Doctors
ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. 2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.
വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.
വിദേശങ്ങളില്‍ നിന്ന് എന്‍എച്ച്എസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഹോം ഓഫീസ് വിസ നിഷേധിക്കുന്നു. ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയിരിക്കുന്നത് രോഗികള്‍ക്കായിരിക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. 30 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിയമിക്കുന്നതിനായി നോര്‍ത്ത്-വെസ്റ്റിലെ ഒരു സ്‌കീമിലേക്ക് നിയോഗിക്കപ്പെട്ട നൂറോളം ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബറിനു ശേഷം 400ഓളം വിദേശ ഡോക്ടര്‍മാര്‍ക്കുള്ള വിസ ഹോം ഓഫീസ് നിഷേധിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമര്‍ ബിബിസിയോട് പറഞ്ഞു. ഡോക്ടര്‍മാരുടെ കുറവ് മൂലം ക്ലിനിക്കുകള്‍ റദ്ദാക്കപ്പെടുകയും രോഗികളുടെ പരിശോധനയില്‍ പോലും താമസമുണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള മെഡിക്കല്‍ സംഘത്തിനുമേല്‍ ഇതുമൂലം സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം വിന്ററില്‍ എന്‍എച്ച്എസ് നേരിട്ട പ്രവര്‍ത്തന പ്രതിസന്ധി എല്ലാവരും കണ്ടതാണ്. എന്നിട്ടും ഈ വിധത്തിലുള്ള നടപടിയെടുക്കാന്‍ ഹോം ഓഫീസിന് കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ചീഫ് ഓഫീസര്‍ ജോണ്‍ റൂസ് പറഞ്ഞത്. ഇംഗ്ലണ്ടില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസകളുടെ പ്രതിമാസ പരിധി കഴിയുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ താല്‍പര്യത്തിന് അനുസരിച്ചാണ് ഇമിഗ്രേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലുകളില്‍ യുകെ പൗരന്‍മാര്‍ക്ക് ആദ്യം അവസരം നല്‍കിയ ശേഷം മാത്രമായിരിക്കും വിദേശ പൗരന്‍മാരെ പരിഗണിക്കുകയെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.
ക്യുബെക് സിറ്റി: ലോകത്തിലെ എല്ലാ മേഖലകളിലും സമരങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ മിക്ക സമരങ്ങളും നിഷേധിക്കപ്പെട്ട അവകാശത്തിനായും തുല്ല്യ നീതി ലഭ്യമാക്കുവാനും ഒക്കെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ സമര ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നും ഇത്രയധികം വേതനം ആവശ്യമില്ലെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വേതന വര്‍ദ്ധനവ് റദ്ദാക്കി ആ പണം ആരോഗ്യമേഖലയിലെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്ന് ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ആവശ്യമുന്നയിച്ചുള്ള സമരങ്ങളില്‍ ഒന്നായിരിക്കും ഇത്. ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. വേതന വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒപ്പ് ശേഖരണവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടു പോകുന്നത്. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച് ഒപ്പു ശേഖരണത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം പങ്കാളിയായി കഴിഞ്ഞു. നിലവില്‍ ശമ്പള വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 70 കോടി ഡോളറാണ്. ഈ തുക നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പള വര്‍ദ്ധനവിനേക്കാളും മികച്ച ആരോഗ്യ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത് പ്രതിവര്‍ഷം ഏകദേശം 403,537 ഡോളറിന്റെ വേതന വര്‍ധനവുണ്ടാകും. ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതീവ ദുര്‍ഘടമായി തൊഴില്‍ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ചത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതീവ ശ്രദ്ധയോടെ പരിഹരിക്കേണ്ട ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ആശുപത്രികളിലെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് എമിലി റികാര്‍ഡ് എന്ന നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഏതാണ്ട് 5000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ദിവസവും ഒരു നഴ്സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാരുടെ ആവശ്യം പ്രകാരം ശമ്പള വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കാമെന്ന് ക്യുബെക് ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണച്ചാല്‍ മാത്രമെ പുതിയ നടപടി റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ' ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved