crime
നാലു വയസുള്ള ആണ്‍കുട്ടിയെ തല്ലിയ സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാന്‍ വെബ്ബര്‍ എന്ന അധ്യാപകനാണ് കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. തെളിവുകളും സ്ഥലത്തുണ്ടായിരുന്ന മൂന്നു കുട്ടികളുടെ സാക്ഷിമൊഴികളും ഇയാള്‍ കുട്ടിയെ തല്ലിയെന്നത് തെളിയിക്കുന്നുവെന്ന് ജഡ്ജ് റോബിന്‍സണ്‍ പറഞ്ഞു. വികൃതി കാട്ടിയെന്ന് പറഞ്ഞാണ് വെബ്ബര്‍ കുട്ടിയുടെ കാലില്‍ തല്ലിയതെന്ന് കോടതി വ്യക്തമാക്കി. സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലനത്തിനിടയ്ക്കാണ് സംഭവമുണ്ടായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്ന കുട്ടിയ സ്‌പോര്‍ട്‌സ് ഹാളില്‍ നിന്ന് തോളില്‍ പിടിച്ച് എടുത്തുകൊണ്ടു പോയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. 6 അടി 2 ഇഞ്ച് ഉയരവും 54 വയസുമുള്ള അധ്യാപകനെ കുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇനി തൊഴിച്ചാല്‍ താന്‍ തല്ലുമെന്ന് വെബ്ബര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. 16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള വെബ്ബര്‍ എന്നാല്‍ കുട്ടിയെ തല്ലിയെന്ന ആരോപണം നിഷേധിച്ചു. ദൃക്‌സാക്ഷികളായ കുട്ടികള്‍ കേട്ട തല്ലുന്നതു പോലെയുള്ള ശബ്ദം താന്‍ കുട്ടിക്ക് ഹൈ ഫൈവ് നല്‍കിയതിന്റെയായിരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അധ്യാപകനെ ഉപാധികളോടെ വിട്ടയച്ചു. 850 പൗണ്ട് കോടതിച്ചെലവുകള്‍ അടയ്ക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയൊരുക്കി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക്. അക്രമവാസനയുള്ള ആയിരക്കണക്കിന് കുറ്റവാളികളില്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക വഴി കുറ്റകൃത്യങ്ങള്‍ തടയിടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്യാംഗ് അംഗങ്ങള്‍, മോഷണം, പിടിച്ചുപറി, അടിപടി, ഗാര്‍ഹിക പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ മേല്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കും. ഇവരുടെ നീക്കങ്ങള്‍ സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കാന്‍ പോലീസിനോ അധികൃതര്‍ക്കോ സാധിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഒരാള്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചതിന് ശേഷമോ കേസ് നടക്കുന്ന സമയത്തോ ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ജി.പി.എസ് അലാം പോലീസിന് സൂചന നല്‍കും. ഇര താമസിക്കുന്ന സ്ഥലത്തിനോ പ്രദേശത്തേക്കോ പ്രതിക്ക് കടന്നു ചെല്ലാന്‍ അനുവാദമില്ലെന്നിരിക്കെ ഇത് തെറ്റിക്കുകയാണെങ്കില്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കും. 'എക്‌സ്‌ക്ലൂസീവ്' ഏരിയയിലേക്കുള്ള പ്രതിയുടെ പ്രവേശനം നടത്തിയാല്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇര ആക്രമിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഇതിന് തടയിടാന്‍ പോലീസിന് കഴിയും. ബി.പി.എസ് ടാഗുകള്‍ നോര്‍ത്ത്-വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് ആന്റ് നോര്‍ത്ത് ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ പുതിയ സ്‌കീം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ലണ്ടനിലും പുതിയ പദ്ധതി പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ സംവിധാനം അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക് പ്രതികരിച്ചു. ജി.പി.എസ് ടാഗിംഗ് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുതല്‍കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ' എക്‌സുക്ലൂഷന്‍ സോണിലേക്ക്' അക്രമികളുടെ പ്രവേശനമുണ്ടായാല്‍ ഉടന്‍ തന്നെ ജി.പി.എസ് സിഗ്നലുകള്‍ പോലീസിനെ അറിയിക്കും. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: മക്കളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്ക് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊന്നു. 39കാരിയായ അലിനി മെന്‍ഡസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മെന്‍ഡസിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവ സ്ഥലത്ത് ഉടന്‍ പാരമെഡിക് എത്തിയെങ്കിലും മെന്‍ഡസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിലേറ്റ ആഴമേറിയ മുറിവാണ് മരണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മെന്‍ഡസിനെ നേരത്തെ അറിയാവുന്ന വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്നത് സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു മാസം മുന്‍പാണ് മിസ് മെന്‍ഡസ് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചത്. ബന്ധം വേര്‍പെടുത്തിയതിന് ശേഷം സൗത്ത് ലണ്ടനിലേക്ക് മെന്‍ഡസ് താമസം മാറുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സ്പീക്കിംഗ് കമ്യൂണിറ്റി അംഗങ്ങള്‍ മെന്‍ഡസിനോടുള്ള ആദരസൂചകമായി സംഭവം നടന്ന സ്ഥലത്ത് പൂക്കളുമായി എത്തിയിരുന്നു. മതപരമായ കാര്യങ്ങള്‍ അതീവ തല്‍പ്പരയായിരുന്നു മെന്‍ഡസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് മെന്‍ഡസ്. മെന്‍ഡസ് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച് അധികൃതര്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മെന്‍ഡസിന്റെ മക്കളെയും കുടുംബത്തെയും സഹായിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുക.
ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്. കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം. ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.
യുകെയിലേക്ക് അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നത് വര്‍ദ്ധിക്കുന്നു. ഇത് തടയാന്‍ പോലീസിനോ അതിര്‍ത്തി സുരക്ഷാ ഓഫീസര്‍മാര്‍ക്കോ സാധിക്കുന്നില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ആന്‍ഡി കുക്ക്. കഴിഞ്ഞ വര്‍ഷം തോക്കുകള്‍ വന്‍തോതില്‍ രാജ്യത്തേക്ക് അനധികൃതമായി എത്തിയിട്ടുണ്ട്. 2019ലും ഇത് തുടരുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ആയുധങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ പോലീസ് സേനകള്‍ക്കും ഔദ്യോഗികമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് നാഷണല്‍ ക്രൈം ഏജന്‍സി. വളരെ അപൂര്‍വമായി മാത്രമാണ് ഈ അധികാരം എന്‍സിഎ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യം വളരെ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പോലീസ് സേനകള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടന്നു വരുന്ന അക്രമ സംഭവങ്ങളിലും ഗ്യാംഗുകള്‍ തമ്മിലുണ്ടാകുന്ന വെടിവെയ്പ്പുകളിലും ആധുനികമായ തോക്കുകളാണ് ഉപയോഗിച്ചു വരുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മുമ്പ് ഇത്തരം തോക്കുകള്‍ അക്രമികളുടെ കയ്യിലെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പലപ്പോഴും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ ഒരേ തോക്കുതന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ കൈമാറി ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന ആയുധക്കടത്ത് തടയാന്‍ പോലീസിന് സാധിക്കുന്നില്ലെന്നാണ് മെഴ്‌സിസൈഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആയ ആന്‍ഡി കുക്കിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. പുതിയ ആയുധങ്ങള്‍ എത്തുന്നത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് കഴിയാവുന്നത് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആയുധ കള്ളക്കടത്തുകള്‍ പിടിക്കാനും സാധിക്കുന്നുണ്ട്. പക്ഷേ കള്ളക്കടത്തിന്റെ തോത് ഉയര്‍ന്നു തന്നെ നില്‍ക്കും, അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ അതിര്‍ത്തി സുരക്ഷയിലെ വീഴ്ചകളും ആയുധങ്ങള്‍ കടത്താന്‍ കള്ളക്കടത്തുകാര്‍ സ്വീകരിക്കുന്ന പുതിയ വഴികളുമാണ് തോക്കുകള്‍ എത്തുന്നത് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved