Gun
ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും. മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി. ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.
വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാറ്റ്‌ന: വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര്‍ എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടിലിരുന്ന് കാമുകിയുമായി സംസാരിക്കുകയായിരുന്ന ആകാശ് തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി വിലക്കിയതോടെ ആകാശ് ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കരുതുന്നത്. പിന്നീട് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ ഇയാളെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അഭ്യൂഹവും പരക്കുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved