economy
ജനുവരിയില്‍ യുകെയുടെ നാണ്യപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ അനുസരിച്ച് ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.8 ശതമാനമാണ്. ഡിസംബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വിമാന യാത്രാ, ചരക്ക് നിരക്കുകള്‍ കാരണമായിരുന്നു ഡിസംബറില്‍ സിപിഐ നിരക്ക് ഉയര്‍ന്നു നിന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിലും ഏറെയായിരുന്നു ഈ നിരക്കെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറിലായിരുന്നു നാണ്യപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത്. 3.1 ശതമാനമായിരുന്നു ഇത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ 1.8 ശതമാനം രേഖപ്പെടുത്തിയിരുന്നു. ജനുവരിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് അനുസരിച്ച് നാണ്യപ്പെരുപ്പം 2 ശതമാനമായി താഴുമെന്ന് സാമ്പത്തിക വിദ്ഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവു മൂലമാണ് നാണ്യപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ ഇന്‍ഫ്‌ളേഷന്‍ വിഭാഗം തലവന്‍ മൈക്ക് ഹാര്‍ഡി പറഞ്ഞു. ഫെറി ടിക്കറ്റ് നിരക്കുകളും വിമാന നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ സാവധാനമാണ് കുറയുന്നതെങ്കിലും ഇത് സാധ്യമാകുന്നുണ്ട്. ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ് നാണ്യപ്പെരുപ്പം കുറയാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ സിപിഐ നിരക്കുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കുമിടയില്‍ പെട്രോള്‍ വിലയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. ഹോട്ടല്‍, റെസ്‌റ്റോറന്റ് നിരക്കുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ വില തുടങ്ങിയവയും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്.
ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
ബ്രിട്ടന്റെ ഉദ്പാദനക്ഷമത അതിവേഗം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വളര്‍ച്ചയെന്നാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റികിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ഔട്ട്പുട്ട് 2017ലെ അവസാന ആറ് മാസങ്ങളില്‍ 1.7 ശതമാനം വര്‍ദ്ധിച്ചു. 2005നു ശേഷമുള്ള ഏറ്റവും വലിയ അര്‍ദ്ധ വാര്‍ഷിക പ്രകടനമാണ് ഇത്. കഴിഞ്ഞ വര്‍ഷം ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന ഒഎന്‍എസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സാമ്പത്തിക രംഗം മുന്നോട്ടെന്ന സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. മാന്ദ്യമുണ്ടാകുമെന്ന് വിലപിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് സമ്പദ് വ്യവസ്ഥ നടത്തിയിരിക്കുന്നതെന്ന് ബ്രെക്‌സിറ്റ് അമനുകൂലികള്‍ പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജര്‍മനിയിലെ വ്യാവസായികോദ്പാദനത്തില്‍ ഉണ്ടായ 1.6 ശതമാനത്തിന്റെ ഇടിവ് ഒരു സൂചനയാണെന്നും യൂറോസോണിലാകെ പടരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടെയാണ് സാമ്പത്തികമേഖലയില്‍ ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ബ്രിട്ടീഷ് ഉദ്പാദനക്ഷമത മറ്റ് വന്‍ സമ്പദ്ഘടനകളേക്കാള്‍ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി7 രാജ്യങ്ങളേക്കാള്‍ ശരാശരി 16.3 ശതമാനം പിന്നിലാണ് ഇത്. ഉദ്പാദനക്ഷമതയില്‍ മുന്‍പന്തിയിലെത്തണമെങ്കില്‍ ബ്രിട്ടന്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ലണ്ടന്‍: യുകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കെന്ന് വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം കടുത്ത മാന്ദ്യത്തിന്റെ പിടിയിലമുമെന്ന് വന്‍കിട നിക്ഷേപകരാണ് വിലയിരുത്തുന്നത്. 2019 തുടക്കത്തോടെ മാന്ദ്യം തുടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 56 ശതമാനം പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളും 57 ശതമാനം ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 2020ഓടെ രാജ്യത്ത് മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പങ്കുവെക്കുന്നു. 2018 ബ്രെക്‌സിറ്റ് ചര്‍ച്ചകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ വര്‍ഷമാണെന്ന് ഗ്രീന്‍ഹില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കാര്‍ലോ ബോസ്‌കോ പറയുന്നു. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നാണ്യപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടിനെ നേരിടുകയാണ്. ഉപഭോക്തൃ വിനിമയ നിരക്കും വളര്‍ച്ചാ നിരക്കും മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യൂറോപ്പിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും 2019 ആദ്യം തന്നെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ പ്രതിനിധിയും പറഞ്ഞു. 80 ഡിസ്‌ട്രെസ്ഡ് ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 50 പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ യുകെയ്ക്ക് പുറത്തുള്ളവര്‍ ബ്രെക്‌സിറ്റ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ബ്രെക്‌സിറ്റി സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍ അതിനെ രക്ഷിക്കുന്നതിന് യുകെ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്ദ്യം പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും വിലിയിരുത്തപ്പെടുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ബലമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്‌പെന്‍ഡിംഗ് വാച്ച് ഡോഗ്, ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ്. സമ്പദ് വ്യവസ്ഥ സ്ഥിരവും ശക്തവുമാണെന്ന പ്രധാനമന്ത്രി തെരേസ മേയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് മേധാവി റോബര്‍ട്ട് ചോട്ടിന്റെ പ്രസ്താവന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നും ഓട്ടം ബജറ്റ് സമയത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒരു മാന്ദ്യത്തിന് സാധ്യതയുണ്ട്. കുറച്ചു കാലത്തെ സാമ്പത്തിക വളര്‍ച്ചക്ക് ശേഷം മാന്ദ്യത്തിന്റെ കാലത്തിലൂടെ കടന്ന് പോകുന്നതാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ സ്വഭാവം. 2017ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ വരുന്നത് കുറഞ്ഞതും തിരിച്ചടിയായി. അതേസമയം മറ്റു വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ടായിരുന്നു. രാജ്യത്തിന്റെ ഉദ്പാദന വളര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന നിരക്ക് കഴിഞ്ഞ നവംബറില്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് വെട്ടിക്കുറച്ചിരുന്നു. നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന നിരക്കിലും കുറവ് വരുത്തി. ഉദ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 2017ന്റെ മൂന്നാം പാദത്തില്‍ 0.9 ശതമാനം മാത്രമായിരുന്നു മൊത്തം ഉദ്പാദന വളര്‍ച്ച.
RECENT POSTS
Copyright © . All rights reserved