food
നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യവില കുതിച്ചുയരുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ്. ചെഡ്ഡാര്‍ ചീസിന്റെ വില 32 ശതമാനവും ബീഫിന്റെ വില 29 ശതമാനവും ഉയരുമെന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് ഗോവ് ഇക്കാര്യം സമ്മതിച്ചത്. ബിബിസിയില്‍ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഗോവ് വിലക്കയറ്റമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്. ഭക്ഷ്യവസ്തുക്കളുടെ താരിഫ് ആവശ്യപ്പെട്ട് ബിആര്‍സി ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. അതിനായി സമര്‍പ്പിച്ച വിവരങ്ങളാണ് ആന്‍ഡ്രൂ മാര്‍ ചൂണ്ടിക്കാണിച്ചത്. നോ ഡീല്‍ സംഭവിച്ചാല്‍ രാജ്യത്തെ ഭക്ഷ്യവില കുതിച്ചുയരുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്ന മറുപടിയാണ് ഗോവ് നല്‍കിയത്. മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. തക്കാളിയുടെ വില 9 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ദ്ധിക്കും. ബീഫിന് 29 ശതമാനവും ചെഡ്ഡാര്‍ ചീസിന് 32 ശതമാനവും വരെ വില ഉയരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് ചേരുന്ന വിധത്തില്‍ താരിഫുകള്‍ സജ്ജീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. ഉപഭോക്താക്കളെ സംരക്ഷിക്കാനും അതിനൊപ്പം വീടുകളില്‍ നടക്കുന്ന ഭക്ഷ്യോല്‍പാദന വ്യവസായത്തെ സംരക്ഷിക്കാനും ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്ന് ഗോവ് പറഞ്ഞു. വളരെ ദുര്‍ബലമെങ്കിലും പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ മേഖലയ്ക്ക് പുറത്തു നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരമൊരു സാഹചര്യം ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ന്നു വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പിലാകുന്നത്. യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുകയെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ലെറ്റിയൂസ് 90 ശതമാനവും തക്കാളി 80 ശതമാനവും പഴവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഉയര്‍ന്ന താരിഫും പൗണ്ടിന്റെ മൂല്യം ഇടിയുന്നതും പുതിയ പരിശോധനകളും ഇവയുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റീട്ടെയിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ലോകമെമ്പാടും കുട്ടികളില്‍ ഭക്ഷണ സാധനങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി വര്‍ദ്ധിച്ചു വരുന്നു. സെസമെ, നിലക്കടല എന്നിവയില്‍ നിന്നുണ്ടായ അലര്‍ജി മൂലം അടുത്തിടെ രണ്ട് ബ്രിട്ടീഷ് കുട്ടികള്‍ മരിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളോടുള്ള അലര്‍ജിയാണ് ഓഗസ്റ്റില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു ആറു വയസുകാരിയുടെ മരണത്തിന് കാരണമായത്. പാശ്ചാത്യ രാജ്യങ്ങളില്‍ അലര്‍ജിയുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന കഴിഞ്ഞ ദശാബ്ദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ 7 ശതമാനം കുട്ടികള്‍ ഫുഡ് അലര്‍ജിയുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ ഇത് 9 ശതമാനം വരും. യൂറോപ്പില്‍ ആകമാനം 2 ശതമാനം മുതിര്‍ന്നവര്‍ക്കും ഈ രോഗമുണ്ട്. ഭക്ഷണത്തിന്റെ ശകലങ്ങള്‍ മാത്രം മതിയാകും ഇത്തരക്കാര്‍ക്ക് അലര്‍ജി റിയാക്ഷന്‍ സൃഷ്ടിക്കാന്‍. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. അതായത് ഈ രോഗമുള്ളവരുടെ രക്ഷിതാക്കളും ബന്ധുക്കളും ഇവരെക്കുറിച്ചുള്ള ആശങ്കയില്‍ വേണം ജീവിക്കാന്‍. ഇവര്‍ക്ക് ഭക്ഷണത്തിലുണ്ടാകുന്ന വിലക്കുകള്‍ സാമൂഹ്യജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ഈ വിധത്തില്‍ അലര്‍ജി നിരക്ക് ഉയരുന്നതിന് കാരണമെന്താണെന്ന് വിശദീകരിക്കാന്‍ വ്യക്തമായി സാധിക്കില്ലെങ്കിലും ഇതിനെ നേരിടാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍. സാധാരണക്കാര്‍ക്ക് ദോഷകരമല്ലാത്ത വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി. ഇതിന്റെ ലക്ഷണങ്ങള്‍ ത്വക്ക് ചുവന്നു തടിക്കുന്നതു മുതല്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങി അനഫൈലാക്ടിക് ഷോക്ക് വരെ നീളുന്നു. കുട്ടികളില്‍ സാധാരണ മട്ടില്‍ അലര്‍ജിയുണ്ടാക്കുന്നത് പാല്‍, മുട്ട, നിലക്കടല, വാല്‍നട്ട്, ബദാം, സെസമെ, മത്സ്യം, കക്ക വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ആളുകളില്‍ ഭക്ഷണ അലര്‍ജി ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. രോഗികളുടെ ഭക്ഷണം ജീവിക്കുന്ന അന്തരീക്ഷം മുതലായ ഘടകങ്ങളും പ്രധാനമാണ്.
നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ഭക്ഷ്യവില ഉയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നറിയിപ്പ്. ഭക്ഷ്യവിലയില്‍ 12 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കമുതി ചെയ്യുന്ന ചീസിന് 44 ശതമാനം വില വര്‍ദ്ധിക്കും. ബീഫിന് 40 ശതമാനവും ചിക്കന് 22 ശതമാനവും വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം ട്രഷറി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയുടെ ശരാശരി താരിഫ് 22 ശതമാനമായിരിക്കുമെന്ന് ഒരു മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ പറയുന്നു. നോ ഡീല്‍ സാഹചര്യമാണ് ഉരുത്തിരിയുന്നതെങ്കില്‍ ലോക വ്യാപാര സംഘടനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം തുടരാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിത്തീരും. ഈ സാഹചര്യത്തില്‍ പല ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും താരിഫ് വന്‍തോതില്‍ ഉയരും. ലോക വ്യാപാര സംഘടനയുടെ ചട്ടം നടപ്പായാല്‍ ഒന്നും സംഭവിക്കില്ലെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് തലവന്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള ചരക്കു കടത്തില്‍ കാലതാമസമുണ്ടാകുമെന്നും സൂചനയുണ്ട്. ബ്രിട്ടന്റെ വിദേശനാണ്യ ശേഖരം യൂറോ ആക്കി മാറ്റിയെന്ന വിവരത്തിനു ശേഷം വരുന്ന ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇത്. യൂറോയുടെ സ്ഥിരതയാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ പ്രകാരം വിദേശനാണ്യ ശേഖരത്തില്‍ ഇപ്പോള്‍ ഡോളറിനേക്കാള്‍ യൂറോയ്ക്കാണ് പ്രാമുഖ്യമുള്ളത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമുണ്ടായ അവസ്ഥാവിശേഷമാണ് ഇത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇതെന്ന് മുന്‍ ഷാഡോ ചാന്‍സലറും പീപ്പിള്‍സ് വോട്ട് എന്ന ക്യാംപെയിന്‍ സപ്പോര്‍ട്ടറുമായ ക്രിസ് ലെസ്ലി പറയുന്നു.
കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്‍ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടുംബങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന്‍ ടേബിളുകളെ മിനി സ്‌ക്രീന്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 57 ശതമാനം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്. ഇപ്പോള്‍ 48 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന്‍ ഒരുമിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്‍ബോക്‌സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള്‍ മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള്‍ കാണുകയും അവയേപ്പറ്റി കമന്റുകള്‍ പറയുകയും ചെയ്യുന്ന ചാനല്‍ 4 റിയാലിറ്റി ഷോയാണ് ഗോഗിള്‍ബോക്‌സ്. എന്നാല്‍ ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ്‍ റെസ്‌റ്റോറന്റ് ചെയിന്‍ ഉടമയും സ്‌കൂള്‍ ഭക്ഷണ പദ്ധതിയിലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ വിന്‍സന്റ് പറയുന്നത്. ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ സാധിക്കുന്നതായി ലീഡ്‌സ് യൂണിവേഴ്‌സിറ്റി 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ടെസ്‌കോയും സെയിന്‍സ്ബറീസും വിറ്റഴിച്ച മീറ്റ് ഫ്രീ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസ ശകലങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഈ ആരോപണം അന്വേഷിക്കും. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളില്‍ പോര്‍ക്ക്, ടര്‍ക്കി എന്നിവയുടെ മാംസത്തിന്റെ അംശമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത്തരമൊരു ആരോപണമുയരാനിടയായ സാഹചര്യങ്ങളാണ് പരിശോധനാ വിധേയമാക്കുന്നതെന്ന് എഫ്എസ്എ വക്താവ് അറിയിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.. സെയിന്‍സ്ബറീസ് വിറ്റഴിച്ച വെജിറ്റേറിയന്‍ മീറ്റ്‌ബോള്‍സില്‍ പോര്‍ക്കിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ടെലഗ്രാഫ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെസ്‌കോയുടെ വെജ് മാക്കറോണിയില്‍ ടര്‍ക്കിയുടെ അംശമുണ്ടെന്നും വ്യക്തമായിരുന്നു. ഒരു ജര്‍മന്‍ ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയിലാണ് ഇവ പരിശോധനയ്ക്ക് അയച്ചതെന്നും നിരവധി സാമ്പിളുകള്‍ അയച്ചിരുന്നുവെന്നും ടെലഗ്രാഫ് അറിയിച്ചിരുന്നു. സെയിന്‍സ്ബറീസിന്റെ സ്വന്തം ബ്രാന്‍ഡായ മീറ്റ്ഫ്രീ മീറ്റ് ബോള്‍സിലും ടെസ്‌കോയുടെ വിക്കഡ് കിച്ചണ്‍ ബിബിക്യു ബട്ടര്‍നട്ട് മാക് 385 ഗ്രാം റെഡിമീലിലുമാണ് നോണ്‍വെജ് ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയത്. മാംസമോ മൃഗ ചര്‍മ്മമോ ഈ ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിന്റെ തെളിവാണ് ഈ ഡിഎന്‍എ സാന്നിധ്യമെന്ന് ലബോറട്ടറി വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു ഡിഎന്‍എ സാന്നിധ്യം പ്രകടമായില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved