European Election
യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാതെ വന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. നിരവധി പേര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടുവെന്നാണ് വിവരം. ലോക്കല്‍ കൗണ്‍സിലുകളുടെ ക്ലെറിക്കല്‍ പിഴവുകള്‍ മൂലം നിരവധിയാളുകളുടെ പേരുകള്‍ അയോഗ്യമാക്കപ്പെട്ടിരുന്നുവെന്നാണ് നിരാശരായ വോട്ടര്‍മാര്‍ അറിയിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കരുതുന്നതായി ചിലര്‍ ആരോപിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ചിലര്‍ വ്യക്തമാക്കി. ഹിതപരിശോധനയിലും ജനറല്‍ ഇലക്ഷനിലും വോട്ടു ചെയ്യാന്‍ കഴിയാതിരുന്ന ചിലര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അതില്‍ വോട്ട് നിഷേധിക്കപ്പെട്ടത് തങ്ങളെ നിശബ്ദരാക്കിയതിനു തുല്യമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. വിവേചനത്തിന്റെ വികൃത മുഖമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന് ലേബര്‍ എംപി ഡേവിഡ് ലാമി പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടവര്‍ മൂന്നു വര്‍ഷത്തോളം അപമാനിക്കപ്പെട്ടവരാണ്, ചൂഷണത്തിന് വിധേയരാക്കപ്പെട്ടവരാണ്, സ്വന്തം വീടുകളില്‍ താമസിക്കണമെങ്കില്‍ അനുവാദത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും ലാമി പറഞ്ഞു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ നടപടിയുണ്ടായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ബാരിസ്റ്റര്‍ അനേലി ഹോവാര്‍ഡ് പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടതിലൂടെ ഒന്നിലേറെ യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയനിലെ ആര്‍ട്ടിക്കിള്‍ 20 ഉള്‍പ്പെടെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ വോട്ടവകാശം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ലഭ്യമാക്കുന്ന വ്യവസ്ഥയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതായി വരുന്നുണ്ടെങ്കില്‍ അത് വിവേചനം തന്നെയാണെന്നും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അനേലി വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved