france
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്‌സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.
ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
ബ്രിട്ടനില്‍ നിന്ന് യൂറോപ്പിലേക്കുള്ള റോഡ് ഗതാഗതത്തിന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ ഫ്രാന്‍സ് തടയിട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. യുകെയില്‍ നിന്ന് ഫ്രാന്‍സിലേക്ക് എത്തുന്ന ലോറികള്‍ക്കും മറ്റും കാലേയില്‍ കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ തലവന്‍ റിച്ചാര്‍ഡ് ബേര്‍നറ്റ് പറയുന്നു. ഇതു മീലം കെന്റില്‍ കടുത്ത ഗതാഗത പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ പരിശോധയുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും കസ്റ്റംസ് യൂണിയനില്‍ നിന്ന് പുറത്തു പോയാല്‍ അതിനുള്ള സാധ്യതകളുണ്ട്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റംസ് പരിശോധനകള്‍ കാലേയില്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ വാഹനങ്ങളുടെ നിര നീളുകയും കെന്റ് വരെ അതിന്റെ പ്രതിഫലനമുണ്ടാകുകയും ചെയ്‌തേക്കും. ചൊവ്വാഴ്ച പുറത്തു വന്ന ഒരു ഇംപാക്ട് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എം20 ഒരു 13 മൈല്‍ നീളുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ലോറികളുടെ നീണ്ട നിര 2023 വരെയോ ഒരു ബ്രെക്‌സിറ്റ് പരിഹാര മാര്‍ഗം കണ്ടെത്തുന്നതു വരെയോ തുടര്‍ച്ചയായി കാണാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.. നോ ഡീല്‍ സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ബ്രോക്ക് എന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിലേക്കുള്ള കടല്‍ ഗതാഗതത്തിലും യൂറോടണലിലൂടെയുള്ള ഗതാഗതത്തിലും ബ്രെക്‌സിറ്റിലെ ധാരണയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ബേര്‍നറ്റ് പറയുന്നു. ഇപ്പോള്‍ അഭയാര്‍ത്ഥി പ്രശ്‌നം മൂലം അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയേക്കാള്‍ വലിയ കാലതാമസമായിരിക്കും നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തിലുണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച പ്രഖ്യാപിച്ച നികുതി പരിഷ്‌കരണ നയങ്ങളിലാണ് ഡിജിറ്റല്‍ അസറ്റുകളിലെ നികുതി നിരക്കുകള്‍ കുറച്ചത്. ക്രിപ്‌റ്റോകറന്‍സി ട്രാന്‍സാക്ഷനുകളിലൂടെയുള്ള റവന്യൂവിലെ നികുതി നിരക്ക് 45 ശതമാനത്തില്‍ നിന്ന് 19 ശതമാനമാക്കി ചുരുക്കുകയായിരുന്നു. വരാന്‍ പോകുന്ന കൂടുതല്‍ ഇളവുകളുടെ മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച 9500 ഡോളര്‍ നിരക്കിലേക്ക് മൂല്യം എത്തിയെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി അനുകൂലികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യത്തിനാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള സംഭാവനകള്‍ നല്‍കിയതിനു ശേഷം നിരക്ക് 35 ശതമാനത്തില്‍ നിലനില്‍ക്കും. എന്നാല്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ 25 ശതമാനം കുറവാണ് ഈ നിരക്കെന്നാണ് വിലയിരുത്തുന്നത്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ ഈ നീക്കത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്‍ അടുത്തു തന്നെ ക്രിപ്‌റ്റോകറന്‍സികളില്‍ റൈഗുലേഷന്‍ നിലവില്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജര്‍മനിയും ഫ്രാന്‍സും ക്രിപ്‌റ്റോകറന്‍സിയില്‍ റെഗുലേഷനുവേണ്ടി ശ്രമിക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് ധനകാര്യമന്ത്രി ബ്രൂണോ ലെ മാരീ പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇതിനുവേണ്ടി വാദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്. അടുത്തിടെ സിറിയയിലുണ്ടായ രാസായുധാക്രമണങ്ങള്‍ക്കു ശേഷമുണ്ടായ സ്ഥിതിവിശേഷം അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഡെഫ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് സൈനികനീക്കങ്ങളും ആരംഭിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സിറിയയില്‍ ആക്രമണം ഉണ്ടായേക്കും എന്ന ധാരണയിലാണ് റഷ്യയും സിറിയയും നീങ്ങുന്നത്. റഷ്യയും അമേരിക്കയും വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഏതാക്രമണത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് റഷ്യയും മറുപടി നല്‍കിയിട്ടുണ്ട്. ഡെഫ്‌കോണ്‍ 4 പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ സേനയുടെ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രത്യക്ഷത്തില്‍ ആണവയുദ്ധത്തിന് സാധ്യതയില്ലെന്ന് വിലയിരുത്താമെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഡെഫ്‌കോണ്‍ അറിയിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റുമായോ സൈന്യവുമായോ തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഡെഫ്‌കോണ്‍ വെബ്‌സൈറ്റ് അവകാശപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുത്തു നില്‍ക്കുകയാണ്. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സംരക്ഷണവുമായി റഷ്യയും നിലകൊള്ളുന്നു. ഇത് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമായാല്‍ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved