fraud
ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു. ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്‍കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു. ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് വിലയിരുത്തല്‍. സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ബാങ്കുകളേക്കാള്‍ ഏറെ പിന്നിലാണ് ബ്രിട്ടീഷ് ബാങ്കുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് മേഖലകളില്‍ നടത്തുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളുടെ സുരക്ഷക്കൊപ്പമെത്താന്‍ യുകെയിലെ ബാങ്കിംഗ്, ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പുതിയ സുരക്ഷാ സംവിധാനങ്ങളായ ഫേഷ്യല്‍ റെക്കഗ്നീഷന്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍, ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡേറ്റ ക്യാപ്ചര്‍ തുടങ്ങിയവയേക്കുറിച്ച് സംസാരിക്കുകയും ഉപഭോക്തൃ സേവനത്തില്‍ കൂടുതല്‍ വികസനങ്ങള്‍ വരുത്തുകയും ചെയ്തു വരികയാണ്. എന്നാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ ഇപ്പോഴും ഇരുണ്ട യുഗത്തില്‍ തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ പരിശോധിക്കുന്നതില്‍ അന്താരാഷ്ട്രരംഗത്തെ എതിരാളികളില്‍ നിന്ന് വളരെ ദൂരം പിന്നിലാണ് തങ്ങളെന്ന് ബ്രിട്ടീഷ് ബാങ്കുകളില്‍ ഭൂരിപക്ഷവും പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ പോലും 84 ശതമാനം ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കും ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ പിഴവ് പരിഹരിക്കുന്നതിനായി പണം മുടക്കുന്നതിനോട് ബാങ്കുകള്‍ക്ക് താല്‍പര്യമില്ലെന്നും റിസര്‍ച്ച് വ്യക്തമാക്കുന്നു. ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളേക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ജ്ഞാനമുണ്ട്. ഫേഷ്യല്‍ റെക്കഗ്നീഷന്‍, ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡോക്യുമെന്റ് ക്യാപ്ചര്‍ തുടങ്ങിയവ വിമാനത്താവളങ്ങൡും മറ്റും ജനങ്ങള്‍ക്ക് പരിചിതമാണെന്ന് ഐഡന്റിറ്റി ഡേറ്റ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്. ജിബിജിയുടെ മാനേജിംഗ് ഡയറക്ടര്‍ മിക്ക് ഹെഗാര്‍ട്ടി പറയുന്നു. ഐഫോണ്‍ എക്‌സ് പോലെയുള്ള ഫോണുകളിലും ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ബാങ്കില്‍ ഉപഭോക്താവിന് തന്റെ ഐഡി കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി കാണിക്കേണ്ടി വരുന്നത് എത്രമാത്രം പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ചിന്തിക്കണമെന്നു മിക്ക് പറയുന്നു. ചൈന, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഉപഭോക്താക്കളുടെ ഐഡന്റിറ്റി വിഷയത്തില്‍ യുകെ ബാങ്കുകള്‍ വളരെ പിന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി സാങ്കേതിക വിദ്യകളില്‍ ബ്രിട്ടന്‍ ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ അവയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഏറെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്.
പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു. റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.
ഡെര്‍ബി: തുര്‍ക്കിയിലെ ഹോളിഡേ ആഘോഷത്തിനിടെ അസുഖം ബാധിച്ചുവെന്ന് കളവ് പറഞ്ഞ് 50,000 പൗണ്ട് ക്ലെയിം ചെയ്യാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരുടെ വ്യാജ ക്ലെയിം പൊളിച്ചത്. ഡെര്‍ബിയില്‍ താമസക്കാരായ ലിയോണ്‍ റോബര്‍ട്ട്‌സ്, ജെയ്ഡ് മുസോക്ക എന്നിവര്‍ കുട്ടിയുമൊത്ത് നടത്തിയ ഹോളിഡേ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. പൂളില്‍ രസിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ഡിന്നര്‍ കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തത് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ പിരിഞ്ഞ് ജീവിക്കുന്ന ഇവര്‍ക്ക് 26 ആഴ്ച വീതം തടവാണ് ആദ്യം നല്‍കിയത്. പിന്നീട് ഇത് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തേ നടന്ന വിചാരണയില്‍ ഇരുവരും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇവര്‍ നടത്തിയ തട്ടിപ്പ് വിജയിച്ചിരുന്നെങ്കില്‍ ഹോളിഡേ കമ്പനിയായ ടിയുഐക്ക് 50,000 പൗണ്ട് നഷ്ടമാകുമായിരുന്നെന്ന് കോടതി കണ്ടെത്തി. 2015 ജൂലൈയിലാണ് ഇവര്‍ തുര്‍ക്കിയിലെ കോര്‍ണേലിയ ഗോള്‍ഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ഒരാഴ്ച ഹോളിഡേ ആഘോഷിക്കാന്‍ എത്തിയത്. അടുത്ത ഏപ്രിലില്‍ ഇവര്‍ നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ താമസക്കാലത്ത് തങ്ങള്‍ അസുഖ ബാധിതരായെന്ന് കാട്ടിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സമയത്ത് അനാരോഗ്യത്തെക്കുറിച്ച് പരാതികളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് അവധിക്കാലം ഇവര്‍ ആസ്വദിച്ചതായാണ് വ്യക്തമാകുന്നതെന്നും കമ്പനിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ടിം ഹണ്ടര്‍ പറഞ്ഞു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഭക്ഷണത്തില്‍ നിന്ന് തങ്ങള്‍ അസുഖബാധിതരായെന്നാണ് ഇവര്‍ പറഞ്ഞത്. ഈ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇരുവരും 200 മണിക്കൂര്‍ ശമ്പളമില്ലാത്ത കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതിച്ചെലവും വിക്ടിം സര്‍ച്ചാര്‍ജുമായി 1115 പൗണ്ട് വീതം നല്‍കാനും കോടതി ഉത്തരവിട്ടു.
ലണ്ടന്‍: വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വന്‍ നിക്ഷേപത്തട്ടിപ്പ്. ഹാലിഫാക്‌സ്, വാന്‍ഗാര്‍ഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പെന്‍ഷന്‍ തുകയില്‍ നിന്ന് നിക്ഷേപങ്ങള്‍ നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ നിന്നായി ദിവസവും 5 ലക്ഷം പൗണ്ട് വരെയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പെന്‍ഷനര്‍മാരാണ ഇവരുടെ തട്ടിപ്പിന് പ്രധാനമായും വിധേയരാകുന്നതെന്ന് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും എഫ്‌സിഎ വ്യക്തമാക്കുന്നു. തട്ടിപ്പിനിരയായ ചിലര്‍ക്ക് പതിനായിരക്കണക്കിന് പൗണ്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് എഫ്‌സിഎ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തട്ടിപ്പുകാര്‍ 200 മില്യന്‍ പൗണ്ട് ഈ വിധത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ദി ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി തയ്യാറാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടര ലക്ഷത്തോളം പൗണ്ട് നഷ്ടമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 157 തട്ടിപ്പു ശ്രമങ്ങളാണ് എഫ്‌സിഎയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. 2015ല്‍ രേഖപ്പെടുത്തിയ 90 എണ്ണത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്. പ്രോപ്പര്‍ട്ടി ഷെയര്‍ പോലെയുള്ളവ പ്രമോട്ട് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. 2015ല്‍ അവതരിപ്പിച്ച പെന്‍ഷന്‍ ഫ്രീഡം പദ്ധതിയനുസരിച്ച് വന്‍തുക ഒരുമിച്ച് പിന്‍വലിക്കുന്നവരെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. ഒറിജിനല്‍ കമ്പനികളുടെ വിലാസവും രജിസ്‌ട്രേഷന്‍ നമ്പറുകളുമൊക്കെയായിരിക്കും ഇവര്‍ക്ക് നല്‍കുക. പിന്നീട് സ്വന്തം ഫോണ്‍ നമ്പറുകലും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളും ഇരകള്‍ക്ക് നല്‍കുന്നു. വെബ്‌സൈറ്റുകളില്‍ നിന്ന് ഒറിജിനല്‍ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കും. തട്ടിപ്പുകാര്‍ എഫ്‌സിഎയുടെ വ്യാജ വെബ്‌സൈറ്റ് പോലും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം. തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ കോള്‍ഡ് കോളുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനായുള്ള നിയമനിര്‍മ്മാണം ഏതു വിധത്തില്‍ ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.
RECENT POSTS
Copyright © . All rights reserved