Good Friday (
ബിനോയി ജോസഫ് "ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ... ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു"... ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി... മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം... ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം...  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു... ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്. ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്. പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്. പുത്തന്‍പാന   ദൈവമാതാവിന്റെ വ്യാകുല പ്രലാപം. അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക് ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ് സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ് ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ് മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ് തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍ പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍ ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക് എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ ബലഹീനനായ നിന്നെ വലിയൊരു കുരിശതു ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക് ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ നീ അനന്തദയയല്ലോ ചെയ്തത് പുത്രാ ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ ജറുസലേം നഗരം നീളെ നടത്തീ പുത്രാ വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍ ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന പ്രാണവേദന ആസകലം സഹിച്ചോ പുത്രാ ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട് അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ് അൻപിനോട് ധനം നേടി വച്ചിതോ പുത്രാ പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ് പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച് അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ
എല്ലാ കുര്‍ബാനയും തുടങ്ങുന്നത് ‘അന്നാ പെസഹാ തിരുനാളില്‍’ എന്ന ഗാനത്തോടെയാണ്. പെസഹായുടെ ഓര്‍മ പുതുക്കലിലാണ് ദൈവത്തിന്റെ മുന്‍പില്‍ ഓരോ ബലി അഥവാ കുര്‍ബാന ക്രൈസ്തവര്‍ അര്‍പ്പിക്കുന്നത്. കാരണം, പെസഹാ ഒരു ഓര്‍മയാണ്, ഓര്‍മ പുതുക്കലാണ്. പണ്ട് യേശുവും 12 ശിഷ്യന്മാരും ഒരുമിച്ച് കൂടി അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസം. പക്ഷേ യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ മാത്രമല്ല എനിക്ക് പെസഹാ ദിവസം നല്‍കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്കാണ് എന്റെ ഓര്‍മ പോകുന്നത്. ഈസ്റ്റിനെക്കാളും ഒരുപക്ഷേ ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്ന ദിവസം പെസഹയായിരുന്നു. കുട്ടനാട്ടിലെ പുളിങ്കുന്നു എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ ബാല്യകാലം  ഞാന്‍ മുന്‍പ് പറഞ്ഞ എന്റെ ഓര്‍മകള്‍ പായുന്ന സ്ഥലം. ഒരു സാധാരണ നെല്പാടങ്ങൾ നിറഞ്ഞ പ്രദേശം . വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കൂട്ടുകാരും ബന്ധു വീട്ടുകാരും  ഒത്തുചേരുന്ന സമയം. അന്ന് സ്‌കൂള്‍ പൂട്ടുന്നതിനു മുന്‍പ് തന്നെ അവധിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചു വയ്ക്കും. പ്രായമായ അമ്മയും (അമ്മയുടെ അമ്മയെ അങ്ങനെയാണ് ഞങ്ങള്‍ എല്ലാവരും വിളിക്കുന്നത്) അപ്പച്ചിയും (അമ്മയുടെ അച്ഛന്‍) പലതരം പലഹാരങ്ങളുണ്ടാക്കി കൊച്ചുമക്കള്‍ക്കായി കാത്തിരിക്കുകയാവും. അയല്‍വക്കത്തെ കുട്ടികളും ഞങ്ങള്‍ സഹോദരങ്ങളുമെല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും. പിന്നെ ചൂണ്ടയിടിലും കുളംവറ്റിച്ചു മീൻപിടത്തവും  പുഴയില്‍ കുളിച്ചു തിമിര്‍ത്ത് നടക്കും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് എല്ലാ വര്‍ഷവും ഈസ്റ്ററും പെസഹായുമെല്ലാം എത്തുന്നത്. അതേ സമയത്ത് മാങ്ങയും ചക്കയും കമ്പിളി നാരങ്ങയും ചാമ്പങ്ങയും എല്ലാം ഞങ്ങള്‍ക്കുവേണ്ടിയെന്നപോലെ കായ്ച്ചു ചിരിച്ചു നില്‍ക്കുന്നുണ്ടാകും. ദിവസങ്ങള്‍ പെട്ടെന്ന് കടന്ന് പോകും. അങ്ങനെ കരുത്തോല കൈയിലേന്തി ഓശാനയും കടന്നുപോകും. പിന്നെ പെസഹായ്ക്കുളള കാത്തിരിപ്പാണ്. പെസഹാ ആകുമ്പോഴേക്ക് തറവാട്ടില്‍ എല്ലാവരും എത്തും. എത്ര ദൂരെയാണെങ്കിലും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും പെസഹാ അപ്പം മുറിക്കാന്‍ മുടങ്ങാതെ വരും. പെസഹായുടെ അന്ന് രാവിലെ പളളിയില്‍ പോയാല്‍ വേഗം ചെന്ന് നടുഭാഗത്തായി ഇരിക്കാന്‍ സ്ഥലം പിടിക്കും. യേശുവിന്റെ പ്രതീകമായ അച്ഛന്‍ വന്ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി കുമ്പിട്ട് 12 ശിഷ്യന്മാര്‍ക്ക് പകരം ഇടവകയില്‍ നിന്നും തിരഞ്ഞെടുത്തവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി പള്ളിയില്‍ രണ്ടു ഭാഗമുണ്ട്. അതില്‍ പെണ്ണുങ്ങളുടെ വശത്തായിരിക്കും എപ്പോഴും തിരക്ക് കൂടുതല്‍. ആണുങ്ങള്‍ പലരും പളളിയുടെ പുറത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരായതുകൊണ്ട് അവിടെ നിന്നു കൂര്‍ബാന കൂടും. Image result for maundy-thursday-memories-christians/ പറഞ്ഞുവന്നത്, ഈ കാലുകഴുകല്‍ കാണാനാണ് സത്യത്തില്‍ ഞാന്‍ എന്നും പളളിയില്‍ ഞങ്ങളുടെ വരിയുടെ അറ്റത്ത് പോയിരിക്കുന്നത്. അച്ഛന്‍ ഏത് സോപ്പാണ് കഴുകാന്‍ എടുക്കുന്നതെന്നു പോലും കൗതുകത്തോടെ അപ്പോള്‍ ശ്രദ്ധിക്കാറുണ്ട്! കുര്‍ബാന കഴിയുമ്പോഴാണ് യേശുവിന്റെ രൂപം വഹിച്ചുകൊണ്ട് അച്ഛന്‍ ജനങ്ങളുടെ ഇടയിലേക്ക് വരുന്നത്. കുന്തിരിക്കം പുകച്ച് പൂവ് വിതറി യേശുവിന്റെ രൂപം എഴുന്നെളളിക്കുന്ന ആ സമയത്ത് വല്ലാത്തൊരു അന്തരീക്ഷമാണ്, പളളിയിലും എല്ലാവരുടെയും മനസ്സിലും. വേറെ ഒന്നും ചിന്തിക്കാതെ ആ രൂപത്തിലേക്ക് മാത്രം നോക്കി പോകുന്ന പ്രശാന്തമായൊരു അവസ്ഥ. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെയും ഞങ്ങള്‍ കളി തന്നെ. വൈകുന്നേരമാകുമ്പോഴേക്ക് അമ്മമാര്‍ അടുക്കളയില്‍ മേളം തുടങ്ങും. പെസഹായ്ക്കുളള അപ്പത്തിന് കുഴയ്ക്കലാണ്. പുളിപ്പില്ലാത്ത അപ്പമാണ് ഉണ്ടാക്കേണ്ടത്. കുരിശപ്പം എന്നു വിളിക്കുന്ന അപ്പത്തിന് നടുവിലായി കുരുത്തോല കൊണ്ട് ഒരു ചെറിയ കുരുശുണ്ടാക്കി വയ്ക്കും. കുരുത്തോല കൊണ്ട് കുരിശുണ്ടാക്കുന്ന ഞങ്ങളുടെ ചിറ്റപ്പന് ചുറ്റും അതു കാണാനായി ഞങ്ങള്‍ ഈച്ച പൊതിയുംപോലെ നില്‍ക്കും. ഇത് അപ്പത്തിന് നടുവില്‍ വച്ച് ആവിയില്‍ പുഴുങ്ങി എടുക്കുകയാണ് ചെയ്യുന്നത്. പിന്നെ അടുത്തത് ഇന്‍ട്രിയപ്പമാണ്. വാഴയിലയില്‍ ഉണ്ടാക്കുന്ന വേറെയൊരു പുളിപ്പില്ലാത്ത അപ്പം. വാഴയിലയില്‍ പരത്തി മടക്കിവച്ച് അതും ആവിയില്‍ പുഴുങ്ങിയെടുക്കും. പിന്നെ പെസഹായ്ക്കുളള പാലാണ് ഉണ്ടാക്കുന്നത്. പക്ഷേ അത് അപ്പം മുറിക്കുന്നതിന് കുറച്ച് മുന്‍പ് മാത്രമേ ഉണ്ടാക്കാന്‍ പാടുളളൂ. തേങ്ങാപാലും ശര്‍ക്കരയും പഴവും എല്ലാം ചേര്‍ത്തുളള പെസഹാ പാലാണ് ഞങ്ങളുടെയെല്ലാം ഫേവറൈറ്റ്. വൈകിട്ട് കൃത്യം ആറര ആകുമ്പോള്‍ വീട്ടില്‍ എല്ലാവരും എത്തണമെന്ന് അപ്പച്ചിക്ക് നിര്‍ബന്ധമാണ്, സന്ധ്യാ പ്രാര്‍ഥനയ്ക്കായി. അതുകഴിഞ്ഞാണ് പെസഹാ അപ്പം മുറിക്കല്‍. കൊന്ത ചെല്ലുമ്പോള്‍ ഓരോ രഹസ്യങ്ങളും (പ്രാര്‍ഥനയിലെ ഒരു ഭാഗം) വീട്ടിലെ ഓരോരുത്തര്‍ ചെല്ലുകയാണ് പതിവ്. പക്ഷേ ആകെ അഞ്ചു രഹസ്യമേ ഉളളൂ. അപ്പോള്‍ ഞങ്ങള്‍ ഇത്രയും പിള്ളേര്‍ എങ്ങനെ ചൊല്ലും? അതിന് ഞങ്ങള്‍ രണ്ടും മൂന്നും പേര്‍ ഒന്നിച്ച് ഒരെണ്ണം ചൊല്ലും. പ്രാർഥന കഴിഞ്ഞ് ബൈബിള്‍ വായനയാണ്. അതിനു ശേഷം കുരിശിന്റെ വഴി ചൊല്ലും. യേശുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മയില്‍ സഹിച്ച ത്യാഗങ്ങളിലൂടെ പതിനാല് സ്ഥലങ്ങളായി (സംഭവങ്ങള്‍) തിരിച്ച് ചൊല്ലുന്ന പ്രാര്‍ഥന. പ്രാര്‍ഥനയുടെ കൂടെ ആബേലച്ചന്‍ എഴുതിയ വരികള്‍ പാടുമ്പോള്‍ പലപ്പോഴും നമ്മളും ആ വഴികളിലെ ചോരപ്പാടുകള്‍ കണ്ടതായി തോന്നും. അച്ഛന്റെ കുരിശിന്റെ വഴിയുടെ അത്രയും മനസ്സിൽ തട്ടിയ മറ്റൊന്നും ഇല്ല , സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ താഴോട്ട് സ്തുതി ചെല്ലണം. പെസഹാ ദിവസം കുരിശു വരയ്ക്കല്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ കൂട്ടിയിടിയാണ്. കാരണം വീട്ടില്‍ ഒരു 30 പേരോളം ഉണ്ടാകും, മക്കളും മരുമക്കളും പേരക്കുട്ടികളുമായി. ഇവരെല്ലാം പരസ്പരം സ്തുതി കൊടുക്കുന്നത് രസമുളള കാഴ്ചയാണ്. Image result for maundy-thursday-memories-in kerala ഞങ്ങള്‍ കുട്ടികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. ഇവരിലാരാണ് മൂത്തതെന്നാകും അപ്പോള്‍ കണ്‍ഫ്യൂഷന്‍. പിന്നെ അതെല്ലാം കണ്ടുപിടിച്ച് എന്നേക്കാളും മൂത്തയാള്‍ക്കുവരെ ഞാന്‍ അങ്ങോട്ട് ചെന്ന് സ്തുതി നല്‍കണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കു താഴെ രണ്ടു പേര്‍ മാത്രമേ അവിടെയുളളൂ! ഞങ്ങള്‍ സ്തുതി കൊടുത്ത് കഴിയാറാകുമ്പോഴേക്ക് അമ്മമാര്‍ പെസഹായ്ക്കുളള പാല്‍ ഒരുക്കാന്‍ തുടങ്ങും. അതുണ്ടാക്കുന്നതു കാണുമ്പോഴേക്കും വായില്‍ കപ്പലോടും. പക്ഷേ അങ്ങനെ പറയരുതെന്ന് അമ്മയുടെ അമ്മ പറഞ്ഞിട്ടുണ്ട്. രുചി പോകുമത്രേ. പക്ഷേ ഇന്നും എത്രയാലോചിച്ചിട്ടും അതിന്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. പാല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ അതിലും കുരുത്തോല കൊണ്ട് ഒരു കുരിശുണ്ടാക്കി ഇടും. അതിനൊരു രസകരമായ കാര്യവുമുണ്ട്. പാല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഉടനേ അപ്പം മുറിക്കാന്‍ എല്ലാവരും ഇരിക്കും. മേശപ്പുറത്ത് കുരിശപ്പം, ഇന്‍ട്രിയപ്പം, പെസഹാ പാല്‍, ചെറുപഴം, ബ്രെഡ്, പാല്‍ വിളമ്പാനുളള ഗ്ലാസ് എന്നിവ നിരത്തി വയ്ക്കും. ഞങ്ങളെല്ലാം പായിലും മൂത്തവരെല്ലാം കസേരയിലുമായി ഇരിക്കും. വീട്ടിലെ കാരണവര്‍, അതായത് അപ്പച്ചി പ്രാര്‍ഥിച്ച് കുരിശപ്പം മുറിക്കും. അതിന്റെ ആദ്യ കഷ്ണം വീട്ടിലെ പിന്നെ ഏറ്റവും മൂത്തയാള്‍ക്കുളളതാണ്. അമ്മ അത് വാങ്ങിച്ചു കഴിഞ്ഞാല്‍ പിന്നെ വരിവരിയായി മൂപ്പനുസരിച്ച് കുരിശപ്പവും ഇന്‍ട്രിയപ്പവും പാലും നല്‍കും.   ഇനി ആ പെസഹാ പാലിലെ കുരിശിന്റെ കാര്യം പറയാം. പാല്‍ കുടിക്കുമ്പോള്‍ ആരുടെ ഗ്ലാസിലാണോ ആ കുരിശ് കിട്ടുന്നത് അവനെ/അവളെ യേശുവിനെ ഒറ്റിയ യൂദാസായി പ്രഖ്യാപിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് കളിയാക്കാനുളള അവസരവും. ഇതെല്ലാം ഇതിനിടയില്‍ വെറുതേ ഒന്നു ചിരിക്കാനുളള അവസരമാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ജോലിയും തിരക്കുകളുമായി എല്ലാവരും നഗരത്തിലേക്ക് ചേക്കേറി. പെസഹായ്ക്ക് 30 പേര്‍ ഒത്തുകൂടിയയിടത്ത് മൂന്നോ നാലോ പേര്‍ മാത്രമാകുമ്പോള്‍ നഷ്ടപ്പെടലിന്റെ ഓര്‍മ കൂടിയാണ് ഇന്ന് പെസഹ. എന്നാലും അമ്പത് ദിവസത്തെ നോമ്പില്‍ തുടങ്ങുന്ന ഒരുക്കത്തിന്റെ സന്തോഷം ഒരു പെസഹായ്ക്കും നഷ്ടപ്പെടുന്നില്ല എന്ന ആശ്വാസം മാത്രമാണ് ബാക്കി.
RECENT POSTS
Copyright © . All rights reserved