Captain
ഗ്രേറ്റ് യാര്‍മൗത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ കുടുങ്ങിയിട്ട് 15 മാസത്തിലേറെയാകുന്നു. മലാവിയ ട്വന്റി എന്ന കപ്പലാണ് 2017 ഫെബ്രുവരി മുതല്‍ തുറമുഖത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓഫ്‌ഷോര്‍ സപ്ലൈ വെസലായ ഇതിന്റെ ക്യാപ്റ്റനായ നികേഷ് റസ്‌തോഗിയാണ് കപ്പല്‍ ഉപേക്ഷിച്ചു പോകാനാകാതെ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കമ്പനി തകര്‍ന്നതോടെ ജീവനക്കാരെ നിയോഗിക്കുന്ന ഏജന്റും സേവനം അവസാനിപ്പിച്ചു. 2018 ജനുവരി മുതല്‍ പുതിയ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വന്നതോടെ ജീവനക്കാരെ പിന്‍വലിക്കുകയായിരുന്നു. ഇന്ത്യക്കാരായ ജീവനക്കാരെല്ലാം ഇതോടെ നാട്ടിലേക്ക് മടങ്ങി. 2017 സെപ്റ്റംബറില്‍ ആറ് മാസത്തെ കോണ്‍ട്രാക്ടില്‍ ജോലിക്ക് കയറിയ രണ്ട് ജീവനക്കാരും ക്യാപ്റ്റനും മാത്രമാണ് ഇപ്പോള്‍ കപ്പലില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തനിക്കും തന്റെ ജീവനക്കാര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ റസ്‌തോഗി പറഞ്ഞു. റൂട്ടീന്‍ മെയിന്റനന്‍സുകളും ഡ്രില്ലുകളും നടത്തി സമയം ചെലവഴിക്കുകയാണ് ഇവര്‍. കപ്പലിനുള്ളില്‍വെച്ചാണ് ഇവര്‍ ക്രിസ്തുമസ് ആഘോഷിച്ചത്. വീട്ടുകാരുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നുണ്ട്. 2016ല്‍ റസ്‌തോഗിക്ക് മുമ്പുള്ള ക്രൂവുമായി ബന്ധപ്പെട്ടാണ് കപ്പലിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 2015 ഒക്ടോബര്‍ മുതല്‍ കപ്പലിലെ 33 ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടറായ പോള്‍ കീനാന്‍ പറഞ്ഞു. 2016 നവംബറില്‍ ഇതേത്തുടര്‍ന്ന് ഐടിഎഫ് കപ്പല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കപ്പല്‍ വിട്ടുനല്‍കണമെങ്കില്‍ നടത്തിപ്പുകാര്‍ 688,000 അമേരിക്കന്‍ ഡോളര്‍ അടക്കണമെന്ന് അറിയിപ്പ് നല്‍കി. മാനിംഗ് ഏജന്റിന്റെ ബാങ്കായ ഐസിഐസിഐയെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിഖയും ഈ തുകയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ സ്തംഭനാവസ്ഥയാണെന്ന് യൂണിയന്‍ അറിയിച്ചു. കപ്പല്‍ വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ഈ ബാധ്യതകള്‍ തീര്‍ക്കാനാകും. എന്നാല്‍ ഗ്രേറ്റ് യാര്‍മാത്ത് തുറമുഖം കപ്പല്‍ 19-ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. തുറമുഖം ഉപയോഗിച്ചതിന്റെ ഫീസ് ഉള്‍പ്പെടെയുള്ള കുടിശിഖത്തുകയുടെ മൂന്നിരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
RECENT POSTS
Copyright © . All rights reserved