെതിരായ വിമർശനങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നല്കുന്ന രാഷ്ട്രീയ ധാർമ്മികത തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടും ജെറമി കോർബിൻ അതിനായി നോട്ടീസ് നല്കി. ഒരു പ്രതിപക്ഷത്തിന്റെ ധർമ്മം ക്രിയാത്മകമായി അദ്ദേഹം നിറവേറ്റി. പാർലമെന്റിൽ ഗവൺമെൻറിനെതിരായ അവിശ്വാസം പരാജയപ്പെട്ടെന്ന് കരുതി ലേബർ പാർട്ടി ലീഡർ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തില്ല. പ്രതിപക്ഷം അവരുടെ കർത്തവ്യം വിട്ടുവീഴ്ചയില്ലാതെ നിർവ്വഹിക്കുന്നു അത്രമാത്രം. വോട്ടിനായി മതപ്രീണനമില്ല. മത നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ പുറകെ നടക്കാറില്ല. ഇലക്ഷൻ തലേന്ന് സർക്കുലർ അവർ ഇറക്കാറില്ല. മതങ്ങളുടെ പേരിൽ സോഷ്യൽ ക്ലബ് രൂപീകരിക്കുന്ന താണ തലത്തിലേയ്ക്ക് മതനേതൃത്വങ്ങൾ അംഗങ്ങളെ നയിക്കാറുമില്ല. ഓരോ രാഷ്ട്രീയ പാർട്ടിയ്ക്കും നയങ്ങൾ ഒരു മാർഗരേഖയാണ്. രാജ്യ താത്പര്യവും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് അവർക്ക് പ്രധാനം. പൊതുമുതൽ നശിപ്പിക്കുന്നത് അവരുടെ നയമല്ല. വഴി തടയലും കല്ലേറും അവരുടെ രീതിയല്ല. ഗവൺമെന്റ് പാർലമെന്റ് അംഗീകാരത്തോടെ നടപ്പാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ നന്മക്കായി അവരിൽ എത്തിക്കുന്ന ഒരു സിവിൽ സർവീസ് ചട്ടക്കൂട് ബ്രിട്ടണിലുണ്ട്. രാഷ്ട്രീയ നേതാക്കൾ അക്കാര്യങ്ങളിൽ ഇടപെടാറില്ല. ശിപാർശക്കത്തുകൾ എഴുതി ഉദ്യോഗസ്ഥ വൃന്ദത്തെ നിയന്ത്രിക്കാൻ നേതാക്കന്മാർ മെനക്കെടാറില്ല. അത് അവരുടെ അറിവിലുള്ള കാര്യവുമല്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിച്ച് നിന്ന് മുന്നേറുന്ന, വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു ജനത എല്ലാവർക്കും ഒരു മാതൃകയാണ്.
ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
ബ്രെക്‌സിറ്റ് സെക്യൂരിറ്റി ഡീല്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും മോചനത്തിന് കാരണമായേക്കമെന്ന് മുന്നറിയിപ്പ്. യുകെയും യൂറോപ്യന്‍ യൂണിയനുമായി ശരിയായ ധാരണയിലെത്തിയില്ലെങ്കില്‍ അത് പൗരന്‍മാരുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഹോം അഫയേഴ്‌സ് കമ്മിറ്റി ആശങ്കയറിയിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ യുകെ തുടരണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. സുപ്രധാന ഡേറ്റബേസുകളില്‍ യുകെയ്ക്ക് സ്വാധീനമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നയത്തില്‍ യൂറോപ്യന്‍ കോടതിയുടെ അധികാരത്തില്‍ നിന്ന് യുകെ പിന്മാറുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് സഹകരണത്തില്‍ കുറവുണ്ടാകുന്നത് ഒട്ടേറെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോം അഫയേഴസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ പറഞ്ഞു. സുരക്ഷാ സഹകരണത്തില്‍ ധാരണകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയാണ്. അപകടകാരികളായ അന്താരാഷ്ട്ര കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ പോലീസ് സേനകള്‍ക്ക് ഇതിലൂടെ പ്രതിബന്ധങ്ങളുണ്ടാകും. രാജ്യാതിര്‍ത്തികള്‍ കടക്കാനൊരുങ്ങുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ക്കും സാധിക്കാതെ വരും. ട്രാഫിക്കിംഗ്, തീവ്രവാദം, അടിമക്കച്ചവടം, ഓര്‍ഗനൈസ്ഡ് ക്രൈം തുടങ്ങിയവയിലെ അന്വേഷണത്തെ ഇത് ബാധിക്കും. ഇപ്പോള്‍ നടന്നു വരുന്ന പല വിചാരണകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപോള്‍, യൂറോപ്യന്‍ അറസ്റ്റ് വാറന്റ് ആന്‍ഡ് ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 2 (സിസ് 2) ഡേറ്റാബേസ് എന്നിവയിലുള്ള സ്വാധീനം ബ്രിട്ടന് നഷ്ടമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. തീവ്രവാദികള്‍, കുറ്റവാളികള്‍, കാണാതായവര്‍ എന്നിവരെക്കുറിച്ചുള്ള വിലമതിക്കാനാകാത്ത ഡേറ്റാബേസാണ് ഇത്.
RECENT POSTS
Copyright © . All rights reserved