Headteacher
ഇംഗ്ലണ്ടിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്ടീച്ചര്‍ എന്ന് അറിയപ്പെടുന്ന ആലിസണ്‍ കോള്‍വെല്‍ യുകെ വിടുന്നു. മല്ലോര്‍ക്കയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ തലപ്പത്തേക്കാണ് ഇവര്‍ പോകുന്നത്. സ്വാന്‍കോംബിലെ എബ്ബ്‌സ്ഫ്‌ളീറ്റ് അക്കാഡമിയുടെ പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ചെത്തിയ 20 വിദ്യാര്‍ത്ഥിനികളെ തിരികെ വീടുകളിലേക്ക് അയച്ചാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടികള്‍ 'തുട കാട്ടി' നടക്കുന്നു എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. കര്‍ക്കശ നിലപാടുകളുടെ പേരില്‍ രക്ഷിതാക്കളുമായി നിരന്തരം കലഹത്തിലായിരുന്ന കോള്‍വെലിന് ഭീഷണികളും അധിക്ഷേപങ്ങളും പതിവായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ന്യൂനപക്ഷത്തിന്റെ ശ്രമഫലമായി താന്‍ പുറത്താക്കപ്പെടുകയല്ലെന്ന് കോള്‍വെല്‍ പറഞ്ഞു. താന്‍ കുട്ടികളുടെ ഭാവി മികച്ചതാക്കാനായിരുന്നു പരിശ്രമിച്ചത്. മോശം പെരുമാറ്റത്തോടായിരുന്നു താന്‍ അസഹിഷ്ണുത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി. താന്‍ പുറത്തു പോകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടാകും. അധ്യാപകരോട് അപമര്യാദയായി പെരുമാറുന്ന രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ബഹളമുണ്ടാക്കിയ രക്ഷിതാക്കളെ പുറത്താക്കാന്‍ പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന നിബന്ധനയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഫെയിസ്ബുക്ക് കമ്യൂണിറ്റിയില്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവെന്നും 700 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിനെ കോള്‍ഡിറ്റ്‌സ് അക്കാഡമിയെന്ന് ചിലര്‍ പരിഹസിച്ചുവെന്നും അവര്‍ പറഞ്ഞു. രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചുമതലയേറ്റ് ആദ്യ വര്‍ഷം റിസപ്ഷനില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഒരു രക്ഷിതാവ് തന്നെ അസഭ്യം പറഞ്ഞത് കോള്‍വെല്‍ ഓര്‍ത്തെടുത്തു. കുട്ടികള്‍ രാത്രി 9.30ന് ഉറങ്ങണമെന്നും കാലത്ത് 6 മണിക്കു തന്നെ ഉണരണമെന്നുമായിരുന്നു കോള്‍വെലിന്റെ ചട്ടം. മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. കുട്ടികളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ അടുന്ന അവധി ദിവസം വരെ അത് പിടിച്ചുവെക്കും. പെണ്‍കുട്ടികളുടെ യൂണിഫോമില്‍ സ്‌കേര്‍ട്ടുകള്‍ മുട്ടില്‍ നിന്ന് 5 സെന്റീമീറ്ററില്‍ കൂടൂതല്‍ നീളം കുറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അമിതമായി മെയ്ക്ക് അപ് ചെയ്യുന്നവര്‍ക്ക് അവ തുടക്കാന്‍ വൈപ്പുകള്‍ നല്‍കുമായിരുന്നു. കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ മറക്കുന്ന കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു നിര്‍ത്തുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വെച്ച സംഭവങ്ങളില്‍ സ്‌കൂളിനെതിരെ മോഷണക്കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി. 2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു. സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു. ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
വിദേശത്ത് ഹോളിഡേ ആഘോഷിക്കാന്‍ സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഹെഡ്ടീച്ചര്‍ക്ക് അധ്യാപനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ തോറാബിയില്‍ പ്രവര്‍ത്തിക്കുന്ന ബെയ്ഡര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന സൈമണ്‍ ഫീസിക്കാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനിശ്ചിതകാലത്തേക്ക് അധ്യാപന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടുംബവുമൊത്ത് വിനോദസഞ്ചാരം നടത്താനാണ് ഫീസി സ്‌കൂള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത്. കുടുംബവുമൊത്ത് ലോകംചുറ്റുന്നതിനായി സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ധാര്‍മ്മികതയില്ലാത്ത പ്രവൃത്തിയാണ് ഫീസി ചെയ്തതെന്ന് ടീസൈഡ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്നും മോഷണക്കുറ്റത്തിന് പുറത്താക്കപ്പെടുകയും അക്രമ സ്വഭാവമുള്ളതുമായ ഒരാളെ ബെയ്ഡര്‍ പബ്ലിക് സ്‌കൂളില്‍ ഫീസി ജോലിക്ക് നിയമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫീസി സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് ജൂലൈയില്‍ ഇയാള്‍ ജോലിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ദുരൂഹമായി തുടരുകയായിരുന്നു. നാഷണല്‍ കോളേജ് ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ പിടികൂടിയത്. 2015 ഒക്ടോബറില്‍ ഇയാള്‍ നടത്തിയ നിയമനം യാതൊരു സുരക്ഷാ പരിഗണനകളും ഇല്ലാതെയായിരുന്നുവെന്നും നിയമിക്കപ്പെട്ടയാളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ലെന്നും വ്യക്തമായി. ഡിബിഎസ് പരിശോധന നടത്തണമെന്ന് ഫീസിക്ക് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും അത് നടത്തിയില്ല. ഡിബിഎസ് ഫലം ലഭ്യമായിട്ടും നിയമിക്കപ്പെട്ടയാള്‍ മാസങ്ങളോളം സ്ഥാനത്ത് തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഫീസി വരുത്തിയ വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നുവെന്നാണ് വിലയിരുത്തലുണ്ടായത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം കൂടാതെ സ്‌കൂള്‍ ട്രിപ്പുകള്‍ക്ക് മുമ്പായി ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചിലയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. 2014 ജൂലൈയില്‍ 1900 പൗണ്ടോളമാണ് ഇയാള്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കുടുംബ ട്രിപ്പിനായി ഉപയോഗിച്ചത്. 2014 സെപ്റ്റംബറില്‍ ആംസ്റ്റര്‍ഡാമിലേക്കുള്ള സ്‌കൂള്‍ ട്രിപ്പിനു മുന്നോടിയായി രണ്ട് അധ്യാപകര്‍ റിസ്‌ക് അസസ്‌മെന്റ് യാത്ര നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം ഇതേ പേരില്‍ ഫീസിയും കുടുംബവും ആംസ്റ്റര്‍ഡാമിലേക്ക് പോയിരുന്നുവെന്നും വ്യക്തമായി.
കുട്ടികള്‍ക്ക് ടേം ടൈം ഹോളിഡേ അവതരിപ്പിച്ച് ഹെഡ്ടീച്ചര്‍. എന്‍ റിച്ച്‌മെന്റ് വീക്ക് എന്ന പേരിലാണ് പുതിയ ടേം ടൈം ഹോളിഡേ അവതരിപ്പിച്ചിരിക്കുന്നത്. എസെക്‌സിലെ വുഡ്‌ലാന്‍ഡ്‌സ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സൈമണ്‍ കോക്‌സാണ് ഇത് അവതരിപ്പിച്ചത്. ഇതനുസരിച്ച് 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് യാത്രക്കള്‍ക്കും മറ്റുമായി കൊണ്ടുപോകാം. ടേം ടൈമില്‍ ഹോളിഡേകള്‍ക്കും മറ്റുമായി കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു അവധി നല്‍കാന്‍ കോക്‌സ് തീരുമാനിച്ചത്. 2019 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍ എന്റിച്ച്‌മെന്റ് ഹോളിഡേ ആയിരിക്കുമെന്ന് രക്ഷിതാക്കള്‍ക്കുള്ള കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം കള്‍ച്ചറല്‍, സോഷ്യല്‍, മോറല്‍ ട്രിപ്പുകള്‍ നടത്താമെന്ന് അദ്ദേഹം പറയുന്നു. വിദേശത്തേക്കുള്ള ട്രിപ്പുകളും ഇക്കാലയളവില്‍ നടത്താം. ഇവയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കുകയുമാകാം. കുട്ടികളെ ഈ അവധിക്കായി കൊണ്ടുപോകുന്നതിനു മുമ്പായി രക്ഷിതാക്കള്‍ ഒരു അവധിയപേക്ഷ നല്‍കേണ്ടതുണ്ട്. 92 ശതമാനം അറ്റന്‍ഡന്‍സുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ അവധി ലഭിക്കുകയുള്ളു. അല്ലെങ്കില്‍ മുമ്പുണ്ടായിട്ടുള്ള ആബ്‌സന്‍സുകള്‍ക്ക് മെഡിക്കല്‍ കാരണങ്ങള്‍ ബോധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved