High Court
ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. 21 തവണ കത്തിയുപയോഗിച്ച് കുത്തിയും ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചുമായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ദേവേന്ദ്രദാസ് എന്നയാള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്. കീഴ്ക്കോടതിയിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി. 2012 ഒക്ടോബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ ദേവേന്ദ്ര ദാസ് ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് അവരെ കുത്തിക്കൊല്ലുകയുമായിരുന്നു. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. തലയ്‌ക്കേറ്റ ശക്തമായ അടിയുടെ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ രീതിയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ കോടതി ഇതിനെ മനപൂര്‍വമല്ലാത്ത നരഹത്യയായി കണക്കാക്കാനാവില്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദവും കോടതി തള്ളുകയായിരുന്നു
ലണ്ടന്‍: ജനന സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുവാദം. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പശ്ചാത്തലത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 11 മാസം പ്രായമുള്ള ഇസയ്യാ ഹാസ്ട്രപ്പ് എന്ന ആണ്‍കുട്ടിയാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഇന്റന്‍സീവ് കെയറില്‍ കഴിയുന്നത്. ഈ രീതിയില്‍ ചികിത്സ തുടരുന്നത് പ്രയോജനം ചെയ്യില്ലെന്നും കുട്ടിയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനും ഉപകരണങ്ങള്‍ നീക്കം ചെയ്യാനും കോടതി വിധിച്ചു. ചികിത്സ തുടരുന്നത് ശരിയാവില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നതെന്നും വേദനയോടെയാണെങ്കിലും ഇതാണ് തന്റെ വിധി പ്രസ്താവമെന്ന് ജസ്റ്റിസ് മക്‌ഡൊണാള്‍ഡ് വിധിച്ചു. കുട്ടിക്ക് ചികിത്സ തുടരാനായി അമ്മ തകേഷ തോമസും പിതാവ് ലാനര്‍ ഹാസ്ട്രപ്പുമാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ലണ്ടനിലെ ഫാമിലി ഡിവിഷന്‍ നടത്തിയ വിശകലനത്തിനു ശേഷ തിങ്കളാഴ്ചയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. കുട്ടി ജനിച്ചതു തന്നെ വളരെ ഗുരുതരമായ വൈകല്യവുമായിട്ടായിരുന്നുവെന്ന് കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ഫിയോണ പാറ്റേഴ്‌സണ്‍ കോടതിയെ അറിയിച്ചു. ജനനസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിനുണ്ടായ തകരാറാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് സ്വയം ശ്വസിക്കാനുള്ള കഴിവു പോലുമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അസാധാരണമായ സാഹചര്യങ്ങളാല്‍ നല്‍കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.
RECENT POSTS
Copyright © . All rights reserved