delhi
റ്റിജി തോമസ് യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു. എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു. സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു. രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം. പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം. [caption id="attachment_229099" align="alignright" width="300"] ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല[/caption] ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ. [caption id="attachment_229101" align="alignleft" width="300"] റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ[/caption] പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല. പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു. [caption id="attachment_229100" align="alignright" width="300"] തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ[/caption] എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ. ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം. ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.   റ്റിജി തോമസ് റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]  
ന്യൂഡൽഹി: ഡൽഹിയിൽ മധ്യവയസ്കയുടെ ചെവി മുറിച്ച് കമ്മൽ മോഷണം. ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവ എന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവത്തിൽ സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും നിർദേശിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്. പിന്നീട് ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശിവ. അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സു തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. 21 തവണ കത്തിയുപയോഗിച്ച് കുത്തിയും ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചുമായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ദേവേന്ദ്രദാസ് എന്നയാള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്. കീഴ്ക്കോടതിയിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി. 2012 ഒക്ടോബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ ദേവേന്ദ്ര ദാസ് ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് അവരെ കുത്തിക്കൊല്ലുകയുമായിരുന്നു. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. തലയ്‌ക്കേറ്റ ശക്തമായ അടിയുടെ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ രീതിയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ കോടതി ഇതിനെ മനപൂര്‍വമല്ലാത്ത നരഹത്യയായി കണക്കാക്കാനാവില്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദവും കോടതി തള്ളുകയായിരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ലൈംഗികാരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍. ദേവാന്‍ഷ് കക്രോറ എന്ന ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവത്തിലാണ് ആരോപണം. ദേവാന്‍ഷ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി ദേവാന്‍ഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ലൈംഗികാരോപണം ഉന്നയിച്ചത്. വാട്ടര്‍ ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് രാംഹീത് മീണ പറഞ്ഞു. വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിച്ചിട്ടില്ല. ഇത് മരണത്തിന് പിന്നിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മീണ പറഞ്ഞു. കുടുതല്‍ നിയമനടപടികളിലേക്ക് പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. ജനുവരി 30ന് ആണ് ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദേവാന്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സോണാല്‍ സ്വരൂപ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്‌കൂള്‍ അധികൃതരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved