Deal
ബ്രെക്‌സിറ്റ് ഡീലില്‍ സമവായത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ നേതൃത്വവുമായി നടന്ന ചര്‍ച്ച നീണ്ടത് നാലര മണിക്കൂര്‍. രണ്ടു ദിവസമായാണ് ചര്‍ച്ച നടന്നത്. ലേബറുമായുള്ള ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതു വിധത്തിലുള്ള ഡീലിനും ഒരു സ്ഥിരീകരണ ഹിതപരിശോധന എന്ന ആശയം ചര്‍ച്ച ചെയ്തുവെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് ബുധനാഴ്ച പിന്തുണ നല്‍കിയിരുന്നു. ഈ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പൊതുവായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നതു വരെ ഇതിന്‍മേല്‍ ലോര്‍ഡ്‌സ് വിശദമായി ചര്‍ച്ച നടത്തില്ലെന്നാണ് വിവരം. എന്തായാലും തിങ്കളാഴ്ച വരെ അതുണ്ടാവില്ല. ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ കെയിര്‍ സ്റ്റാമര്‍ തയ്യാറായില്ല. ഗവണ്‍മെന്റുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും വീണ്ടും ചര്‍ച്ചക്കായി ഇരു പക്ഷവും യോഗം ചേരുമെന്നും ലേബര്‍ വക്താവ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും സംഘങ്ങള്‍ ക്യാബിനറ്റ് ഓഫീസില്‍ നാലര മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സിവില്‍ സര്‍വീസ് പിന്തുണയോടെയായിരുന്നു ചര്‍ച്ചകളെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍, ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി തുടങ്ങിയവരായിരുന്നു ലേബര്‍ സംഘത്തിലുണ്ടായിരുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. ബുധനാഴ്ച തെരേസ മേയും ജെറമി കോര്‍ബിനു തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ ചര്‍ച്ചകള്‍. ഏപ്രില്‍ 12ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണം. എന്നാല്‍ ഇതുവരെ ഒരു ഡീല്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. കോമണ്‍സില്‍ ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം പരാജയമാകുകയായിരുന്നു. ലേബറിന്റെ യിവറ്റ് കൂപ്പര്‍ മുന്നോട്ടു വെച്ച ബാക്ക്‌ബെഞ്ച് ബില്‍ അപ്രതീക്ഷിത നോ-ഡീലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി അതിനിടെ മിനിസ്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍സില്‍ ബുധനാഴ്ച ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ബില്‍ പാസായത്.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സ് വോട്ടെടുപ്പുകളില്‍ ഭൂരിപക്ഷ പിന്തുണയില്ല. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടരുക, ഉടമ്പടിയില്‍ ഹിതപരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഇവയില്‍ വോട്ടെടുപ്പു പരമ്പര തന്നെയാണ് കോമണ്‍സില്‍ നടന്നത്. പാര്‍ലമെന്റില്‍ ഇത്തരമൊരു ഫലമുണ്ടായത് മന്ത്രിമാര്‍ നിര്‍ദേശിച്ച ഡീലാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേയ് പ്രതികരിച്ചു. തന്റെ ഡീലിന് പിന്തുണ നല്‍കിയാല്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പുകളില്‍ ഈ വിധത്തിലുള്ള ഫലം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍മാറ്റ കരാറിന് അംഗീകാരം നല്‍കിയാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പായി താന്‍ സ്ഥാനംമൊഴിയാന്‍ തയ്യാറാണെന്ന് ടോറി എംപിമാരുടെ യോഗത്തിലാണ് മേയ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വിരുദ്ധ ചേരിയിലായിരുന്ന പല കണ്‍സര്‍വേറ്റീവ് എംപിമാരും മേയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡീലിനെ പിന്തുണക്കില്ലെന്ന് ടോറി സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന അപ്രതീക്ഷിത വോട്ടെടുപ്പുകള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിലുണ്ടായ തടസ്സങ്ങള്‍ നീക്കുമെന്നായിരുന്നു എംപിമാര്‍ പ്രതീക്ഷിച്ചത്. ബ്രെക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന, കസ്റ്റംസ് യൂണിയന്‍, ലേബര്‍ നിര്‍ദേശിച്ച ബ്രെക്‌സിറ്റ് പ്ലാന്‍, പൊതു വിപണി, ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി നോ ഡീല്‍ ഒഴിവാക്കാനുള്ള നിര്‍ദേശം, ഏപ്രില്‍ 12ഓടെ നോ ഡീല്‍, മാള്‍ട്ട്ഹൗസ് പ്ലാന്‍ ബി, ഇഎഫ്ടിഎ, ഇഇഎ എന്നിവയില്‍ അംഗത്വം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇവയെല്ലാം പാര്‍ലമെന്റ് തള്ളുകയായിരുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നിര്‍ദേശം താരിഫ് രഹിത വ്യാപാരം തുടരുന്നതിനായി യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്ക് അവതരിപ്പിച്ച ക്രോസ് പാര്‍ട്ടി പദ്ധതിയായിരുന്നു ഇത്. 264നെതിരെ 272 വോട്ടുകള്‍ക്കാണ് ഇത് തള്ളിയത്. മാര്‍ക്ക് ഫീല്‍ഡ്, സ്റ്റീഫന്‍ ഹാമണ്ട്, മാര്‍ഗറ്റ് ജെയിംസ്, ആന്‍ മില്‍ട്ടണ്‍, റോറി സ്റ്റുവര്‍ട്ട് എന്നീ കണ്‍സര്‍വേറ്റീവ് മന്ത്രിമാരും ഈ നിര്‍ദേശത്തെ പിന്തുണച്ചു. ക്യാബിനറ്റ് മന്ത്രിമാരൊഴികെ എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും സ്വതന്ത്ര വോട്ട് അവകാശം നല്‍കിയിരുന്നു.
ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ അഭഅഭ്യര്‍ത്ഥിച്ച് തെരേസ മേയ്. 317 എംപിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. താന്‍ മുന്നോട്ടുവെച്ച കരാറിന് പിന്തുണ നല്‍കണമെന്നും അതിനായി എംപിമാരുടെ ഐക്യമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പിന്തുണയുണ്ടായില്ലെങ്കില്‍ ചരിത്രം നമുക്കെതിരായി വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു. ഐറിഷ് അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധനകള്‍ തിരികെ കൊണ്ടുവന്ന് ബാക്ക്‌സ്‌റ്റോപ്പ് നടപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ചയും തുടരും. നിലവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന കരാര്‍ പുനരവലോകനം ചെയ്യാതെ തന്നെ എംപിമാരുടെ ആശങ്കകള്‍ പരിഹരിക്കാനാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ള വിഷയമെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് സൂചിപ്പിച്ചു. അതേസമയം ഇക്കാര്യത്തില്‍ ടോറികള്‍ക്കിടയില്‍ ഐക്യത്തിന് സാധ്യതയില്ലെന്ന് പ്രതികരിച്ച ലേബര്‍ സര്‍വകക്ഷി ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തു. മാര്‍ച്ച് 29നാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപ്പാകുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം യൂറോപ്യന്‍ യൂണിയനുമായി എത്തിച്ചേര്‍ന്ന ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഭൂരിപക്ഷം എംപിമാരുടെയും അംഗീകാരം നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന് എംപിമാര്‍ ഉടക്കി നില്‍ക്കുന്ന ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ഇളവുകള്‍ക്കായി മേയ് ശ്രമിച്ചു വരികയാണ്. ഈയാഴ്ചയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കറുമായി കൂടിക്കാഴ്ചയ്ക്ക് താന്‍ ബ്രസല്‍സിലേക്ക് പോകുമെന്ന് മേയ് കത്തില്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളുടെ നേതാക്കളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാരും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഇത് ദീര്‍ഘകാലത്തേക്ക് യുകെ നിയമങ്ങളുടെ പിടിയില്‍ ബ്രിട്ടനെ നിലനിര്‍ത്തുമെന്നാണ് എംപിമാര്‍ ആശങ്കപ്പെടുന്നത്. ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി മേയ് കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം അതിനോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നേതാക്കള്‍. അതിനിടെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ സമയം മെനക്കെടുത്തലാണെന്ന് മുന്‍ ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ സ്റ്റീവ് ബേക്കര്‍ പറഞ്ഞതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റ് അനുകൂലികളുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയിലെ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം പുറത്താകുകയായിരുന്നു. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ ഇളവുകള്‍ക്ക് മറ്റനേകം വഴികളുണ്ടെന്ന സൂചനയാണ് കള്‍ച്ചര്‍ സെക്രട്ടറി നല്‍കുന്നത്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടിംഗില്‍ ബ്രെക്‌സിറ്റ് ധാരണാ ബില്‍ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി. 1999 മുതല്‍ 2004 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് പ്രോഡി. മാര്‍ച്ചില്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തെരേസ മേയ്ക്ക് അനുകൂലമായി മാറിയേക്കാമെന്നും പ്രോഡി വ്യക്തമാക്കി. തെരേസ മേയ് മുന്നോട്ടു വെച്ചിട്ടുള്ള ധാരണയല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് നിലവിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറയുന്നത്. അതിന് വിപരീതമായ പ്രസ്താവനയാണ് പ്രോഡിയില്‍ നിന്നുണ്ടായിരിക്കുന്നത്. മേയ് നിര്‍ദേശിച്ചതിലും മികച്ച ഒരു ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ എതിര്‍ വോട്ട് ചെയ്യാനിരിക്കുന്ന ബ്രിട്ടീഷ് എംപിമാര്‍ നിരാശപ്പെടുകയേ ഉള്ളുവെന്നും ജങ്കര്‍ വ്യക്തമാക്കി. അതേസമയം മേയ് നിര്‍ദേശിച്ച ധാരണ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കായി തീര്‍ച്ചയായും സമീപിക്കുമെന്ന് പ്രോഡി ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര വ്യാപാരം നിലിനിര്‍ത്തണമെന്നു തന്നെയാണ് പ്രോഡി പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും താല്‍പര്യം ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ യുകെയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം ദി ഒബ്‌സര്‍വറിനോട് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക ബുദ്ധിയാല്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിപദത്തില്‍ തെരേസ മേയുടെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രോഡിയുടെ പ്രസ്താവന പുറത്തുവരുന്നത്. നാളെ നടക്കുന്ന കോമണ്‍സ് വോട്ടിംഗില്‍ പരാജയപ്പെട്ടാല്‍ മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മേയുടെ നിര്‍ദേശം തള്ളിയാല്‍ നോര്‍വേ മാതൃകയിലുള്ള ധാരണ കൊണ്ടുവരണമെന്നും ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെടുന്നു.
ബ്രസല്‍സ്: ബ്രെക്‌സിറ്റ് ധാരണയ്ക്ക് യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം. ബ്രസല്‍സില്‍ ഞായറാഴ്ച നടന്ന ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ടു വെച്ച കരട് ധാരണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ഇടഞ്ഞു നിന്ന സ്‌പെയിന്‍ അവസാന നിമിഷം ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഇതോടെയാണ് 20 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപീകരിച്ച ധാരണയ്ക്ക് അംഗീകാരമായത്. ഒരു മണിക്കൂറില്‍ താഴെ മാത്രമേ അംഗീകാരം നല്‍കാനുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി വേണ്ടി വന്നുള്ളു. 27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ധാരണയ്ക്ക് അംഗീകാരം നല്‍കി. ഒരു സുഗമമായ പിന്‍മാറ്റത്തിന് അവസരം നല്‍കുന്ന ധാരണയാണ് രൂപപ്പെട്ടതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ധാരണയ്ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. ബ്രിട്ടീഷ് ജനതയ്ക്കു വേണ്ടിയാണ് ഈ ധാരണ നിര്‍മിച്ചിരിക്കുന്നതെന്നും ബ്രിട്ടന്റെ സമ്പന്നമായ ഒരു ഭാവിയിലേക്കുള്ള യാത്രയാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. ധാരണയ്ക്ക് പിന്നില്‍ ഒന്നായി അണിനിരക്കണമെന്ന് ബ്രെക്‌സിറ്റ് വിരുദ്ധരോടും അനുകൂലികളോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ബ്രെക്‌സിറ്റിനെക്കുറിച്ച് വാദപ്രതിവാദം നടത്തി ബ്രിട്ടീഷ് ജനതയ്ക്ക് സമയം കളയാനില്ലെന്നും ബ്രസല്‍സില്‍ വെച്ച് മേയ് പറഞ്ഞു. 2019 മാര്‍ച്ച്29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ ഔദ്യോഗികമായി പിന്‍മാറുന്നത്. 2017 മാര്‍ച്ചിലാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും തുടക്കമിട്ടത്. ഡിസംബര്‍ 12നാണ് ബ്രെക്‌സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ചക്കെടുക്കുന്നത്. ഇതിന് അന്തിമാനുമതി പാര്‍ലമെന്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രതിപക്ഷ പാര്‍ട്ടികളായ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി എന്നിവരും ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ഇതിന് എതിരായി വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടോറി എംപിമാരില്‍ ഒരു വിഭാഗവും തെരേസ മേയുടെ ബ്രെക്‌സിറ്റ് ധാരണയ്‌ക്കെതിരെ നിലപാടെടുത്തിട്ടുള്ളതിനാല്‍ കോമണ്‍സില്‍ ഇത് പാസാക്കിയെടുക്കുകയെന്നത് മേയ്ക്ക് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്.
RECENT POSTS
Copyright © . All rights reserved